ശബരിമല കോടതി വിധിയും പൗരാവകാശവും

Saturday, September 29, 2018

– എ പി അഹമ്മദ്‌

ബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി അമിതാവേശത്തോടെ സ്വീകരിക്കുന്നതിന് മുൻപ് താഴെ പറയുന്ന വസ്തുതകൾ കൂടി പരിഗണിക്കേണ്ടി വരും.

1. മത വിശ്വാസം ഇന്ത്യൻ പൗരന്റെ മൗലികഅവകാശമാണ്. പക്ഷെ വിശ്വാസത്തിന്റെ ശരി തെറ്റുകൾ നിർണയിക്കാൻ കോടതികൾക്ക് സാധ്യമല്ല. വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താനേ കോടതികൾക്ക് കഴിയൂ.വിശ്വാസത്തിന്റെ താത്വികാടിത്തറയും ആചാരങ്ങളും നിലനിർത്തുന്നത് വിശ്വാസിയുടെ ബോധവും ശീലവുമാണ്. അല്ലാതെ പൗരസമൂഹത്തിന്റെ ബുദ്ധിയും യുക്തിയുമല്ല.

2. ഇന്ത്യൻ ക്ഷേത്രങ്ങളൊന്നും ലിംഗവിവേചനം പുലർത്തുന്നതായി അറിവില്ല. ജാതിവിവേചനം നിലനിന്ന കാലത്തും സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ മുൻഗണനയല്ലാതെ അവഗണന കിട്ടിയിട്ടില്ല.

എല്ലാ സമുദായങ്ങൾക്കും പ്രവേശനമുള്ള ശബരിമലയിൽ മാത്രം 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ വിലക്കുന്നത് പുരുഷമേധാവിത്ത സമൂഹമല്ല ;അയ്യപ്പൻ എന്ന ദൈവത്തെ കുറിച്ചുള്ള മിത്തുകളും വിശ്വാസങ്ങളുമാണ്. അത് ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയും ആ പ്രായത്തിൽ അവിടെ പോകണമെന്ന് ആഗ്രഹിക്കുകയില്ല.

3. ശബരിമല ബുദ്ധക്ഷേത്രം ആയിരുന്നു എന്നും ‘ശാസ്താവ് ‘ ബുദ്ധന്റെ പര്യായമാണെന്നും ചരിത്രരേഖകൾ ഉണ്ടല്ലോ. ബുദ്ധന്റെ സ്ത്രീവിരോധവും അനുരാഗവിരക്തിയും പ്രസിദ്ധമാണെന്നിരിക്കെ അയ്യപ്പന്റെ ബ്രഹ്മചര്യം വിശ്വസനീയമായ ഒരു മിത്തായി അംഗീകരിക്കേണ്ടിവരും.

4. അങ്ങനെവരുമ്പോൾ ഇത്തരം കോടതി വിധികൾക്ക് ആധാരമാകേണ്ടത് ഭരണഘടനാ വകുപ്പുകളാവില്ല. മതപ്രമാണങ്ങൾ തന്നെ ഉദ്ധരിച്ചുകൊണ്ട് വിധി ന്യായീകരിക്കാൻ ന്യായാധിപന്മാർക്ക് സാധിക്കണം. ഷാബാനു ബീഗം കേസിൽ ഖുർആൻ പ്രമാണമാക്കി വിധി പ്രഖ്യാപിച്ച സ്വന്തം പിതാവിന്റെ പാത ജസ്റ്റിസ് ചന്ദ്രചൂഡ് മറന്നുപോയത് ഖേദകരമാണ്.

5. അയ്യപ്പന്റെ ബ്രഹ്മചര്യം ലോകാവസാനം വരെ പാലിക്കപ്പെടേണ്ടതാണോ എന്നും സ്ത്രീകൾ വിലക്കപ്പെടേണ്ടത് ആർത്തവത്തിന്റെ പേരിലാണോ എന്നും തീരുമാനിക്കേണ്ടത് കോടതികളോ മനുഷ്യാവകാശ സംഘടനകളോ അല്ല.

ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളും അഴത്തിൽ അറിയുന്ന പണ്ഡിതന്മാർ കാലാനുസൃതമായ വ്യാഖ്യാനങ്ങളുമായി വിശ്വാസികളിൽ നിന്ന് ഉയർന്നുവരണം.അവരെയാണ് നവോത്ഥനനായകന്മാർ എന്ന് ചരിത്രം വിളിക്കുന്നത്.

6. ഏതെങ്കിലും ഒരു സമൂഹത്തിന്റെ വിശ്വാസമോ ആചാരാനുഷ്‌ഠനങ്ങളോ മറ്റു മനുഷ്യർക്കോ പ്രകൃതിക്കോ നാശനഷ്ടങ്ങൾ വരുത്തുമ്പോഴാണ് കോടതികൾക്ക് ഇടപെടാൻ സാധിക്കുക.സതി നിരോധിക്കാനും ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനും സാധിച്ചത് അങ്ങനെയാണ്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചില്ലെങ്കിൽ മനുഷ്യർക്കോ പ്രകൃതിക്കോ ഒരു കഷ്ടവും നഷ്ടവും വരാൻപോകുന്നില്ല എന്ന് വ്യക്തമാണല്ലോ.

7. ഹിന്ദു ക്ഷേത്രങ്ങളിൽ പതുക്കെയാണെങ്കിലും പൂജാരികളായി അബ്രാഹ്മണരും സ്ത്രീകളും വന്നു തുടങ്ങിയല്ലോ. എന്നാൽ മുസ്‌ലിം പള്ളികളിൽ ഇമാം പദവിയിൽ സ്ത്രീകളെ നിയമിക്കണമെന്ന് ഒരു പൊതുതാൽപര്യ ഹരജി കോടതിയിൽ വന്നാൽ എന്തു വിധിക്കും?

ആദ്യം വേണ്ടത് വിശ്വാസികളായ മുസ്ലിം സ്ത്രീകളിൽ അങ്ങനെയൊരു ആവശ്യബോധം ജനിപ്പിക്കുകയാണ്. അത് സ്ത്രീവിമോചന പ്രസ്ഥാനങ്ങൾക്കോ കോടതികൾക്കോ സാധ്യമല്ല.ആമിനാ വദൂദ് മുതൽ ജാമിദ ടീച്ചർ വരെയുള്ള സമുദായ പരിഷ്കരണപ്രവർത്തകർക്കേ സാധിക്കൂ.

8. ചുരുക്കത്തിൽ സുപ്രീം കോടതി വിധി ഇന്ത്യയിലെ വിശ്വാസ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ഹനിക്കുന്നതാണ് എന്ന് കാണാം. ഇത് വകവച്ചുകൊടുത്താൽ, വിശ്വാസത്തിന്റെ വിവിധ മേഖലകളിൽ ‘പൊതുതാല്പര്യം’പരിഗണിച്ചു കൈവെക്കാൻ കോടതികൾ ശ്രമിച്ചേക്കും. വിവിധ സമുദായങ്ങൾ തമ്മിൽ കണക്കുതീർക്കാനായി ഇത്തരം ഹരജികൾ തുടർച്ചയായി കോടതികളിൽ വന്നേക്കും.

9. ചീഫ് ജസ്റ്റിസ് അടക്കം അഞ്ചു ജഡ്ജിമാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ഒരേയൊരു വനിതയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചതിൽ പലരും ഉത്കണ്ഠപെടുന്നത് കണ്ടു. ഒരു സ്ത്രീയായ ന്യായാധിപ സ്ത്രീ വിരുദ്ധമായ അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് പരാതി.

യഥാർത്ഥത്തിൽ അവരാണ് ഇന്ത്യയുടെ വിശ്വാസവൈവിധ്യത്തിന്റെ സാംസ്‌കാരികസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചത് എന്ന് പറയേണ്ടിവരും. ഇത്തരം ശരിയായ നിലപാടുകൾ പരാജയപ്പെടുന്നത് പുതിയ ഇന്ത്യക്ക് പുത്തരിയല്ലല്ലോ.

×