Advertisment

ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റിയില്ലങ്കിൽ ഒരയ്യപ്പനും കയറണ്ടന്നാണോ?

author-image
സുഭാഷ് ടി ആര്‍
Updated On
New Update

തുലാമാസ പൂജ ആരംഭിച്ച ദിവസം മുതൽ ശബരിമല വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിയ്ക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ സുപ്രധാനമായ ആ വിധി നടപ്പാക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ തിടുക്കം കാട്ടി.

Advertisment

വേണ്ടത്ര കൂടിയാലോചനകളോ യുവതികൾ ശബരിമലയിൽ എത്തിയാലുണ്ടാവുന്ന അനന്തരഫലങ്ങളോ സർക്കാരിന്റെ ഉപദേശകർ മുഖവിലയ്ക്കെടുക്കാഞ്ഞതാണ് ശബരിമലയിലെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് ആർക്കും മനസ്സിലാക്കാൻ പ്രയാസമില്ല.

publive-image

പിണറായി സർക്കാർ ഹിന്ദു വിരുദ്ധ സർക്കാർ ആണന്ന് ജനം വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. അത്രമാത്രം വെല്ലുവിളികൾ ആണ് വളരെ പരസ്യമായി അയ്യപ്പഭക്തരോട് ചെയ്തു വരുന്നത്.

ഹിന്ദുക്കളെ ചിതറിയ്ക്കാനും മറ്റ് സമുദായങ്ങളിൽ ഹിന്ദു വിരുദ്ധ മനോഭാവം സൃഷ്ടിക്കാനുമാണ് അതിഗൂഢമായ, മാരകമായ വിഷം വമിപ്പിയ്ക്കുന്ന" വർഗ്ഗീയത തുലയട്ടെ " എന്ന മുദ്രാവാക്യം എടുത്തെറിയുന്നത്. അതും പോരാഞ്ഞ് അവർണ സവർണ കാർഡും കാണിയ്ക്കുന്നു.

എന്നാൽ കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ ആ മുദ്രാവാക്യം അറബിക്കടലിലേയ്ക്ക് തൊഴിച്ച് തെറിപ്പിയ്ക്കുകയും ചെയ്തുകൊണ്ടേ ഇരിയ്ക്കുന്നു. അവരുടെ സിരകളിൽ ഓടുന്നതും ഹിന്ദു പാരമ്പര്യം അവകാശപ്പെടാവുന്ന രക്തം തന്നെ ആണന്നുള്ള വിശിഷ്ടമായ തിരിച്ചറിവ് ഉള്ളത് കൊണ്ടും ഉറച്ച ദൈവഭയം ഉള്ളതുകൊണ്ടുമാണത്.

കേരളത്തിൽ വർഗ്ഗിയ സംഘർഷം ഉണ്ടാക്കിയാൽ മാത്രമേ നിലനിൽക്കാനാവൂ അവർക്ക്. കമ്യൂണിസമൊക്കെ ലോകം എന്നേ പടിയ്ക്കു പുറത്താക്കികഴിഞ്ഞിരിയ്ക്കുന്നു എന്ന് നല്ല ബോധ്യമുണ്ട് അവർക്ക്.

ശബരിമലയിലെ സമരം ഭക്തിയുടെയും വിശ്വാസത്തിന്റെയും വിശ്വാസസംരക്ഷണത്തിന്റയും ശരണമന്ത്രങ്ങളാണ്, പടിപൂജയാണ്,ഇരുമുടിക്കെട്ടും നെയ്യഭിഷേകവുമാണ്. അതിനെ സംഘപരിവാർ അജണ്ട എന്നോ ബിജെപി യുടെ കലാപകാഹളമെന്നോ മ്ലേച്ഛത്തരം പറഞ്ഞുകൊണ്ട് ആളുകളെ അകറ്റാനാവില്ല.

ശബരിമല വനം പൂങ്കാവനം, ശബരിമല പുണ്യ സ്ഥലം എന്നുറച്ചുവിശ്വസിയ്ക്കുന്ന സ്ത്രീമനസ്സുകളല്ലായിരുന്നു കേരളത്തിലുള്ളത് എങ്കിൽ ശബരിമലയിലും പമ്പയിലും, നേരത്തെ കേരളത്തിലെമ്പാടും നാമജപഘോഷയാത്രയിൽ അണിനിരന്നതിനുമപ്പുറം വമ്പിച്ച സ്ത്രീശക്തിയെ കൂടി പിണറായി നേരിടേണ്ടി വന്നേനെ. വഴിതെറ്റിയും വഴിപിഴച്ചും മലകയറാനാരും വരികയുമില്ല.

ശബരിമലയിൽ എന്തിനാണ് അടിയന്തിരാവസ്ഥ സർക്കാർ പ്രഖ്യാപിച്ചത്? കഴിഞ്ഞ വർഷം വരെ മണ്ഡലകാലത്ത് ശബരിമലയിൽ യഥേഷ്ടം പോകാനും വരാനും വിരിവയ്ക്കാനും കൂടുതൽ ദിവസം തങ്ങാനും അഭിഷേക, വഴിപാടുകൾ കഴിക്കുന്നതിനും തടസ്സമില്ലായിരുന്നു.

ശബരിമല വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ കൊടുത്ത അഫിഡവിറ്റ് മാറ്റി, സ്ത്രീ പ്രവേശനം ആകുന്നതിൽ കുഴപ്പമില്ല എന്ന് കോടതിയെ ധരിപ്പിച്ച് വിധി സമ്പാദിച്ചതും അത് നടപ്പാക്കാൻ കാട്ടിയ തിടുക്കവും ആണല്ലോ ശബരിമല വിഷയം ഇത്രയും സങ്കീർണ്ണമാക്കിയത്. എന്നിട്ട് ശബരിമലയിൽ സംഘപരിവാറും ബിജെപി യും കലാപമുണ്ടാക്കുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ശബരിമലയിൽ വിശ്വാസികളാണ് വരുന്നത്. അവരിൽ സംഘപരിവാർകാരും ബിജെപിക്കാരും കോൺഗ്രസകാരും എന്തിന് കമ്യൂണിസ്റ്റ്കാരുവരെയുമുണ്ട്.

അന്നൊന്നും ശബരിമല പിടിച്ചെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. ആചാരലംഘനം ഉണ്ടാക്കാൻ ആരെയും കണ്ടില്ല.ഇപ്പോൾ ആചാരാനുഷ്ഠാനങ്ങൾ കരുതി കൂട്ടി ലംഘിയ്ക്കാൻ കോടതി വിധിയുടെ പിൻബലത്തിൽ നടത്തിയ സർക്കാരിന്റെ നീക്കമാണ് ഈ പ്രശ്നത്തിന് തുടക്കം. പിന്നെ പിടിച്ചെടുക്കാൻ ശബരിമല ചൈനയിൽ ആണോ?

അന്നും അവിടെ പോലിസുകാരുണ്ട്, പോലീസ് അയ്യപ്പന്മാർ. വിലമതിക്കാനാവാത്ത സേവനം ചെയ്യുന്ന നല്ലവരായ പോലീസുകാർ. ആർക്കും ആദരം തോന്നുന്ന പോലീസായിരുന്നു അവിടെ ഉണ്ടാകാറുള്ളത്.

സർക്കാർ വിശ്വാസികൾക്ക് ഒപ്പം ആണന്ന് പറയുമ്പോൾ അവര് ഉദ്ദേശിക്കുന്ന വിശ്വാസികൾ ആക്ടിവിസ്റ്റ്കളാണോ എന്ന് തോന്നുന്നു. അവരെ എങ്ങനെയും സന്നിധാനത്ത് എത്തിയ്ക്കാനും സംരക്ഷണം നൽകാനും കാണിയ്ക്കുന്ന വേവലാതിയും വെപ്രാളവും കാണിയ്ക്കുന്നത് അതുതന്നെയല്ലേ.

പമ്പയിലും സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ള അധികം പോലീസിന്റെ സാന്നിദ്ധ്യം സംശയം ഉണ്ടാക്കുന്നത് ആണ്. ഏതെങ്കിലും ആക്ടിവിസ്റ്റ് എത്തിയാൽ എങ്ങനെയും സന്നിധാനത്ത് എത്തിയ്ക്കാനുള്ള മുൻ നിശ്ചയമല്ലേ.മാദ്ധ്യമ നിയന്ത്രണവും അതിന്റെ ഭാഗമാണന്ന് വിശ്വസിക്കാൻ തോന്നുന്നു. തൽസമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകൾക്ക് കഴിഞ്ഞാൽ തീർന്നില്ലേ.

ഈ വേവലാതി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാണിച്ചില്ല എന്നത് ഖേദകരമാണ്. ചാനലുകൾ പമ്പയിലെയും സന്നിധാനത്തെയും ശോചനീയാവസ്ഥ കാണിയ്ക്കുമ്പോഴും മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്, പമ്പയിൽ പുനർനിർമാണത്തിൽ വീഴ്ചയില്ല എന്ന്.

സമരക്കാരെ ഒറ്റപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഒരു ഹിന്ദു മത വിശ്വാസിയും ഉൾക്കൊള്ളാൻ വഴിയില്ല. സർക്കാരിന്റെ അജണ്ട അവർക്ക് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

Advertisment