പോലീസുകാരെ മഴു കൊണ്ട് ആക്രമിച്ച പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു ;അടിയേറ്റ പൊലീസുകാരന്‍ മരിച്ചു

Wednesday, September 12, 2018

ഭോപ്പാൽ: മധ്യപ്രദേശില്‍ വിചാരണ തടവുകാരന്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ബിന്ദ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. രാത്രിയില്‍ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പിന്നിലൂടെ മഴുവുമായി എത്തുന്ന പ്രതി ആക്രമിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിസി ടിവി ദൃശ്യങ്ങളില്‍ മഴുവുമായി പിറകിലൂടെ വരുന്ന പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയില്‍ ആഞ്ഞു വെട്ടുന്നതും ഇയാള്‍ എണീക്കാന്‍ പോലുമാക്കാതെ കസേരയില്‍ കുഴഞ്ഞു ഇരിക്കുന്നതും കാണാം. തൊട്ട് അടുത്ത നിമിഷം തന്നെ അടുത്തിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനേയും തലയ്ക്ക് അടിച്ചു വീഴ്ത്തുന്ന പ്രതി തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് പുറത്തേക്കിറങ്ങി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ സംഭവങ്ങളെല്ലാം സ്റ്റേഷനകത്ത് നില്‍ക്കുന്ന മറ്റൊരാള്‍ നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ഇയാള്‍ പ്രതികരിക്കുന്നില്ല. പൊലീസുകാരെ ആക്രമിച്ച പ്രതി രക്ഷപ്പെട്ടെങ്കിലും അടുത്ത ദിവസം തന്നെ പിടിയിലായെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പൊലീസുകാരേയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഈ ഉദ്യോഗസ്ഥന്‍ പിന്നീട് മരിച്ചു. സെപ്തംബര്‍ ഒന്‍പതിനാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.

×