Advertisment

ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് വേണ്ടത്ര നേട്ടമില്ല; രക്തബന്ധുവിനെ ഉന്നത പദവിയിലെത്തിക്കാനുള്ള ആവശ്യവുമായി ഗ്രൂപ്പ് നേതൃത്വത്തിലെ ഉന്നതന്‍ ഹൈക്കമാന്‍ഡിനെ കണ്ടു ! നേതാവിന്റെ ആവശ്യം തന്റെ രക്ത ബന്ധുവിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പദം. നേതാവിന്റെ ഇടപെടല്‍ സ്വന്തം ഗ്രൂപ്പിലെ നേതാക്കളെ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍. നേതാവിന്റെ രക്ത ബന്ധുവിനെ പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും നീക്കം. അതൃപ്തിയോടെ ഗ്രൂപ്പ് നേതാക്കള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്ട്രീയം വേണ്ടത്ര ക്ലച്ച് പിടിക്കുന്നില്ലെങ്കിലും സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ നീക്കം. സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രബല ഗ്രൂപ്പുകളിലൊന്നിന്റെ നായകത്വം വഹിക്കുന്ന നേതാവാണ് തന്റെ രക്ത ബന്ധുവിന് വേണ്ടി കളികള്‍ തുടങ്ങിയത്. ഇനി തന്റെ ഗ്രൂപ്പിന് കാര്യമായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിലും മകന് സുരക്ഷിതമായ താവളം വേണമെന്നാണ് നേതാവിന്റെ നിലപാട്.

കഴിഞ്ഞയിടെ ഈ ഉന്നതനായ നേതാവ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. അന്നു അദ്ദേഹം ഗ്രൂപ്പിന് നേരിടുന്ന അവഗണനയൊക്കെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വലിയ തോതില്‍ പറഞ്ഞെങ്കിലും ഇക്കാര്യങ്ങള്‍ രാഹുലിനോട് പറഞ്ഞില്ല. പകരം ഇദ്ദേഹം ആവശ്യപ്പെട്ടത് തന്റെ രക്ത ബന്ധുവിനെ യൂത്ത്‌ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കണെമെന്നാണ്.

മുതിര്‍ന്ന നേതാവിന്റെ ആവശ്യം കേട്ട രാഹുല്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ഇക്കാര്യം സമ്മതിക്കുകയായിരുന്നു. നേതാവിന്റെ ഉറ്റ ബന്ധുവിന്‌ വൈകാതെ ഈ പദവി ലഭിക്കുമെന്നാണ് സൂചന. ഗ്രൂപ്പിന് വേണ്ടി നടന്ന് പദവികളൊക്കെ പലരും കൊണ്ടുപോയാല്‍ തന്റെ കാലശേഷം പിന്‍ഗാമികളൊക്കെ തന്റെ രക്ത ബന്ധുവിനെ തഴയുമെന്ന ഭയത്തിലാണ് നേതാവ്.

സമീപകാലത്ത് ചില അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായ ഈ രക്തബന്ധുവിന് സംസ്ഥാന രാഷ്ട്രീയത്തില്‍ തീരെ മതിപ്പും അഭിപ്രായവും ഇല്ലെന്നതാണ് സ്ഥിതി. അതിനാല്‍ തന്നെ, നേതാവ് സഹായിച്ചില്ലെങ്കില്‍, കാര്യം പരിതാപകരമാകുമെന്ന് അദ്ദേഹത്തിനും അറിയാം.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പദവി കിട്ടിയാല്‍ ഇദ്ദേഹത്തെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് നേതാവിന്റെ ആലോചന. പത്തനംതിട്ടയില്‍ സിറ്റിങ് എംപി ആന്റോ ആന്റണിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഈ വികാരം മുതലെടുത്ത് തന്റെ രക്ത ബന്ധുവിനെ അവിടെ മത്സരിപ്പിച്ചാല്‍ അതു ഗുണം ചെയ്യുമെന്നാണ് നേതാവിന്റെ വിശ്വാസം.

അതിനുള്ള നടപടികള്‍ ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. അതേസമയം, നേതാവിന് ഈയിടെയായി ഗ്രൂപ്പിലെ സഹപ്രവര്‍ത്തകരോട് അത്ര താല്‍പ്പര്യമില്ലെന്നാണ് നേതാക്കള്‍ തന്നെ അടക്കം പറയുന്നത്. നേതാവിന്റെ രക്ത ബന്ധു തന്നെയാണ് ഗ്രൂപ്പിലെ എല്ലാകാര്യവും ചെയ്യുന്നതും തീരുമാനിക്കുന്നതെന്നും പ്രവര്‍ത്തകര്‍ക്കും ആക്ഷേപമുണ്ട്.

നേതാവിനെ വഴിതെറ്റിക്കുന്ന രീതിയിലാണ് രക്തബന്ധുവിന്റെ പ്രവര്‍ത്തനമെന്നാണ് കൂടെയുള്ളവരുടെ പരാതി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനെതിരെ ഗ്രൂപ്പില്‍ നീക്കം ശക്തമാണ്.

congress
Advertisment