കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ : ഉമ്മന്‍ചാണ്ടി അംഗമാകും. എകെ ആന്റണി സ്ഥിരം ക്ഷണിതാവും. മുല്ലപ്പള്ളി തമിഴ്നാട് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകും

ജെ സി ജോസഫ്
Saturday, July 14, 2018

ഡല്‍ഹി : പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട് തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ആദ്യം പുതിയ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിക്കാനാണ് ഹൈക്കമാണ്ടിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

യുവത്വത്തിനും സീനിയോറിറ്റിക്കും പ്രാമുഖ്യം നല്‍കുന്ന പുതിയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ബഹുഭൂരിപക്ഷവും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് സൂചന.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയില്‍ അംഗത്വം ഉറപ്പിച്ചതായാണ് ലഭ്യമായ വിവരം. നിലവിലെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായ എ കെ ആന്റണിയെ സ്ഥിരം ക്ഷണിതാവാക്കി മാറ്റും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗത്വത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ തമിഴ്നാട് ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. കേരളത്തില്‍ നിന്നും ശശി തരൂര്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നെങ്കിലും ഇത്തവണ അവര്‍ക്കും അവസരം ഉണ്ടാകില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റ് മധ്യപ്രദേശിലെ നേതാവ് ജോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും പ്രവര്‍ത്തക സമിതി ഉള്‍പ്പെട്ടേക്കും. അതേസമയം അംബികാസോണി ഉള്‍പ്പെടെ മുതിര്‍ന്ന അംഗങ്ങള്‍ പലരും തെറിച്ചേക്കും . ആകെയുള്ള 24 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ 12 പേരെ തിരഞ്ഞെടുക്കുന്നതും ബാക്കിയുള്ളവരെ അദ്ധ്യക്ഷന്‍ നോമിനേറ്റ് ചെയ്യുന്നതുമായിരുന്നു പതിവ്.

എന്നാല്‍ കഴിഞ്ഞ എ ഐ സി സി സമ്മേളനത്തില്‍ മുഴവന അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള ചുമതല രാഹുല്‍ ഗാന്ധിക്ക് കൈമാറുകയായിരുന്നു.

×