സിറോ മലബാര്‍ സഭയെ വഴിയെ പോകുന്നവര്‍ക്ക് കയറി കൊട്ടാവുന്ന ചെണ്ട ആക്കിയത് ആര് ?

Tuesday, October 2, 2018

– തോമസ്‌ തെക്കേക്കര

ഴിഞ്ഞ ഒരു വര്‍ഷ കാലത്തോളമായി മാദ്ധ്യമങ്ങളില്‍ കുപ്രസിദ്ധമായ കാര്യങ്ങളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രസ്ഥാനമായി സിറോ മലബാര്‍ സഭ മാറിക്കഴിഞ്ഞു . അച്ചന്മാര്‍ സഭാ തലവനെതിരെ നിരത്തി ലിറങ്ങുന്നു , കന്യാസ്ത്രീകള്‍ നീതിക്കായി മെത്രാനെതിരെ തെരുവില്‍ സത്യാഗ്രഹമിരിക്കുന്നു , വൈദികര്‍ സഭക്കെതിരെ നവമാധ്യമങ്ങളിലും , ടെലിവിഷന്‍ ചാനലുകളിലും പോയി ഘോരം ഘോരം പ്രസ്സംഗിക്കുന്നു .

വിശ്വാസ്സികള്‍ കൂട്ടം കൂടി പല തട്ടുകളായി ഇവര്‍ക്കൊപ്പം അണി ചേരുന്നു ? എന്താണ് നമ്മുടെ സഭയ്ക്ക് പറ്റിയത്? സമൂഹത്തില്‍ അച്ചടക്കത്തിനും , മാന്യതയ്ക്കും പേര് കേട്ട സ്ഥാപനങ്ങളാണ് , നമ്മുടെ വിദ്യാഭാസ സ്ഥാപനങ്ങള്‍ , എന്നാല്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ ലെവ ലേശം അച്ചടക്കമില്ലാതെ ജീവിക്കുന്ന കാഴ്ചകളാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്.

എതാനും അച്ചന്മാരുടെയും , ചില മെത്രാന്മാരുടെയും തന്നിഷ്ട്ടതിനു വഴങ്ങി ഈ സഭയെ ഈ വിധം അധംപതിപ്പിച്ചത് ഈ സഭയുടെ സിനടാണ് . അനുസ്സരണ കേടുകള്‍ക്ക് വളം വെച്ച് , ഒന്നും ഉരിയാടാതെ , സഭയില്‍ എല്ലാ രൂപതകളിലും ഒരേ കുര്‍ബാന ക്രെമം പോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഒരു കോമാളി സംഘമായി നമ്മുടെ സിനഡ് മാറിക്കഴിഞ്ഞു . പാവങ്ങളായ അല്മായരെ സഭാ നിയമങ്ങളും , നൂലാമാലകളും പറഞ്ഞു പേടിപ്പിക്കുന്ന ഇക്കൂട്ടര്‍ , ഒരേ മനസ്സോടെ സഭയില്‍ ഒരു കുര്‍ബാന പോലും ചൊല്ലാന്‍ സാധികാത്ത നേതൃത്വമാണ് .

പാലായില്‍ ഒരു കുര്‍ബാന , ഇരിക്കലക്കുടയില്‍ വേറൊന്നു , തൃശ്ശൂരില്‍ മറ്റൊന്ന് ? പഷ്ട്ട് . സഭയില്‍ അനുസ്സരണക്കേടിന്റെ ആദ്യ പടി സിനഡില്‍ നിന്നും തുടങ്ങുന്നു . പിന്നെ ഇവര്‍ക്കെന്തു ധാര്‍മികതയുണ്ട് അച്ചന്മാര്‍ക്കെതിരെ നടപടി എടുക്കാന്‍ ? മോന്തായം വളഞ്ഞാല്‍ ….?

സഭയ്ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അല്മായര്‍ കൂടെ നില്‍ക്കുന്നില്ലാ എന്ന് വിലപിക്കുന്നവരോട് . നാട്ടുപ്രമാണിമാരെപ്പോലെ വിശ്വസ്സികളോട് പെരുമാറുന്ന , കോര്‍പ്പറേറ്റ് മുതലാളിമാരെപോലെ വിശ്വാസികളോട് പെരുമാറുന്ന ധാരാളം വൈദികര്‍ നമുക്കുണ്ട് , അതിനാല്‍ തന്നെ സഭാ നേത്രുത്വവും ഒരു നല്ല വിഭാഗം വിശ്വാസികളുമായി ഒരു വലിയ അകല്‍ച്ച നിലനില്‍ക്കുന്നു . അത് നിങ്ങള്‍ മനസ്സിലാക്കാതെ പോകരുത് . അത് കൊണ്ടാണ് പല സംഭവവികാസ്സങ്ങളും കണ്ടു ഉള്ളു നീറിയിട്ടും പലരും പ്രതികരിക്കാത്തത് .

സഭക്കെതിരെ വരുന്ന വാര്‍ത്തകളുടെ അടിയില്‍ വരുന്ന നെഗറ്റിവ് കമെന്റുകളില്‍ ഭൂരിപക്ഷവും സഭാ വിശ്വാസികളുടെയാണ് . എന്ത് കൊണ്ടാണ് മറ്റൊരു സമുദായത്തിലോ , മതത്തിലോപ്പെട്ടവര്‍ ഇങ്ങനെ മലര്‍ന്നു കിടന്നു തുപ്പാത്തത് എന്ന് സ്വയം ആലോചിക്കുക്ക . അവസാനം , സൂചികൊണ്ടെടുക്കണ്ട ഫ്രാകോ വിഷയം , തൂമ്പകൊണ്ടെടുത്തു നാട് മുഴുവന്‍ നാണം കെടുത്തിയതും ഞങ്ങള്‍ വിശ്വസ്സികളല്ല .

സഭക്ക് ഔദ്യോഗിക വക്താക്കളായി വാ തുറക്കാന്‍ അറിയാത്ത ഇഷ്ടക്കാര്‍ വൈദികരെ വെച്ച് , വഴിയെ പോകുന്നവര്‍ സഭയെ പ്രധിനിധികരിച്ചു നാണം കെടുത്തുന്നതിനു കാരണക്കാരും ഞങ്ങളല്ല . വിശ്വാസികളെ ഉപദേശിക്കുന്ന അനുസരണ നിങ്ങള്‍ സ്വയം ജീവിതത്തില്‍ ഒരു തവണയെങ്കിലും പാലിക്കുക .

വാല്‍ : ഇതെഴുതിയ എന്നെ സഭാ വിരുദ്ധന്‍ ആക്കി മുദ്രകുത്തുന്നതിനു മുന്‍പ് , ഈ അപ്രിയ സത്യങ്ങളെ ഒന്ന് വിശകലനം ചെയ്യുക . കാലാകാലങ്ങളായി പല വേദികളില്‍ പറഞ്ഞു തഴമ്പിച്ച വസ്തുതകളാണ് . ഈ സഭക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പല സമര്‍പ്പിതരും , അനുസ്സരണ ഗുണം മൂലം പറയാത്ത കാരങ്ങള്‍ ഒന്ന് പരസ്യമായി പറയുന്നു എന്നേ ഉള്ളു .

×