ജെസ്സിക കോക്സ് – ഇരു കൈകളുമില്ലാത്ത ലോകത്തെ ആദ്യ പൈലറ്റ്. മിനിറ്റില്‍ 25 വാക്കുകള്‍ ടൈപ്പ് ചെയ്യും, തായ്‌ക്വണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ്, ഡാന്‍സര്‍ .. ജെസ്സിക ലോകത്തിനു തന്നെ മാതൃക

പ്രകാശ് നായര്‍ മേലില
Friday, March 2, 2018

ജെസ്സിക കോക്സ് (Jesika Cokes – 32) ലോകത്തിനു തന്നെ മാതൃകയാണ്. തന്‍റെ വൈകല്യത്തിന് മുന്നില്‍ തോറ്റു കൊടുക്കാതെ ജീവിതം ഒരു വെല്ലുവിളിയായെടുത്ത് ഉയരങ്ങള്‍ അനസ്യൂതം കീഴടക്കിയപ്പോള്‍ ലോകം തന്നെ നമിച്ചു നിന്നു ആ ധീരതയ്ക്ക് മുന്നില്‍.

അമേരിക്കയിലെ അരിസോനയിലാണ് ജെസ്സിക ജനിച്ചത്‌. ജന്മനാ അവര്‍ക്ക് രണ്ടു കൈകളുമില്ലായിരുന്നു. എന്നാല്‍ ജെസ്സികയുടെ ദൃഡനിശ്ചയം ഒന്നുമാത്രമാണ് ഇന്നവരെ പ്രസിദ്ധയായ ഒരു പൈലറ്റ്‌ ആക്കി മാറ്റിയ ഏക ഘടകം. കാലുകള്‍ കൊണ്ടാണ് അവര്‍ വിമാനം പറത്തുന്നത്. 89 മണിക്കൂര്‍ വിമാനം പറത്തിയ എക്സ്പീരിയന്‍സ് അവര്‍ക്കുണ്ട്.

ഇരു കൈകളുമില്ലാത്ത ലോകത്തെ ആദ്യ പൈലറ്റാണ് ജെസ്സിക. ജെസ്സിക എല്ലാ ജോലിയും അനായാസം ചെയ്യുന്നു. നമ്മള്‍ കൈകള്‍ കൊണ്ട് ചെയ്യുന്നത് അവര്‍ കാലുകള്‍ കൊണ്ട് ചെയ്യുന്നു എന്ന വ്യത്യാസം മാത്രം.

ജെസ്സികയുടെ പക്കല്‍ ഡ്രൈവിംഗ് ലൈസെന്‍സ് ഉണ്ട്. മിനിറ്റില്‍ 25 വാക്കുകള്‍ എന്ന കണക്കില്‍ അവര്‍ ടൈപ്പ് ചെയ്യാറുണ്ട്. കൂടുതല്‍ അത്ഭുതാവാഹം ആയ കാര്യം അവര്‍ ഒരു ഡാന്‍സറും, തായ്‌ക്വണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റും ആണെന്നതാണ്.

ജെസ്സികാ കോക്സ് നെപ്പറ്റി ഒരു ഡോക്കുമെന്ററി പുറത്തിറങ്ങിയിട്ടുണ്ട്.. പേര് RIGHT FOOTED. എമി അവാര്‍ഡ് ജേതാവ് NICK SPARK ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

×