Advertisment

പുതിയ നേതൃത്വത്തിലും പ്രതീക്ഷ മങ്ങുന്നു; കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം ! കൊട്ടുംകുരവയുമായി ആഘോഷപൂര്‍വമായെത്തിയ കെ സുധാകരനും നിസഹായനോ ? കഴിഞ്ഞ മൂന്നുമാസമായിട്ടും നേതൃത്വവും പ്രവര്‍ത്തനവുമില്ലാതെ ജില്ലാ കമ്മറ്റികള്‍. നേതാക്കളില്ലാതായതോടെ താഴെത്തട്ടിലും പ്രവര്‍ത്തനമില്ല. സമരങ്ങള്‍ മുഴുവന്‍ തിരുവനന്തപുരവും കണ്ണൂരും കേന്ദ്രീകരിച്ച് മാത്രം ! ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം വൈകുന്നത് ഗ്രൂപ്പു നേതാക്കളുടെ കടുംപിടുത്തത്തെ തുടര്‍ന്ന്. ആഗസ്ത് 15ന് മുമ്പ് പ്രഖ്യാപനമെന്ന് കെപിസിസി അധ്യക്ഷന്‍. ഏതു വര്‍ഷമെന്ന് തിരികെ ചോദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും !

New Update

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടനാ ചര്‍ച്ചകള്‍ വൈകുന്നു. മൂന്നു മാസത്തിലേറെയായി പല ഡിസിസികളിലും അധ്യക്ഷന്‍മാരില്ലാതായതോടെ ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇതോടെ കോണ്‍ഗ്രസിന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് താറുമാറായ അവസ്ഥയിലാണ്.

Advertisment

publive-image

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എല്ലാ ഡിസിസി അധ്യക്ഷന്‍മാര്‍ക്കും സ്ഥാന ചലനമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. ചില ജില്ലകളില്‍ അധ്യക്ഷന്‍മാര്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതോടെ പുനസംഘടന ഉടന്‍ ഉണ്ടാകുമെന്ന സന്ദേശവും അണികള്‍ക്ക് ലഭിച്ചു.

ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനും വന്നു. മാറ്റം കൊതിച്ച അണികളും നേതാക്കളും പുതിയ അധ്യക്ഷനെയും വാനോളം പുകഴ്ത്തി. കയ്യടിച്ചു. പക്ഷേ ഇനിയും മാറ്റം വന്നില്ലെന്നു തന്നെയാണ് അണികള്‍ പറയുന്നത്.

കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും വന്നതിന് പിന്നാലെ പാര്‍ട്ടിയിലെ ഗ്രൂപ്പിസം കുറയുമെന്നും ഗ്രൂപ്പു നേതാക്കളുടെ സ്വാധീനത്തിനും കുറവുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ യുവാക്കളും പുതുമുഖങ്ങളുമടങ്ങുന്ന പുതു നേതൃനിര കോണ്‍ഗ്രസിനുണ്ടാകുമെന്നും പല പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ പ്രവര്‍ത്തകരൊക്കെ നിരാശരാണ്.

publive-image

ഡിസിസികളുടെ പ്രവര്‍ത്തനം കഴിഞ്ഞ മൂന്നുമാസമായി നടക്കുന്നതേയില്ല. ഏതു ഗ്രൂപ്പുകാരനാണ് ജില്ലാ അധ്യക്ഷനായി വരുന്നത് എന്നറിഞ്ഞിട്ട് മാത്രം പ്രവര്‍ത്തിക്കാമെന്ന നിലയിലാണ് പല ബ്ലോക്ക്, മണ്ഡലം കമ്മറ്റികളും. ഈ സ്ഥിതി മാറ്റിയെടുക്കാന്‍ സുധാകരനും കഴിയില്ലെന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ പല ചര്‍ച്ചകളും തുടരുന്നത്.

വരുന്ന ആഗസ്ത് 15നു മുന്നോടിയായി ഡിസിസി അധ്യക്ഷന്‍മാരെ നിയമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തിലും നടപടിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. പല സ്ഥാനമോഹികളും ഇപ്പോഴും കെപിസിസി ആസ്ഥാനത്ത് എത്തി ആള്‍ക്കൂട്ടമുണ്ടാക്കുന്നതല്ലാതെ മറ്റ് ഗുണപരമായ കാര്യങ്ങളൊന്നും നടക്കുന്നില്ല.

താഴെത്തട്ടില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാതായതോടെ പ്രവര്‍ത്തനം ഏറെക്കുറെ നിര്‍ജീവമാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒരു സമരത്തിനും ആളില്ലാത്ത അവസ്ഥയാണ്. നേതാക്കളുടെ പടകള്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് ചില സമരങ്ങളൊക്കെ നടന്നെങ്കിലും താഴെത്തട്ടില്‍ അതു പ്രതിഫലിക്കുന്നില്ല.

പുതിയ നേതാക്കള്‍ക്ക് ഇനിയും ആറുമാസം കൂടി സമയം നല്‍കണമെന്നാണ് സുധാകരന്റെയും സതീശന്റെയും വക്താക്കളായ നേതാക്കള്‍ പറയുന്നത്. നിലവിലെ സ്ഥിതി മാറാന്‍ സമയമെടുക്കുമെന്നും ഇവര്‍ പറയുന്നു. അതിനിടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തുന്നുണ്ട്.

പുനസംഘടനാ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകളുണ്ടാകും. പഴയ താപ്പാനകളായ നേതാക്കളെ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് രാഹുലും ഉള്ളതെന്നാണ് സൂചന.

congress
Advertisment