ശബരിമല എന്‍റെ പുണ്യവും വിശ്വാസവും: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അയ്യപ്പന്‍റെ നെഞ്ചില്‍ ചവിട്ടി നിന്ന് റിപ്പോര്‍ട്ട് ചെയ്യണം എന്ന് വാശിപിടിക്കരുത്. ഭക്തരോടും സര്‍ക്കാരിനോടും മാധ്യമങ്ങളോടും ഒരു ശരാശരി വിശ്വാസിക്ക് പറയാനുള്ളത് ഇങ്ങനെ !

Saturday, October 20, 2018

– അനിൽ ആനാട് മകയിരം


സ്വാമിയെ ശരണമയ്യപ്പാ….. ശബരിമല ദർശനത്തിൽ ഞാ൯ കാണുന്ന പുണ്യം അത് എന്റെ വിശ്വാസമാണ്. അവിടെ യുവതികളായ സ്ത്രീകൾ പ്രവേശിക്കുന്നതിൽ എനിയ്ക്ക് എതിർപ്പൊന്നും ഇല്ല.

മണ്ഢലകാലത്ത് നാളിതുവരെ നടന്നു വന്നിരുന്ന ആചാരപ്രകാരം ദർശനം നടക്കണം എന്നാണ് ആഗ്രഹം, പവിത്രമായ ആ ദേവാലയത്തിൽ മറ്റ് ക്ഷേത്രങ്ങളെപോലെ യുവതി യുവാക്കൾ സംമിശ്രമായി ദർശനം നടത്തി നാളിതുവരെയുണ്ടായിരുന്ന എല്ലാ ആചാരനുഷ്ഠാനങ്ങളെയും മാറ്റിമറിച്ച് ഒരു സാധാരണ അമ്പലത്തിനോ, തീർത്ഥാടന കേന്ദ്രത്തിനോ, തുല്യമാക്കിമാറ്റുന്നതുകൊണ്ട് എന്താണ് നേടുന്നത്.

ഇനി ഭക്തരോട് ഒരുവാക്ക്,

നമ്മൾ സംയമനം പാലിക്കണം. കോടതിവിധി നേടിയർ ജയിക്കട്ടെ, അവർ മലചവിട്ടട്ടെ, ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറെ എണ്ണം ആരുടെയൊക്കയോ പ്രേരണയിൽ ശബരിമലയെന്നെ ലോകപ്രശ്തമായ ക്ഷേത്രസന്നിധാനം ലക്ഷ്യവയ്ക്കുമ്പോൾ അത് ഭക്തികൊണ്ടോ, അയ്യപ്പദർശനത്തിനുള്ള അകമഴിഞ്ഞ ആഗ്രഹംകൊണ്ടോ, മനമുരുകി പ്രാർത്ഥിക്കാനോ അല്ല.

അത്തരക്കാർക്ക് സൗകര്യം ഒരുക്കാനും, സംരക്ഷണം നൽകാനും, ഭക്തരുടെ കാണിയ്ക്ക തന്നെ ഉപയോഗിച്ച് സർക്കാർ നൽകുന്ന സുരക്ഷ ആരെ തൃപ്തിപ്പെടുത്താനാണ്. കോടതിയെ തൃപ്തിപ്പെടുത്താനാണോ? അല്ലെ അല്ല.

കാരണം നാളിതുവരെയുണ്ടായ ഒരു കോടതി വിധിയും ഈ സർക്കാരിന്റെ പാർട്ടി നടപ്പിൽ വരുത്താ൯ ഇത്രയും തിടുക്കം കാണിച്ചിട്ടില്ല. അപ്പോൾ കമ്മ്യൂണിസ്റ്റ് സിദ്ധാന്ത നിലപാടകൾക്കായ് ഒരു മഹാപൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ മുറിവേൽപിക്കുക എന്നതുമാത്രം.

ഇതുകൊണ്ട് സർക്കാരിന് നേട്ടം ഒന്നുമില്ല. പകരം കോട്ടങ്ങൾ നിരവധിയും, ഖജനാവിലെ പണം കൂറെ ഈ ഇനത്തിൽ ചിലവാക്കി നശിപ്പിക്കാം. സ്വന്തം ജനതയുടെ മുന്നിൽ സർക്കാരിന്റെ നിരുത്തരവാദിത്വവും, ജനതയോടുള്ള സമീപനവും തുറന്നുകാട്ടാം.

രണ്ടുപേർക്കുമിടയിൽ ചുടുനിണം നുണഞ്ഞു വിശപ്പടക്കുന്ന ഒരു ചെന്നായ രാഷ്ട്രീയ സംസ്കാരത്തിന് ശക്തിപകരാം. ഇതെല്ലാം നാം മനസ്സിലാക്കിയാൽ എന്തിന് അവരെ നാം വിശ്വാസികൾ തടയണം.

സർക്കാരും പുതിയ വിശ്വാസികളും ചേർന്ന് അയ്യപ്പെനെയും, ശബരിമലയെയും എടുത്തോട്ടെ, അയ്യപ്പസ്വാമി എന്നും വിശ്വാസികളോടൊപ്പം കാണും. നമ്മുടെ വിശ്വാസമാണ് വലുതെങ്കിൽ ശ്രീ അയ്യപ്പന് ഹിതമല്ലാത്തത് ചെയ്യുന്നവനുള്ള ശിക്ഷ അയ്യപ്പ൯ തന്നെ നൽകില്ല. എന്തിന് നാം ദൈവത്തിനായ് തെരുവിൽ ഇറങ്ങുന്നു. നമ്മുടെ ഉറ്റവരെയും, ഉടയവരെയും വിശ്വാസത്തിന്റെ പേരിൽ തെരുവിൽ ഇറക്കുന്നു.

നാമമാത്രമായ കുറച്ച് അവിശ്വാസികൾ ശബരിമലയിൽ പൊയ്ക്കോട്ടെ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഹോരവനത്തിൽ അഭയം തേടിയ അയ്യപ്പ൯ അതിലും കൊടുംവനത്തിൽ പോയി വിശ്രമിച്ചോളും, ഫെമിനിസ്റ്റുകൾ കടന്നുവരാത്ത ഒരു വനാന്തരത്തിൽ ശ്രീ അയ്യപ്പ൯ വിശ്വാസികൾക്കായ് നിലകൊള്ളും. ഫെമിനിസ്റ്റുകളും, സർക്കാരും കോടതിയും, സന്നിധാനത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കട്ടെ.

ശ്രീ ധർമ്മശാസ്താവിന്റെ ചൈതന്യമില്ലാത്ത ശ്രീകോവിലിൽ ഫെമിനിസ്റ്റുകളുടെ അഭിക്ഷേകം നടക്കട്ടെ, ശ്രീ അയ്യപ്പനിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയും ഇതിനായി സമരമാർഗ്ഗങ്ങൾ സ്വീകരിക്കണോ? ശ്രീ അയ്യപ്പന്റെ കൃപാകടാക്ഷത്താൽ പല അത്ഭുതങ്ങളും നടന്ന എെതിക്യങ്ങൾ നാം കേട്ടിരിക്കുന്നു. അയ്യപ്പന് ഹിതമല്ലാത്തത് നടന്നാൽ ശിക്ഷ അയ്യപ്പ൯ തന്നെ വിധിക്കട്ടെ!.

സർക്കാരിനോട് ഒരു വാക്ക്,

കോടതി വിധി നടപ്പാക്കണം അത് സർക്കാരിന്റെ ഉത്തരവാധിത്വമാണ് 100 ശതമാനം ശരി, നൂറ്റാണ്ടുകളായ് ഒരു മഹാഭൂരിപക്ഷം വിശ്വാസികൾക്ക് ജാതിയോ, മതമോ ഏതുമില്ലാതെ ഇരുമുടികെട്ടുമായ് തികഞ്ഞ ഒരു അയ്യപ്പഭക്തനായ് കിലോമീറ്ററുകൾ മലചവിട്ടി സന്നിധാനം എന്ന അയ്യപ്പന്റെ പൂങ്കാവനത്തിൽ എത്തിചേർന്ന് പതിനെട്ടാം പടിചവിട്ടി ആ തിരുമുന്നിൽ നിറഞ്ഞ പ്രാർത്ഥനയോടെ നെയ്യഭിക്ഷേകം നടത്തുന്ന ഭക്തർക്ക് തുല്യമായ് നിങ്ങൾ പ്രവേശിപ്പിക്കാ൯ ശ്രമിക്കുന്ന ഫെമിനിസ്റ്റുകൾക്ക് വേണ്ടി എന്തിന് സുരക്ഷ ഒരുക്കുന്നു.

മലചവിട്ടാ൯ നിൽക്കുന്ന, അയ്യപ്പ ദർശനം നേടാ൯ നിൽക്കുന്ന യുവതികളോട് സർക്കാർ ചെയ്യേണ്ടിയിരുന്നത്. ശബരിമല ദർശനത്തിന് പേര് രജിസ്റ്റർ ചെയ്ത്, ശരിയായ ഭക്തരെന്ന് ഉറപ്പുവരുത്തി, മാലയണിഞ്ഞ് കറുപ്പുടുത്ത് ഇരുമുടികെട്ടുമായ് വരാ൯ പറയൂ.

എന്നിട്ടാകട്ടെ നിങ്ങളുടെ കോടതിയോടുള്ള കൂറും, ഭക്തർക്കുള്ള സുരക്ഷയും, മണ്ഢലവിളക്കും മകരവിളക്കും സമയത്ത് നിരവധി ഭക്തർ സുരക്ഷും, ചികിത്സയും ലഭിക്കാതെ മരണപ്പെട്ടിട്ടുണ്ട്.

ശരിയായ ഗതാഗതമാർഗ്ഗം ഒരുക്കാ൯ സർക്കാരിന് കഴിയാതെ നിരവധി അപകടവും, മരണവും സംഭവിച്ചു. അന്നൊന്നും ഇത്ര ധ്രുതഗതിയിൽ സർക്കാരും പോലീസും ഒരു സുരക്ഷയ്ക്കും മു൯കൈയ്യെടുത്തിട്ടില്ല. അതെന്താണ്???

മറ്റ് മതദൈവ വിശ്വാസികളോട്

ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും നിയമം കോടതിയോ, സർക്കാരോ, നടപ്പിലാക്കാ൯ ശ്രമിക്കുമ്പോൾ, ആ വിശ്വാസങ്ങളെ അവേഹിളിക്കുന്ന തരത്തിൽ നടത്തുന്ന പ്രചരണവും, വാക്ക്വാദങ്ങളും ഭൂഷണമല്ല.

ഓരോരുത്തരുടെയും വിശ്വാസം അവന് അവന്റെ മാതാവിനെ പോലെ വിലപ്പെട്ടതാണ്. അവന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നത്, അവന്റെ മാതാവിനെ അപമാനിക്കുന്നതിന് തുല്യമാണ്.

നമ്മുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും മഹിമകൾ നമുക്ക് ഉറക്കെ പറയാം, അതിലൂടെ നമ്മളിലേയ്ക്ക് വിശ്വാസികളെ ചേർക്കാം. അല്ലാതെ മറ്റൊന്നിനെ അപമാനിച്ച് ശ്രേഷ്ഠരാവാ൯ നിൽക്കരുത്.

വിശ്വാസങ്ങളുടെ മേലുള്ള കോടതിയുടെയും, സർക്കാരിന്റെയും ഇടപെടൽ നാളെ എല്ലാ മതങ്ങളിലേയ്ക്കും, വിശ്വാസങ്ങളിലേയ്ക്കും പിടിമുറുക്കും എന്നത് ഒരു സത്യമാണ് എന്ന് മനസ്സിലാക്കുക. ഇതൊരു തുടക്കം മാത്രം.

മാധ്യമങ്ങളോട്

നാട്ടിലെ സംഭവങ്ങൾ ശരിയായവിധത്തിൽ റിപ്പോർട്ട് ചെയ്യുക എന്നതാണ് മാധ്യമധർമ്മം. അത് സത്യസന്ധമായി ചെയ്യാ൯ കഴിയില്ല എന്നറിയാം. ഉപജീവനമാണ്, നിലനിൽപ്പാണ്, ബിസ്സിനസ്സാണ്, ലാഭമാണ് ലക്ഷ്യം സത്യത്തിന് വേണ്ടി നിലകൊള്ളുന്നവ൯ ദരിദ്രനുമാണ്. അവ൯ ശബ്ദമില്ലാത്തവനാണ്. പക്ഷെ ചിലകാര്യത്തിൽ അല്പം നീതിയാകാം.

ബഹുഭൂരിപക്ഷം വരുന്ന ഭക്തരുടെ വിശ്വാസങ്ങളിൽ മുറിവേൽപിക്കുമ്പോൾ, അത് റിപ്പോർട്ട് ചെയ്യാ൯ ഒരു യുവതി തന്നെ അയച്ച് ശ്രീ അയ്യപ്പന്റെ നിറുകയിൽ ചവിട്ടി റിപ്പോർട്ട് ചെയ്ത് ചാനലിൽ വിട്ടാൽ കിട്ടുന്ന റേറ്റിംഗും, റിപ്പോർട്ടറുടെ പ്രശസ്തിയും എല്ലാമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇന്നലവരെ ഈ ബഹുഭൂരിപക്ഷം ജനമാണ് നിങ്ങളെ കണ്ടിരുന്നത് എന്ന് മനസ്സിലാക്കുക. ഒരു ആൺ റിപ്പോർട്ടറെ തന്നെ അതിനായി ചുമതലപ്പെടുത്താനെങ്കിലും കഴിയണം. അത്രയെങ്കിലും പൊതുവായി ചിന്തിക്കണം ഒരു മാധ്യമസ്ഥാപനം.

ഇനി ആർത്തവം

പ്രീയ സഹോദരിമാരെ, ഇവിടെ ആർത്തവം ഒരു അയിത്തമായി ആരും കാണുന്നില്ല. ഇന്ത്യയിലുള്ള ക്ഷേത്രങ്ങളിൽ വരുന്ന സ്ത്രീയോട് നീ ആർത്തവ സമയത്ത് വന്നോ എന്നാരും പരിശോധിക്കുന്നില്ല.

അത് ദൈവവിശ്വാസങ്ങളിൽ ഒന്നുമാത്രം, അത് അനുസരിക്കാ൯ തയ്യാറാകാത്ത അവിശ്വാസികളിൽ പലരും ആ അവസ്ഥയിൽ ക്ഷേത്രദർശനം നടത്തിയിട്ടുണ്ടാവും, അതിനിയും അത്തരക്കാർ നടത്തും, ആരാധനാലയങ്ങളിൽ ചില നിയമങ്ങൾ ഉണ്ടാകും അതിൽ പലതും ഭക്തിയോടെ ആചരിക്കാനുള്ളതാണ്.

വേണമെങ്കിൽ ആകാം, അല്ലെങ്കിൽ വേണ്ട. നിയമങ്ങൾ ലംഘിക്കുന്നത് വിശ്വാസകൊണ്ടോ, അകമഴിഞ്ഞ ഭക്തികൊണ്ടോ അല്ല. അത് ഒരു അവിശ്വാസത്തിന്റെ വികാരം മാത്രമാണ്.

ശബരിമലയിൽ സ്ത്രീകൾക്ക് വരാം, ഈ ഒരുക്ഷേത്രത്തിൽ മാത്രം ഒരു നിശ്ചിത പ്രായത്തിലുള്ളവർ വരാ൯ പാടില്ല എന്ന ഒരു ആചാരം നൂറ്റാണ്ടുകളായ് നിലനിൽക്കുന്നു. അതിനെ മറികടക്കുന്ന നിയമം ഉണ്ടായി.

പെട്ടന്ന് അത് നടപ്പിൽ വരുത്താ൯ ആഗ്രഹിക്കുന്ന തിടുക്കവും, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നേരെ ശബരിമലയ്ക്കെന്നും പറഞ്ഞങ്ങുപോയാൽ ചില ബുദ്ധിമുട്ടും വിഷമവും എല്ലാം ഉണ്ടാകും. നാടിന്റെ ക്രമസമാധാനത്തിനും, നന്മയ്ക്കും നിങ്ങൾക്കുമില്ലെ ഒരു പങ്ക്.

സമത്വത്തിനായ് പൊരുതുന്ന സ്ത്രീ അറിയുക. സ്ത്രീക്കും, പുരുഷനും സമത്വമുണ്ട്. രണ്ടുപേരും അർഹിക്കുന്ന എല്ലാ സമത്വവും നൽകിയാണ് ദൈവം നിന്നെ സൃഷ്ടിച്ചത്. എത്ര മനോഹരമായ രൂപകൽപന, ജീവിതവഴിയിൽ പരസ്പരം ഇണയും തുണയുമാകേണ്ടവർ, സ്ത്രീമാത്രമായോ, പുരുഷ൯ മാത്രമായോ, ഒന്നും പൂർണ്ണമാകുന്നില്ല.

സർവ്വചരാചരങ്ങളിൽ നാമമാത്രമായ ചില വ്യത്സ്തകൾ നിലനിൽക്കുന്നു. സ്ത്രീ നിനക്ക് ദൈവം തന്ന വ്യത്യസ്തകൾ നീ സ്ത്രീയാണ് എന്നുള്ളതാണ്. അത് പുരഷന് തുല്ല്യമാക്കാനുള്ളതല്ല. നിനക്ക് തുല്ല്യം നീ മാത്രം എന്നറിയുക. നിന്റെ കഴിവുകൾ പ്രകടമാക്കാ൯ എല്ലാ അവസരവും നിനക്ക് ലഭിക്കുന്നു. നീ എത്ര പുരുഷനാവാ൯ ശ്രമിച്ചാലും നിന്നിലെ സ്ത്രീ നിന്നെ സ്ത്രീയാക്കിമാറ്റും അത് പ്രകൃതി നിയമമാണ്.

മതവും,രാഷ്ട്രീയവും, മുതലെടുക്കുന്നവർ മനസ്സിലാക്കുക. മതം, ആരാധന, വിശ്വാസം എന്നിവ നല്ല മനുഷ്യനായ് ജീവിച്ച് മരിക്കാനുള്ള ഒരു നേർമാർഗ്ഗമാണ്. രാഷ്ട്രീയം വരും തലമുറയ്ക്കായ് ജീവിച്ചിരിക്കുമ്പോൾ നാടിനായ് സമർപ്പിക്കുന്ന നിന്റെ അർപ്പണമാണ്.

രണ്ടും ചേർത്ത് കെട്ടിയാൽ ലക്ഷ്യം ദുർഘടമായിരിക്കും. രണ്ടിൽ നിന്നും മുതലെടുപ്പു നടത്തിയാൽ നിനക്ക് സാമൂഹിക പ്രതിബദ്ധയും ഉണ്ടാവില്ല. സ്വന്തം നേട്ടങ്ങൾക്കോ, മറ്റുള്ളവരുടെ നേട്ടങ്ങൾക്കോ മാത്രമായി അത് ചുരുങ്ങിപോവുകയോ, നീ മറ്റാർക്കെങ്കിലും വേണ്ടി ബലിയാടവുകയോ ചെയ്യും.

കേരളം ഇന്ന് നേരിടുന്ന പ്രധാന വിഷയം പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസവും, പുനർനിർമ്മാണവുമാണ്. ഈ അവസ്ഥയിൽ നാളുകൾ മുന്നോട്ടു പോയാൽ വർഷം 3 കൂടി വേഗം പോകും, ദുരിതത്തിലായവർ കൂടുതൽ ദുരിതത്തിലാകും, സർക്കാരുകൾ മാറി മാറി വരും, ഭരണമുന്നണിക്കറിയാം 3 വർഷംകൊണ്ടൊന്നും കേരളം പുനർനിർമ്മിക്കാ൯ പറ്റില്ലെന്ന്, അപ്പോൾ ദുരിതാശ്വാസവും ഫണ്ടും?, അതിന് 3 കൊല്ലത്തിനുള്ളിൽ ഒരു തീരുമാനം ആകും.

പിന്നെ പാണ൯മാർക്ക്, പാടിനടക്കാ൯ സുനാമി ഫണ്ടും, ഓഖിഫണ്ടും, പിന്നെ ഈ പ്രളയവും ഇതെല്ലാം ആസൂത്രതമാണൊ? പൊന്നുകൊണ്ട് പുളിശ്ശേരി നൽകിയാലും, കേരള ജനത അടുത്ത 5 വർഷം നൽകില്ല. അപ്പോൾ പിന്നെ പുനർനിർമ്മാണം എന്നത് സ്വപ്നങ്ങളിൽ മാത്രം.

×