Advertisment

ലോക്‌സഭാ കക്ഷിനേതാവിനെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് കണ്‍ഫ്യൂഷന്‍ ! അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയാല്‍ പകരമാരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ ഹൈക്കമാന്‍ഡ്. ശശി തരൂരിനെയോ മനീഷ് തിവാരിയെയോ ആക്കിയാല്‍ രാഹുലിന് നേതൃപദവിയിലേക്ക് എത്താന്‍ തടസ്സമാകുമെന്ന് ചില ഉപദേശികള്‍ സോണിയയോട് ! അധിറിനെ മാറ്റിയാല്‍ സോണിയയുടെ മനസിലുള്ളത് ഗൗരവ് ഗൊഗോയിലും രണ്‍വീത് ബിട്ടുവും മാത്രം. പദവിയേറ്റെടുക്കാന്‍ രാഹുലിന് സമ്മര്‍ദ്ദവുമായി മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും രംഗത്ത്. വര്‍ഷകാല സമ്മേളനം തുടങ്ങുമ്പോഴെങ്കിലും തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ റഫാലും ഇന്ധലവില വര്‍ധനവും കോവിഡുമടക്കം 23 വിഷയങ്ങളുമായി കോണ്‍ഗ്രസ്

New Update

publive-image

Advertisment

ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുമുന്നോടിയായി ലോക്‌സഭാ കക്ഷി നേതാവിനെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം ഉടന്‍ എടുക്കും. ഇന്നലെ ചേര്‍ന്ന തന്ത്രപ്രധാനസമിതിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന യോഗത്തിലും ലോക്‌സഭാ കക്ഷി നേതൃസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് സൂചന.

എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ച് ചേര്‍ത്ത് പാര്‍ലമെന്റില്‍ പ്രതിഷേധിക്കണമെങ്കില്‍ കക്ഷിനേതാവിന് അതേ സ്വീകാര്യതയുണ്ടാവേണ്ടതുണ്ട്. തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളുടെ കണ്ണിലെ കരടാണ് നിലവിലെ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഈ സാഹചര്യത്തിലാണ് നേതൃമാറ്റം ചര്‍ച്ചയ്ക്ക് വന്നത്.

അധിറിന് പകരം രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കണെമെന്നാണ് നേതാക്കളുടെ പക്ഷം. രാഹുല്‍ അതിന് തയ്യാറല്ലെങ്കില്‍ മാത്രം ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. തീരുമാനം സോണിയക്ക് വിട്ടെങ്കിലും തിരുത്തല്‍വാദ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കേണ്ടെന്ന നിലപാടിലാണ് അവരെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അധിര്‍ രഞ്ജനെ മാറ്റേണ്ടി വന്നാല്‍ ഗൗരവ് ഗെഗോയി, രണ്‍വീത് ബിട്ടു എന്നിവരാണ് സോണിയായുടെ മനസിലെന്നും വിവരമുണ്ട്. ഹൈക്കമാന്‍ഡുമായി ഒത്തുപോകുന്ന നേതാക്കളെ മാത്രം നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് സോണിയ അടക്കമുള്ള നേതാക്കളുടെ പക്ഷം. അതല്ലെങ്കില്‍ അതു രാഹുലിന് നേതൃപദവിയിലേക്ക് മടങ്ങിയെത്താന്‍ തടസ്സമാകുമെന്നാണ് ചില നേതാക്കള്‍ സോണിയയെ ഉപദേശിച്ചിട്ടുള്ളത്.

അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്സഭയിലും രാജ്യസഭയിലും റഫാല്‍ അഴിമതി ഉള്‍പ്പെടെയുള്ള 23 വിഷയങ്ങള്‍ ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ 19 ദിവസങ്ങള്‍മാത്രമേ ലഭിക്കൂ എന്നതിനാല്‍ വിഷയങ്ങള്‍ പ്രാധാന്യക്രമത്തില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയങ്ങള്‍ അവതരിപ്പിച്ചു.

കശ്മീരിലെ ഡ്രോണ്‍ ആക്രമണം, ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. ജി.എസ്.ടി. വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തത്, തമിഴ്നാടിനെ വിഭജിച്ച് കൊങ്കനാട് സംസ്ഥാനം രൂപവത്കരിക്കാനുള്ള നീക്കം, ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍, പ്രവാസികള്‍ തിരികെപ്പോകാനാവാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയും ഉന്നയിക്കും.

congress
Advertisment