Advertisment

കോണ്‍ഗ്രസിലെ ഗ്രൂപ്പ് ബലാബലത്തില്‍ മുന്‍‌തൂക്കം ഐ' യ്ക്ക് (8) ! വയനാട് സിദ്ധിഖിന് നല്‍കിയപ്പോള്‍ മുരളീധരനെ ഇറക്കി വടകര പിടിച്ച് ചെന്നിത്തലയുടെ മറുനീക്കം ! ഇത്തവണ ഗ്രൂപ്പ് മാനേജര്‍മാരെ മൂലയ്ക്കിരുത്തി സീറ്റ് വിഭജിക്കുമെന്ന് വീമ്പിളക്കിയിടത്ത് ഗ്രൂപ്പ് രഹിതന് കിട്ടിയത് ഒരു സീറ്റ് - ശശി തരൂര്‍ മാത്രം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : കോണ്‍ഗ്രസിന്‍റെ 16 സീറ്റുകളിലും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് ബലാബലത്തില്‍ ഐ' ഗ്രൂപ്പിനുതന്നെ മുന്‍‌തൂക്കം.  16 ല്‍ 8 സീറ്റുകളാണ് ഐ ഗ്രൂപ്പ് നേടിയത്. എ ഗ്രൂപ്പിന് 7 ഉം ഗ്രൂപ്പില്ലാത്ത ഒരാളുമാണ് കോണ്‍ഗ്രസ് ലിസ്റ്റിന്‍റെ സമവാക്യം.

ഇത്തവണ ഗ്രൂപ്പ് മാനേജര്‍മാരെ മൂലയ്ക്കിരുത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് ചിലര്‍ വീമ്പിളക്കിയിടത്ത് ഒരു ഗ്രൂപ്പിലും പെടാത്ത ഏക സ്ഥാനാര്‍ഥിയും ശശി തരൂര്‍ മാത്രമാണ്. ബാക്കി 15 ലും കോണ്‍ഗ്രസില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ നിര്‍ണ്ണായകമായി .

അതില്‍ എ , ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചു പിടിച്ചെടുത്തത് വയനാട് , വടകര സീറ്റുകളാണ്. ഐ യില്‍ നിന്നും വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ധത്തില്‍ എ യുടെ അക്കൌണ്ടില്‍ വീണപ്പോള്‍ തന്ത്രപരമായ കരുനീക്കത്തിലൂടെ രമേശ്‌ ചെന്നിത്തലയാണ് കെ മുരളീധരനെ രംഗത്തിറക്കി വടകര പിടിച്ചെടുത്തത് .

publive-image

വയനാടിന് പകരം വടകര

വടകരയില്‍ മുല്ലപ്പള്ളിയോ സുധീരനൊ മത്സരിച്ചിരുന്നെങ്കില്‍ എ ഐ ഗ്രൂപ്പുകളുടെ സീറ്റ് എണ്ണം 7 ല്‍ തുല്യമായി മാറുമായിരുന്നു. അതിനിടെ ഐയുടെ ഉറച്ച മണ്ഡലമായ വയനാട് കൈവിട്ടുപോയതിലെ അമര്‍ഷം ഐ ഗ്രൂപ്പില്‍ ശക്തമായിരുന്നു.

ആ പ്രതിസന്ധി തരണം ചെയ്യാനാണ് വടകര ഐ ഗ്രൂപ്പിന് ഉറപ്പിക്കാന്‍ വേണ്ടി ചെന്നിത്തല കരുക്കള്‍ നീക്കിയത് . ഇന്നലെ ഉച്ചവരെ വടകരയില്‍ പ്രവീണ്‍കുമാര്‍ സീറ്റ് ഉറപ്പിച്ചപ്പോള്‍ ഇവിടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാണ്ടില്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. മുല്ലപ്പള്ളിയുടെയും വി എം സുധീരന്റെയും മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു . അതിനിടെയാണ് ചെന്നിത്തല കെ മുരളീധരനുമായി സംസാരിച്ചത് .

publive-image

ആഗ്രഹിച്ചത് വയനാട്, കിട്ടിയത് വടകര

കഴിഞ്ഞ 19 ന് പ്രതിപക്ഷ നേതാവിന്‍റെ വസതിയില്‍ കൂടിയ ഐ ഗ്രൂപ്പ് യോഗത്തില്‍ വയനാട് സീറ്റിനോട് മുരളീധരന്‍ താല്പര്യം അറിയിച്ചിരുന്നു . എന്നാല്‍ ഇവിടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നിരിക്കെ ഈ സീറ്റ് മുരളിക്ക് നല്‍കാനുള്ള ബുദ്ധിമുട്ട് ചെന്നിത്തല മുരളിയെ അറിയിച്ചു . മുരളി അത് സമ്മതിക്കുകയും ചെയ്തു .

ഈ സാഹചര്യത്തിലായിരുന്നു വടകരയുടെ കാര്യം ചെന്നിത്തല മുരളിയോട് സംസാരിക്കുന്നത് . എന്നാല്‍ ആദ്യം മുരളി സമ്മതം മൂളിയില്ല . എന്നാല്‍ രാത്രി 9 മണിയോടെ മുരളി ചെന്നിത്തലയെ വിളിച്ച് മത്സരിക്കാന്‍ സമ്മതം അറിയിച്ചു . ചെന്നിത്തല ഉടന്‍ ഇക്കാര്യം ഉമ്മന്‍ചാണ്ടിയെയും മുല്ലപ്പള്ളിയെയും അറിയിച്ചു .

publive-image

ഫലം കണ്ടത് ചെന്നിത്തലയുടെ ഇടപെടല്‍

എ ഐ സിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ വിളിച്ച് വിവരം പറഞ്ഞതും ചെന്നിത്തലയാണ് . എന്നാല്‍ മുരളീധരന്‍ എം എല്‍ എ ആയതിനാല്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്‍റെ അനുമതി വേണം . രാഹുല്‍ഗാന്ധി രാത്രി വൈകി മാത്രമേ സ്ഥലത്ത് എത്തൂ എന്നതിനാല്‍ ഇന്ന് പ്രഖ്യാപനം നടക്കില്ലെന്നു മുകുള്‍ വാസ്നിക് പറഞ്ഞു .

രാവിലെ രാഹുല്‍ ഗാന്ധിയെ കണ്ട വാസ്നിക് മുരളീധരന് മത്സരിക്കാന്‍ രാഹുലിന്‍റെ അനുമതി വാങ്ങി ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. അതിനിടെ ഹൈക്കമാന്റിന്‍റെ വിളിയും മുരളിയേത്തേടിയെത്തി .

രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ സീറ്റിന്‍റെ കാര്യം രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളിയും സംസാരിച്ചിരുന്നതായി മുരളീധരന്‍ പറഞ്ഞിരുന്നു . അതോടെ വയനാടിനു പകരം സിറ്റിംഗ് സീറ്റായ വടകര പിടിച്ചെടുത്ത് ഐ ഗ്രൂപ്പ് ലിസ്റ്റില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്.

publive-image

ഐ യുടെ സീറ്റുകള്‍ : ആറ്റിങ്ങല്‍ , ആലപ്പുഴ , എറണാകുളം , തൃശൂര്‍ , പാലക്കാട് , വടകര , കണ്ണൂര്‍ , കാസര്‍കോഡ്‌ .

എ യുടെ സീറ്റുകള്‍ : മാവേലിക്കര , പത്തനംതിട്ട , ഇടുക്കി , ചാലക്കുടി , കോഴിക്കോട് , വയനാട് , ആലത്തൂര്‍

ഗ്രൂപ്പ് രഹിതന്‍ : ശശി തരൂര്‍

ramesh chennithala kpcc
Advertisment