Advertisment

സ്മൃതി ഇറാനി കോടിക്കണക്കിന് രൂപയുടെ എംപി ഫണ്ട് മറിച്ചു ;രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

New Update

ഗാന്ധിനഗര്‍ : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി കോണ്‍ഗ്രസ്. എം.പി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയ സ്മൃതി ഇറാനി കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Advertisment

ഗുജറാത്തില്‍ നിന്ന് രാജ്യസഭയില്‍ എത്തിയ അംഗമാണ് സ്മൃതി ഇറാനി. ആനന്ദ് ജില്ലയിലെ മഗ്രോളി ഗ്രാമം ഇവര്‍ ദത്തെടുത്തിരുന്നു. ഇവിടെ സന്‍സാദ് ആദര്‍ശ ഗ്രാം യോജന (എസ്എജിവൈ) പദ്ധതികള്‍ക്കായി എം.പി ഫണ്ട് നല്‍കിയതിലാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. ടെന്‍ണ്ടര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഫണ്ട് ചെലവഴിച്ചതെന്നാണ് വിമര്‍ശനം.

publive-image

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് സ്മൃതി ഇറാനി ഫണ്ട് നല്‍കിയത്. ഷര്‍ദ മജൂര്‍ കേംദര്‍ സഹകാരി മണ്ഡ്‌ലി എന്ന സ്ഥാപനത്തിന് കരാറുകള്‍ നല്‍കാന്‍ അവര്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഫണ്ടുകള്‍ മുഴുവന്‍ ദുരുപയോഗിക്കുകയും വന്‍ തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് ഛവ്‌റ ആരോപിച്ചു.

ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് 2017 ജൂലായില്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുകയും കോടതി നിര്‍ദേശപ്രകാരം ആനന്ദ് ജില്ലാ ഭരണകൂടം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഗുരുതരമായ കൃത്യവിലോപമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ജില്ലാ കലക്ടറുടെ കത്തും ഛവ്‌റ പുറത്തുവിട്ടു.

ക്രമക്കേട് നടത്തിയ 2.95 കോടി രൂപ 18% പലിശയോടെ 4.08 കോടിയായി ട്രഷറിയില്‍ തിരിച്ചടയ്ക്കണമെന്ന് ഷര്‍ദ മജൂര്‍ കേംദര്‍ സഹകാരി മണ്ഡ്‌ലിക്ക് കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ഇതുവരെ പണം തിരിച്ചടച്ചിട്ടില്ലെന്നും ഛവ്‌റ ആരോപിച്ചു. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ ഇറാനിക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ഛവ്‌റ ആവശ്യപ്പെട്ടു.

അതേസമയം, ഫണ്ട് എം.പി അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും അത് നടപ്പാക്കിയത് ജില്ലാ ഭരണകൂടമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു.

Advertisment