Advertisment

കാടിന്റെ മനമറിഞ്ഞ് പോകാം ഗവിയിലേക്ക് ... 323 തരം പക്ഷികളുടെയും 63 തരം മൃഗങ്ങളുടെയുമെല്ലാം സഞ്ചയത്തിലേക്ക് ..

author-image
admin
New Update

publive-image

Advertisment

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.

കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങൾക്ക് പുറമേ നീലഗിരി താർ എന്ന വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവ കാട്ടിൽ വിഹരിക്കുന്നു.

publive-image

മലമുഴക്കി വേഴാമ്പലും ചിത്രശലഭക്കൂട്ടങ്ങളും വേറെ.കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്.

വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താൽക്കാലികമായി നിർമ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാൻഷനായി മാറിയത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ഇപ്പോഴുള്ള ഏക സങ്കേതമാണിത്. 950 മുതൽ 1750 രൂപ വരെയുള്ള വിവിധ പാക്കേജുകൾ നിലവിലുണ്ട്. പക്ഷേ മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമാണ്.

publive-image

പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്.

പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.

publive-image

കൊല്ലം- മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി ഗവി സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും, എറണാകുളത്തു നിന്നും, വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നു കുമളിയിലേക്കുള്ള വഴിയിൽ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാൻ.

publive-image

വളരെ ദുർഘടം പിടിച്ച വഴിയായതിനാൽ ജീപ്പ് പോലയുള്ള ഓഫ്-റോഡർ വാഹനങ്ങളാണ് ഉചിതം. വണ്ടിപ്പെരിയാറിൽ നിന്നും കുമിളിയിൽ നിന്നും ഇത്തരം വാഹനങ്ങൾ ലഭിക്കും. വണ്ടിപ്പെരിയാറിൽ നിന്നും ആദ്യത്തെ ഒൻപത് കിലോമീറ്റർ പിന്നിട്ടാൽ വള്ളക്കടവ് ചെക്‌പോസ്റ്റാണ്.

പ്രവേശനപാസ്സുകൾ വള്ളക്കടവിലുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റിൽനിന്ന് ലഭ്യമാണ്. ഇതിനു പുറമേ പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സർവീസ്. രാവിലെ 6.30-നും ഉച്ചയ്ക്ക് 12.30-നുമാണ് ഈ സർവ്വീസുകൾ.

Advertisment