മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന്‍ സോണിയ. മോഡി നടത്തുന്നത് ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളു൦ മാത്രമെന്ന് മന്‍മോഹന്‍. കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമായി മാറുമെന്ന് രാഹുല്‍ – പുതിയ പ്രവര്‍ത്തക സമിതി യോഗത്തില്‍ ആഞ്ഞടിച്ച് നേതാക്കള്‍

ജെ സി ജോസഫ്
Sunday, July 22, 2018

ന്യൂഡൽഹി ∙ കോണ്‍ഗ്രസിന്‍റെ കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വ്യാപക വിമര്‍ശനങ്ങള്‍. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം.

ബിജെപിയുടെ നേതൃത്വത്തില്‍ ദലിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിൻകീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവർ. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദലിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. കോൺഗ്രസ് ഇപ്പോൾ അനുഭവസമ്പത്തിന്റെയും ഊർജത്തിന്റെയും സങ്കലനമാണ്. അത് ഭൂതകാലത്തെ വർത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോൺഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട നയങ്ങൾക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മൻമോഹൻ പറഞ്ഞു. 2022 ഓടെ ഇന്ത്യയിലെ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ അവകാശവാദം വിദൂരഭാവിയില്‍പോലും യാഥാര്‍ഥ്യമാകില്ല. ഈ നിലയിലുള്ള നേട്ടം കൈവരിക്കണമെങ്കില്‍ പ്രതിവര്‍ഷം പതിനാലുശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കണം. അതിനുള്ള സാഹചര്യം ഇല്ലെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

രാജ്യം ഉറ്റുനോക്കുന്ന 2019 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യത്തിന് കോൺഗ്രസ് തയാറെടുക്കുന്നു. മഹാസഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നാണ് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ പൊതുവികാരം. അതിനു മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി. 12 സംസ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. ബാക്കി സീറ്റുകളില്‍ സഖ്യങ്ങളിലൂടെ മേൽക്കൈ നേടാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

12 സംസ്ഥാനങ്ങളിൽ കോൺഗ്രസിനു സ്വന്തം നിലയിൽ കരുത്തുണ്ടെന്നു പി. ചിദംബരം പറഞ്ഞു. മറ്റിടങ്ങളിൽ സഖ്യങ്ങളുണ്ടാക്കണം. ബിജെപിയെ നേരിടാൻ മഹാസഖ്യം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാനായി ഡല്‍ഹി പാര്‍ലമെന്‍റ് അനക്സില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയുടെ വിശാല യോഗത്തില്‍ പിസിസി അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

×