Advertisment

കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വെല്ലുവിളിയായി രാജസ്ഥാനും; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് ; എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റി

New Update

ഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി എംഎല്‍എമാരെ ഉറപ്പിച്ചു നിര്‍ത്താന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വെല്ലുവിളിയായി രാജസ്ഥാനും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതേ തുടര്‍ന്ന് എംഎല്‍എമാരെ റിസോട്ടുകളിലേക്ക് മാറ്റി. രാജസ്ഥാനിലും ജൂണ്‍ 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. മൂന്ന് സീറ്റുകളിലേക്കാണ് അവിടെ മത്സരം.

Advertisment

publive-image

ഗുജറാത്തില്‍നിന്നുള്ള എംഎല്‍എമാരെയും രാജസ്ഥാനില്‍ എത്തിച്ച് കവചം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തെ കടപുഴക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം. ഇത് ശരിയെങ്കില്‍ കര്‍ണാടകം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ പണവും കേന്ദ്രത്തിലെ അധികാരവും ഉപയോഗിച്ച് അട്ടിമറിക്കാന്‍ നോക്കുന്ന മൂന്നാമത്തെ സര്‍ക്കാരാകും രാജസ്ഥാനിലേത്.

ഡല്‍ഹി-ജയ്പൂര്‍ ഹൈവെയിലെ ശിവ വിലാസ് ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ പ്രതിസന്ധി പരിഹരിക്കാനായി സംസ്ഥാനത്ത് എത്തി.

പണം കൊടുത്ത് എംഎല്‍എമാരെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് തടയാനായി പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോയോട് ഇക്കാര്യം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കി. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളിലെ പോലെ തങ്ങളുടെ എംഎല്‍എമാരെയും പിന്തുണയ്ക്കുന്ന സ്വതന്ത്രരെയും പ്രലോഭനത്തിലൂടെ ആകര്‍ഷിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു.

ബിജെപിയുടെ പേര് എടുത്തുപറയാതെയാണ് കത്ത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ഓരോ എംഎല്‍എയ്ക്കും 25-30 കോടി രൂപയാണ് ചെലവാക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

bjp rajastan congress
Advertisment