മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം പേര്‍ക്ക്; മുംബ്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, May 26, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 2091 പേര്‍ക്കാണ്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 54758 ആയി വര്‍ധിച്ചു.

97 പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 1792 ആയി. അതേസമയം 1168 പേര്‍ ഇന്ന് രോഗമുക്തരായി. 36012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മുംബൈയിലാണ്. 31972 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 1072 പേര്‍ മരിച്ചു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ മുംബ്രയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് ഉത്തരവിട്ടു. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിമുതല്‍ 9 മണിവരെ പാല്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ചക്കറി, പലവ്യഞ്ജന കടകളടക്കം അടച്ചിടാനാണ് നിര്‍ദ്ദേശം.

×