Advertisment

കൊറോണ ; സംസ്ഥാനത്ത് മൂന്നു പേർ ഐസൊലേഷൻ വാർഡുകളിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷൻ വാർഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധന തുടരുകയാണ്.

Advertisment

publive-image

ചൈനയിലെ വുഹാനിൽ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാർത്ഥിയെ കൂടി രോഗബാധ സംശയിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷൻ വാർഡുകളിലുള്ളവരുടെ എണ്ണം മൂന്നായി.

പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാൾ തിരുവനന്തപുരത്താണ്. ഇവരുടെ ശരീരസ്രവങ്ങളുടെ സാമ്പിളുകൾ പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നോർക്ക വഴി അതാത് സ്ഥലങ്ങളിൽ തന്നെ ഇതിനുള്ള സൗകര്യമൊരുക്കും. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മറ്റ് 14 പേരാണ് വീടുകളിലും വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.

മുൻകരുതലിന്റെ ഭാഗമായാണ് പരിശോധനകളെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ചൈനയിൽ നിന്ന് എത്തുന്ന എല്ലാവരെയും കർശനമായി നിരീക്ഷിക്കാനാണ് നിർദ്ദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനായി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

Advertisment