Advertisment

ഗ്രൂപ്പിന്റെ തീച്ചൂളയിലെ സന്തതിയായ താങ്കൾക്ക് ഗ്രൂപ്പ് പോരാട്ടത്തെ എതിർക്കാൻ ധാർമ്മികമായ അവകാശമുണ്ടോ?വി.എം സുധീരനെ വിമർശിച്ച് കോൺഗ്രസ് നേതാവ്

author-image
admin
Updated On
New Update

മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരനെ രൂക്ഷമായി വിമർശിച്ച് കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് തൊടിയൂർ രാമചന്ദ്രൻ.മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും കരുനാഗപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനുമായ ഇദ്ദേഹം എഴുതിയ കത്തിൽ ആണ് വി.എം സുധീരനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.

Advertisment

publive-image

കത്തിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട വി എം സുധീരന് ,

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ യു.ഡി എഫിനുണ്ടായ പരാജയത്തെക്കുറിച്ച് അങ്ങയുടെ പ്രതികരണം മാധ്യമങ്ങളിൽ കാണുകയുണ്ടായി.പാർട്ടിയിലെ ഗ്രൂപ്പിസവും സംഘടനാ ദൗർബല്യവും പരാജയത്തിന് കാരണമായതായും തോൽവിയുടെ ഉത്തരവാദിത്വം ഗ്രൂപ്പ് മാനേജർമാരുടെ (ആരെയൊക്കയാണ് അങ്ങനെ വിളിക്കുന്നതെന്ന് എല്ലാവർക്കും അറിയാം) തലയിൽ കെട്ടിവെയ്ക്കാനുള്ള വ്യഗ്രത പ്രസ്താവനയിൽ തെളിഞ്ഞുകാണുന്നത്.

രണ്ട് വർഷം മുമ്പ് കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 5 വർഷം ജനകീയ ഭരണം നടത്തിയ ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനെ ജനങ്ങൾ തോൽപ്പിച്ചു.84 സീറ്റിൽ മത്സരിച്ച കൊൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത് കേവലം 22 സീറ്റിൽ മാത്രം. 62 സീറ്റിൽ തോറ്റു. അന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന അങ്ങായിരുന്നു പരാജയത്തിന് ഉത്തരവാദിയെന്ന് പറഞ്ഞാൽ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാവില്ല.

ഒരു പാർട്ടിയെ തിരഞ്ഞെടുപ്പിൽ നയിക്കുന്ന നായകൻ തന്റെ പാർട്ടിക്കാരായ സ്ഥാനാർഥികൾ കള്ളന്മാരും കൊള്ളക്കാരും തീവെട്ടിക്കൊള്ളക്കാരുമാണെന്ന് ജനങ്ങളോട് വിളിച്ചു പറഞ്ഞത് ഞെട്ടലോടെയാണ് ജനാധിപത്യ സാംസ്കാരിക കേരളം കേട്ടത്.മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്നു ഇങ്ങനെ പറഞ്ഞതെങ്കിൽ ആ സ്ഥാനത്ത് ഒരു നിമിഷം കാണില്ലായിരുന്നു.തിക്താനുഭവം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.

84ൽ 62 കോൺഗ്രസുകാരും തോറ്റപ്പോൾ ഒരു കുറ്റബോധവും അങ്ങേയ്ക്ക് ഉണ്ടായില്ല. അഭിമാനം ഉണ്ടായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചില്ലെങ്കിലും രാജി സന്നദ്ധത അറിയിക്കുക എങ്കിലും ആകാമായിരുന്നു. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിനുണ്ടായ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം വി.എം സുധീരന് മാത്രമാണെന്ന് പറഞ്ഞാൽ പാർട്ടിയെ സ്നേഹിക്കുന്ന എല്ലാ കോൺഗ്രസുകാരും നിസ്സംശയം അത് അംഗീകരിക്കും.

അങ്ങ് ഓർക്കുക:ഒരക്കത്തിന്റെ ഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് ആയി രമേശ് ചെന്നിത്തലയും പ്രവർത്തിച്ചപ്പോൾ രണ്ടര വർഷക്കാലം ക്ഷേമപ്രവർത്തനങ്ങളുടെയും വികസനപ്രവർത്തനങ്ങളുടെയും (കരുതലും വികസനവും മുദ്രാവാക്യം) നാളുകളായിരുന്നു.

ജനസമ്പർക്ക പരിപാടിയുടെ ലോക ശ്രദ്ധ ആകർഷിക്കുകയും യു.എൻ പോലും അംഗീകരിച്ച ജനകീയ മുഖ്യമന്ത്രിയെന്ന പട്ടം ഉമ്മൻചാണ്ടിക്ക് ലഭിച്ചു. ജനങ്ങളാകെ ഒരേ സ്വരത്തിൽ പറയാൻ തുടങ്ങി തുടർഭരണം വരുമെന്ന് പ്രതിപക്ഷം നടത്തിയ എല്ലാ വെല്ലുവിളികളെയും സമരഭാസങ്ങളെയും ജനങ്ങൾക്കൊപ്പം അവർക്കുവേണ്ടി പ്രവർത്തിച്ചും ഉമ്മൻചാണ്ടി വിജയക്കൊടി പാറിച്ചു മുന്നേറി.

കെ.പി.സി.സി പ്രസിഡന്റ് ആയി അങ്ങ് ചുമതലയേൽക്കുന്നത് മുതൽ കോൺഗ്രസിനും ഗവൺമെന്റിനും പുത്തനുണർവ്വുണ്ടാകുമെന്ന് കരുതിയവരെല്ലാം പൂർണ്ണമായും നിരാശയിലാക്കുന്ന പ്രവർത്തനങ്ങളാണ് പ്രസിഡന്റ് എന്ന നിലയിൽ അങ്ങയിൽ നിന്നുണ്ടായത്. പ്രതിപക്ഷ നേതാവിനെപ്പോലും തോല്പിക്കും വിധം യു.ഡി. എഫ് ഗവണ്മെന്റിനെതിരായി പ്രവർത്തിച്ചു.

വി.എം അങ്ങ് ഓർക്കുക ഗ്രൂപ്പിന്റെ തീച്ചൂളയിലെ സന്തതിയാണ് അങ്ങെന്ന്.കഴിഞ്ഞ കാലം മറക്കരുത്,ഗ്രൂപ്പ് പോരാട്ടത്തെ എതിർക്കാൻ അങ്ങേയ്ക്ക് ധാർമ്മികമായ അവകാശമുണ്ടോ?ഗ്രൂപ്പ് മാനേജർമാരെന്ന് പറഞ്ഞ് ജനവികാരം അറിഞ്ഞ് അവർക്കായി 24 മണിക്കൂറും ജനസേവനം നടത്തുന്ന ഉമ്മൻചാണ്ടിക്ക് ചേരുന്നതല്ല ഗ്രൂപ്പ് മാനേജർ എന്ന അങ്ങയുടെ വിശേഷണം.

കെ.പി.സി.സി പ്രസിഡന്റായി വന്നതിനുശേഷം സംഘടനയെ ദുർബലപ്പെടുത്തുന്ന പരിഷ്‌കാരങ്ങൾ കോൺഗ്രസിന്റെ ഭരണഘടന കാറ്റിൽ പറത്തി നടപ്പാക്കിയത് അങ്ങല്ലേ? പ്രസിഡന്റായി വരുന്നതിന് മുമ്പ് 30,35 ഓരോ ഡി.സി.സി കളിലും ഉണ്ടായിരുന്ന ഭാരവാഹികളെ നോക്കി ജംബോ കമ്മറ്റിയെന്ന് വിളിച്ചാക്ഷേപിച്ച അങ്ങ് ചെയ്‌ത നടപടി വിചിത്രം തന്നെ.

10 വർഷം ഡി.സി.സി ഭാരവാഹികൾ ആയിരുന്നവരെ മാറ്റിയപ്പോൾ അങ്ങേയ്ക്ക് ചുറ്റും 20 വർഷത്തിലധികമായി കെ.പി.സി.സി ഭാരവാഹികലായി ഉണ്ടായിരുന്നവർക്ക് വി.എം ന്റെ കണക്കിൽ മറ്റൊരു നീതി. ജംബോ കമ്മറ്റിയെ ആക്ഷേപിച്ച വി.എം 80 ന് മുകളിൽ 125 വരെയുള്ള എണ്ണത്തിൽ ഡി.സി.സി പുനഃസംഘടന നടത്തി. ഇതിന് ശ്രമിച്ചത്‌ പാർശ്വവർത്തികളായവരെ ഉൾപ്പെടുത്തി അങ്ങയുടെ ചുറ്റും ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന് വേണ്ടി ആയിരുന്നില്ലേ? ഒരു വലിയ നിരയെ വഴിയാധാരമാക്കി.

അവർ എവിടെയാണെന്ന് അന്വേഷിക്കാൻ അങ്ങേയ്ക്ക് മനസാക്ഷി ഉണ്ടായില്ല.പാർട്ടി പ്രവർത്തകർ കഷ്ടപ്പെട്ട് പിരിച്ച പാർട്ടി ഫണ്ട് ഇഷ്ടം പോലെ എഴുതിക്കൊടുത്ത് നശിപ്പിച്ചെന്നാണ് പറഞ്ഞുകേൾക്കുന്നത്.നിഷയുടെ അമ്മയ്ക്ക് വരെ 15 ലക്ഷം നൽകി,അങ്ങനെ പലർക്കും.ഏത് ഫോറത്തിൽ ആലോചിച്ചാണ് ഇതെല്ലാം ചെയ്തത്.കെ.പി.സി.സി ഖജനാവ് കാലിയായപ്പോൾ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ നിർവ്വാഹമില്ലാതെയാണ് ഒഴിയേണ്ടി വന്നതെന്ന് പറഞ്ഞുകേൾക്കുന്നു.

കോൺഗ്രസിന് കാശുമില്ല, വോട്ടുമില്ലാത്ത അവസ്‌ഥ ഉണ്ടാക്കിയത് അങ്ങയുടെ പ്രവർത്തന ഫലമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. സ്വന്തം വാർഡിൽ മത്സരിച്ച് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടവരെ സ്ഥാനാർത്ഥിയാക്കാൻ വാശി പിടിച്ചു. ഇതിന്റെ പേരും ഗ്രൂപ്പെന്നാണ്.അങ്ങ് ഗ്രൂപ്പിന് അധീതനല്ല.ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിക്കാൻ ശ്രമിച്ച് വിജയിച്ചതിന്റെ ആഘോഷം മതിയാക്കി ഇനിയെങ്കിലും കോൺഗ്രസിനെയും യു.ഡി.എഫിനെയും രക്ഷിക്കണേയെന്ന് അപേക്ഷിക്കുന്നു.

25 വർഷം പാർലമെന്ററിയനെന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയതിനാൽ ഇനി മത്സരത്തിനില്ലെന്നും, പുതിയ തലമുറയ്ക്കായി വഴി മാറുന്നതായി ആലപ്പുഴയിലും തിരുവനന്തപുരത്തും വ്യത്യസ്ത പത്രസമ്മേളനങ്ങളിൽ പറഞ്ഞത് അങ്ങ് മറന്നുപോയോ? പതത്തിൽ വന്ന വാർത്തയുടെ മഷി ഉണങ്ങുന്നതിന് മുമ്പ് ആലപ്പുഴയിൽ മത്സരിക്കുകയും ജനങ്ങൾ തിരസ്കരിച്ചതും, പറയുന്ന വാക്കും പ്രവർത്തിയുമായി ഈ ആദർശമുഖത്തിന് ശുദ്ധിയും ബന്ധവുമില്ലെന്ന ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും തിരിച്ചറിവാണ്.

അങ്ങ് കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ ഫണ്ട് പിരിവിനായി കരുനാഗപ്പള്ളിയിലെത്തിയപ്പോൾ സ്വാഗതം പറഞ്ഞത് ഞാനായിരുന്നു. അങ്ങയ്ക്ക് ഞാനൊരു വിശേഷണം നാൽകി 'സൂര്യതേജസ്സെന്ന്'.അതിനെ ചാനലുകൾ എന്നെ കളിയാക്കി.അത് എത്രയോ അർത്ഥശൂന്യമായിപ്പോയെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.

ഇപ്പോൾ നടത്തുന്ന വിപ്ലവം അങ്ങയെ വളർത്തി വലുതാക്കിയ പാർട്ടിയെ ശിക്ഷിക്കാനും സ്വയം കുഴിതോണ്ടാനും മാത്രമേ ഉപകരിക്കൂവെന്ന് വിനയപൂർവ്വം ഓർമ്മിപ്പിച്ചുകൊണ്ട്-മീഡിയകളെ ആശ്രയിച്ചുള്ള ഇത്തരം പ്രകടനങ്ങൾ ശാശ്വതമല്ലെന്ന്‌ സൂചിപ്പിച്ചുകൊണ്ട് നിർത്തട്ടെ.

Advertisment