Advertisment

എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം; ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാഭാരവാഹികള്‍ പാണക്കാട്ടെത്തി, കൈമാറിയത് കോടതിയില്‍ നിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും വോയ്‌സ് ക്ലിപ്പുമടങ്ങിയ പെന്‍ഡ്രൈവും

New Update

publive-image

Advertisment

ആലുവ: ഇടവേളക്ക് ശേഷം മുസ്ലീംലീഗ് എറണാകുളം ജില്ലാകമ്മിറ്റിയില്‍ കലാപം. വിജിലന്‍സ് അന്വേഷണപരിധിയിലുള്ള മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനും മകന്‍ വി.ഇ. അബ്ദുല്‍ ഗഫൂറിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗം ജില്ലാഭാരവാഹികളും പാണക്കാട്ടെത്തി. എഴുതിത്തയാറാക്കിയ പരാതി നേതാക്കള്‍ക്ക് കൈമാറി. കോടതിയില്‍ നിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും വോയ്‌സ് ക്ലിപ്പുമടങ്ങിയ പെന്‍ഡ്രൈവും പരാതിയോടൊപ്പം നല്‍കി.

മുസ്ലിംലീഗ് എറണാകുളം ജില്ല കമ്മിറ്റിയിലെ ആകെയുള്ള 18 ജില്ല ഭാരവാഹികളില്‍ 11 പേരും മുതിര്‍ന്ന നേതാവും മുന്‍ ജില്ല പ്രസിഡന്റും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗവുമായ എം.പി. അബ്ദുല്‍ ഖാദറും പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്.

പരാതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, പാണക്കാട് മുനവ്വറലി തങ്ങള്‍ തുടങ്ങിയവരെ നേരില്‍ കണ്ട് പരാതി നല്‍കിയാണ് ജില്ലാഭാരവാഹികള്‍ മടങ്ങിയത്.

ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയും ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി.ഇ. അബ്ദുല്‍ ഗഫൂര്‍, വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസ്, യൂത്ത് ലീഗ് കളമശ്ശേരി ടൗണ്‍ വൈസ് പ്രസിഡന്റ് കെ.എച്ച്. സുബൈര്‍ തുടങ്ങിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

മുതിര്‍ന്ന നേതാവും മുന്‍ ജില്ല പ്രസിഡന്റുമായ എം.പി. അബ്ദുല്‍ ഖാദറിന്റെയും ജില്ല പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദിന്റെയും നേതൃത്വത്തിലാണ് ഭാരവാഹികള്‍ നേതാക്കളെ കണ്ടത്. പാലാരിവട്ടം പാലം നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് മന്ത്രിക്കും മകനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിജിലന്‍സ് - ഹൈക്കോടതി കേസുകളും ചൂണ്ടികാട്ടിയാണ് നേതൃത്വത്തിന് ജില്ലാ നേതാക്കളുടെ പരാതി.

റിപ്പോര്‍ട്ട്: മാധവന്‍കുട്ടി

Advertisment