Advertisment

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് അഞ്ചിന് ! മുപ്പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 20 സിറ്റിങ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകും. മണ്ഡലം മാറാന്‍ ആഗ്രഹിക്കുന്ന എംഎല്‍എമാര്‍ക്ക് വിജയ സാധ്യത മുന്‍നിര്‍ത്തി മണ്ഡലം മാറാം. എഐസിസി സര്‍വേ ഫലവും നിര്‍ണായകം. 50 ശതമാനം വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കും. മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും മാര്‍ച്ച് രണ്ടാം വാരത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ് !

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക മാര്‍ച്ച് ആദ്യവാരം പുറത്തിറക്കും. മുപ്പത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാകും ആദ്യം പുറത്തുവിടുക. ഇതു സംബന്ധിച്ച് ഇന്നു ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ചര്‍ച്ചയായി.

ആദ്യഘട്ടം പ്രഖ്യാപിക്കുന്ന മുപ്പത് സ്ഥാനാര്‍ത്ഥികളില്‍ 20 പേരും സിറ്റിങ് എംഎല്‍എമാരാണ്. ഇവരില്‍ ആര്‍ക്കെങ്കിലും മണ്ഡലം മാറണമെങ്കില്‍ അത് വരുന്ന ദിവസങ്ങളില്‍ അറിയിക്കണം. മണ്ഡലം മാറുമ്പോള്‍ വിജയ സാധ്യത മാത്രമാകും മാനദണ്ഡം.

സിറ്റിങ് എംഎല്‍എമാര്‍ എന്ന നിലയില്‍ മാത്രം സീറ്റിന് അര്‍ഹതയില്ല. ഇവരില്‍ തോല്‍വി സാധ്യതയുള്ളവരും ഉണ്ടെന്നു ഹൈക്കമാന്‍ഡ് നടത്തുന്ന സര്‍വേയില്‍ കണ്ടെത്തിയാല്‍ അവരെ ഒഴിവാക്കും. നേരത്തെ കെസി ജോസഫ് ഇരിക്കൂറില്‍ ഇനി മത്സരിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.

അതുകൊണ്ടുതന്നെ കെസി ജോസഫിനെ കോട്ടയം ജില്ലയില്‍ നിന്നും മത്സരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യം. അതിനനുസരിച്ച് ചങ്ങനാശേരിയിലോ, ഏറ്റുമാനൂരിലോ കെസിക്ക് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗ്രൂപ്പു വ്യത്യാസമില്ലാതെ എതിര്‍പ്പുണ്ട്.

സിറ്റിങ് എംഎല്‍എമാരുടെ പുറമെ ബാക്കിയുള്ള 10 മണ്ഡലങ്ങള്‍ യുഡിഎഫിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളാണ്. നിലവില്‍ എംപിമാരും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളും സര്‍വേകളും ഒരു മണ്ഡലത്തില്‍ ഒറ്റപ്പേര് നിര്‍ദേശിച്ചിട്ടുള്ളതാകും പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിനു ശേഷം സ്‌ക്രീനിങ് കമ്മറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.

മാര്‍ച്ച് രണ്ടാം വാരത്തോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന എല്ലാ സീറ്റിലെ സ്ഥാനാര്‍ത്ഥികളുടെയും പേരുകള്‍ പ്രഖ്യാപിക്കും. അതേസമയം 50 ശതമാനം വിജയ സാധ്യതയുള്ള സീറ്റുകളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്നാണ് ഭൂരിഭാഗവും ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇതു സഹായകമാകുമെന്നാണ് വാദമുയര്‍ന്നത്.

ഇതിനെ ഭൂരിഭാഗവും സ്വാഗതം ചെയ്തു. മുന്‍ കാലങ്ങളെക്കാള്‍ വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ധാരണയായി.

congress trivandrum news
Advertisment