Advertisment

അനന്യയുടെ മരണം: ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനം

New Update

publive-image

Advertisment

ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കാൻ തീരുമാനം. അനന്യകുമാരിയുടെ മരണത്തെ തുടർന്ന് ഇന്ന് ട്രാൻസ്ജെന്റർ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്ത യോഗത്തിലാണ് തീരുമാനം. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ട്രാൻസ്ജെന്റർ ജസ്റ്റിസ് ബോർഡ് യോഗം വിളിച്ചത്.

ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ സേവനം എന്നിവക്ക് പൊതുമാനദണ്ഡം തയ്യാറാക്കാനും യോഗത്തിൽ ധാരണയായി. നിലവില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടന്നു വരുന്നത്. ഇതില്‍ ചികിത്സാ രീതികള്‍, ചികിത്സ ചിലവ്, തുടര്‍ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ലെന്ന് യോഗം വിലയിരുത്തി.

സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നതിനും, ലിംഗമാറ്റ ശസ്ത്രക്രിയകള്‍, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാന്‍ജന്‍ഡര്‍ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയില്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ഇതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതും, സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ മുന്‍ഗണനാ വിഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് പരിശോധിക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.

പാഠ്യപദ്ധതികളിലും അദ്ധ്യാപക വിദ്യാര്‍ഥികളുടെ കരിക്കുലത്തിലും ട്രാൻസ്ജെന്റർ സമൂഹവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് സഹായകരമായ പാഠ്യപദ്ധതികൾ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

അനന്യ കുമാരി അലക്സിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി ഡയറക്ടര്‍, ബോര്‍ഡിലെ ട്രാന്‍സ് പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment