Advertisment

ജില്ലയിലെ ഭൂപ്രശ്നം: ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്

New Update

ഇടുക്കി: 1964ലെ റൂൾ അനുസരിച്ച് പട്ടയം നല്കിയിട്ടുള്ള കർഷകരുടെ ഭൂമിയിൽ കൃഷിയും, വീടുമൊഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനായി 12-08-2020ൽ ജില്ലാ കളക്ടർ ഇറക്കിയിട്ടുള്ള ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നല്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് പറഞ്ഞു.

Advertisment

publive-image

ഹൈക്കോടതിയുടെ 29-07-2020ലെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. 22-08-2019ലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൻ്റേയും, 25-09-2019ലെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൻ്റേയും, 14-10 -2019ലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭേദഗതി ഉത്തരവിൻ്റേയും അടിസ്ഥാനത്തിലാണ് ബഹു. ഹൈക്കോടതിയിൽ നിന്നും 29-07- 2020ലെ ഉത്തരവ് ഉണ്ടാകേണ്ടി വന്നതും എന്നതാണ് യഥാർത്ഥ വസ്തുത.

1964ലെ റൂൾ അനുസരിച്ച് പട്ടയം നല്കിയിട്ടുള്ള ഭൂമിയിൽ വീട് ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല എന്ന നിയമം സംസ്ഥാനത്ത് മുഴുവൻ ബാധകമാണെന്നിരിക്കെ, ഇടുക്കി ജില്ലയ്ക്ക് മാത്രം ബാധകമാക്കിക്കൊണ്ട് 22-08-2019 ൽ ഇറക്കിയ ഉത്തരവും,14-10 -2019ലെ ഭേദഗതി ഉത്തരവും നമ്മുടെ നാട്ടിൽ നിലനില്ക്കുന്ന നിയമത്തിനും നീതിയ്ക്കും നിരക്കുന്നതല്ല.

ഇടുക്കി ജില്ലയിലെ കർഷകരെ മാത്രം രണ്ടാം തരം പൗരന്മാരായി കണ്ടു കൊണ്ടുള്ള ഉത്തരവിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം പ്രതിപക്ഷ പാർട്ടികളുടേയും വിവിധ കർഷക സംഘടനകളുടേയും, വ്യാപാരി വ്യവസായികളുടേയും ഭാഗത്തു നിന്നും ഉണ്ടായ സാഹചര്യത്തിലാണ് 17 - 12-2020 ന് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത്.

64 ലെ റൂൾ അനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ ജില്ലയിലെമ്പാടും, നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, ആശുപത്രികളും, ഹോം സ്റ്റേകളും, റിസോർട്ടുകളും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 64 ലെ റൂൾ ഭേദഗതി ചെയ്തും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സർവ്വകക്ഷി യോഗത്തിൻ്റെ തീരുമാനം.

എന്നാൽ സർവ്വകക്ഷി യോഗം നടന്ന് എട്ടു മാസം കഴിഞ്ഞെങ്കിലും യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കുവാൻ സർക്കാരിൻ്റെ ഭാഗത്തു നിന്നും ആത്മാർത്ഥമായ ഒരു ശ്രമവും നടന്നിട്ടില്ല എന്ന് റോയി കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടാകേണ്ടി വന്നതും, സർക്കാർ ചോദിച്ചു വാങ്ങിയ ഉത്തരവാണ് ഇപ്പോൾ കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളതും.

64 റൂൾ ഭേദഗതി ചെയ്തില്ലെങ്കിൽ ജില്ലയിലെ പട്ടയഭൂമികളിൽ നിർമ്മാണം നടത്തിയിട്ടുള്ള ചെറുതും വലുതുമായ ആയിരക്കണക്കിന് നിർമ്മാണങ്ങൾ സർക്കാരിൻ്റേതായി മാറും. ഭൂവിനിയോഗത്തിൻ്റെ പേരിൽ പട്ടയം ലഭിച്ച ഭൂമിയുടെ പട്ടയം റദ്ദു ചെയ്യുവാനോ, നിർമ്മാണങ്ങൾ ഏറ്റെടുക്കുവാനുള്ള ശ്രമങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടായാൽ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും റോയി പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ വീട് ഒഴികെയുള്ള യാതൊരു വിധ പുതിയ നിർമ്മാണ പ്രവർത്തനവും ജില്ലയിൽ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. സർവ്വകക്ഷി യോഗ തീരുമാനം അനുസരിച്ച് റൂൾ ഭേദഗതി മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്നും സർക്കാർ അതിന് തയ്യാറാകണമെന്നും റോയി ആവശ്യപ്പെട്ടു.

- റോയി കെ പൗലോസ്

congress
Advertisment