Advertisment

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യെച്ചൂരി തുറന്നുവിട്ട ശബരിമല ഇഫക്ട് സര്‍ക്കാരിന് ബൂമറാങ്ങ് ആകും ! ഒരു മണ്ഡലത്തില്‍ കുറഞ്ഞത് 6000 വിശ്വാസി വോട്ടുകള്‍ വരെ സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ? നിനച്ചിരിക്കാതെ വീണ്ടും യുഡിഎഫ് നേട്ടം കൊയ്യും ! തുടര്‍ഭരണം ഇത്തവണയും ഇടതിന് വിദൂര സ്വപ്നമായി മാറുമെന്ന് സൂചനകള്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരു മുന്നണികള്‍ക്കും അതി നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ശബരിമല ഇഫക്ട്' പ്രതിഫലിക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഓരോ മണ്ഡലത്തിലും സര്‍ക്കാരിനെതിരെ ആറായിരം വരെ വോട്ടുകള്‍ തിരിഞ്ഞിട്ടുണ്ടെന്നാണ് നിഗമനം. റിപ്പോര്‍ട്ട് ശെരിയെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണ സാധ്യതകളെ അട്ടിമറിക്കുന്നതാണ് പുതിയ ഇന്‍റലിജന്‍സ് നിഗമനം. യുഡിഎഫിനായിരിക്കും ഈ നീക്കം ഗുണം ചെയ്യുക.

പ്രചരണത്തിന്‍റെ തുടക്കം മുതല്‍ ശബരിമല വിഷയമാകാതിരിക്കാന്‍ ഇടതുപക്ഷം കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ ശബരിമല പ്രസ്താവന ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി. സിപിഎമ്മിന്‍റെ ശബരിമല നയത്തില്‍ മാറ്റമില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. ഇതു ശരിവച്ചുകൊണ്ടായിരുന്നു മന്ത്രി എംഎം മണി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം.

വിശ്വാസി സമൂഹത്തിനിടയില്‍ യെച്ചൂരിയുടെ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായിയോ പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവനോ പിബി അംഗങ്ങളായ എംഎ ബേബിയോ കൊടിയേരിയോ എസ്ആര്‍പിയോ തിരുത്താന്‍ ശ്രമിച്ചതുമില്ല.

ഇതുമൂലം പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാട് സ്വീകരിക്കുമെന്ന് വിശ്വാസികള്‍ക്കിടയില്‍ പ്രചരണമുണ്ടായി. ഇതോടെ തുടര്‍ഭരണം ഉണ്ടാകുന്നത് തടയാന്‍ കൂട്ടായ നീക്കം വേണമെന്ന ചിന്തയും രൂപപ്പെട്ടു. ഇതാണ് 'വിശ്വാസി വോട്ടുകളില്‍' വന്‍ അട്ടിമറിക്ക് കാരണമായത്.

ബിജെപിയുടെ പെട്ടിയില്‍ വീഴേണ്ടിയിരുന്ന വിശ്വാസി വോട്ടുകളില്‍ നല്ലൊരു പങ്കും ഇത്തവണ ബിജെപിയുടെ ദുര്‍ബല സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ യുഡിഎഫിന്‍റെ പെട്ടിയില്‍ വീണിട്ടുണ്ടെന്നാണ് നിഗമനം. ഇതിന്‍റെ കണക്കാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഒരു മണ്ഡലത്തില്‍ ആറായിരം വരെയാണ് കണക്കാക്കിയിരിക്കുന്നത്.

ബിജെപി ജയസാധ്യത കല്‍പിക്കുന്ന എ പ്ലസ്, എ ഗ്രേഡ് മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥികളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. അല്ലാത്ത മണ്ഡലങ്ങളില്‍ ഇത് ഇടതുപക്ഷത്തിന് ഭീഷണിയാകും. തുടര്‍ഭരണമെന്ന ഇടതുസ്വപ്നം ഇത്തവണയും വിദൂരസാധ്യത മാത്രമായി അവശേഷിക്കും.

ഇടതുപക്ഷവും യുഡിഎഫും കാര്യമായ വോട്ടു വ്യത്യാസമില്ലാത്ത മണ്ഡലങ്ങളില്‍ ഇത്തരം കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇടതുപക്ഷം പ്രതീക്ഷിക്കുന്ന ഇരുപതിലേറെ മണ്ഡലങ്ങളില്‍ ഇത് ഫലത്തെ തന്നെ അട്ടിമറിക്കും. ഇങ്ങനെ വന്നാല്‍ 78 -ല്‍ കുറയാത്ത 87 വരെ എന്ന യുഡിഎഫ് കണക്കുകൂട്ടല്‍ കൃത്യമാകും.

പ്രചരണ തന്ത്രങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ ഇടതു നേതൃത്വം പരാജയപ്പെട്ടെന്ന വിമര്‍ശനം നേതാക്കള്‍ക്കുണ്ട്. എല്ലാ പ്രതീക്ഷകളും കിറ്റിലും പെന്‍ഷനിലും അര്‍പ്പിച്ചിരിക്കുകയായിരുന്നു നേതൃത്വം എന്ന വിമര്‍ശനമാണ് അണികള്‍ ഉന്നയിക്കുന്നത്.

trivandrum news
Advertisment