സ്മാര്‍ട്ട് സിറ്റികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് സുനീത ധര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, January 8, 2019

കൊച്ചി:  രാജ്യത്തെ സ്മാര്‍ട്ട് സിറ്റികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടിയല്ലെന്നും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും ഡല്‍ഹി ആസ്ഥാനമായ വനിത സംഘടനയായ ജാഗോരിയുടെ ഡയറക്ടറുമായ സുനീത ധര്‍ പറഞ്ഞു.

ലോകമെമ്പാടും വന്‍നഗരങ്ങളുടെ ഡിസൈനുകളില്‍ ഒന്നിലും തന്നെ മനുഷ്യരെ കാണാനാകില്ല. അതില്‍ തന്നെ സ്ത്രീകള്‍ക്കും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും യാതൊരു സ്ഥാനവുമില്ലെന്നും അവര്‍ പറഞ്ഞു.

തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റമെന്റ് ആന്‍ഡ് പീസിന്റെ (WISCOMP) സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ ലിംഗ സമത്വത്തെക്കുറിച്ചുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു സുനീത ധര്‍.

ഭരണകൂടത്തിന്റെ നയങ്ങളിലും പരിപാടികളിലും ലിംഗസമത്വം ഉറപ്പാക്കാന്‍ ജെന്‍ഡര്‍ ഓഡിറ്റ് അനിവാര്യമാണ്. അതോടൊപ്പം തന്നെ സ്ത്രീകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും എങ്ങനെ പെരുമാറുന്നുവെന്നതിനെക്കുറിച്ച് ഓരോ വ്യക്തിയും അവരുടെ മനസുകളില്‍ ജെന്‍ഡര്‍ ഓഡിറ്റ് നടത്തണമെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹിയിലെ യുഎസ് എംബസിയിലെ പബ്ലിക് അഫേഴ്‌സ് സെക്ഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഹംസ: കാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവ്’ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ശില്‍പശാല ചൊവ്വാഴ്ച സമാപിക്കും.

ഉച്ചയ്ക്ക് 2-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ കള്‍ച്ചറല്‍ അഫേഴ്‌സ് ഓഫീസര്‍ കോണ്‍റാഡ് ടേണര്‍, പബ്ലിക് അഫേഴ്‌സ് സെക്ഷന്‍ പ്രിന്‍സിപ്പല്‍ പ്രോഗ്രാം ഓഫീസര്‍ മന്‍ദീപ് കൗര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

×