Advertisment

കൊവിഡ് രോഗവ്യാപനം: സ്വകാര്യ രംഗത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍

New Update

ഡല്‍ഹി: കൊവിഡ് രോഗം രാജ്യത്ത് പടര്‍ന്ന് ആശങ്കവിതയ്ക്കുന്നതിനൊപ്പം രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ ആശങ്കയിലാണ്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ് കൂടുതല്‍ ആശങ്കയിലുള്ളത്. ഏതെങ്കിലും രോഗികൾ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ അത് പുറം ലോകത്തു നിന്ന് മറച്ചു വെയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിക്കുന്നു.

Advertisment

publive-image

തൻമൂലം ഈ രോഗികളെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര മുൻകരുതലുകൾ എടുക്കാൻ സാധിക്കുന്നില്ല കൊറോണ രോഗി ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞാല്‍ മറ്റ് രോഗികള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ആശുപത്രികള്‍ക്കുണ്ട് എന്നതാണ് അതിന് കാരണം.

ഡല്‍ഹിയിലെ പല സ്വകാര്യ ആശുപത്രികളിലും കൊറോണ രോഗികള്‍ മരിക്കാന്‍ ഇടയായത് ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കില്‍ വന്നിട്ടില്ല എന്നതാണ് വാസ്ഥവം. ചികിത്സയിലുള്ള രോഗികളില്‍ കോവിഡ് ബാധ ഉണ്ടായിട്ടുണ്ടോ എന്നത് മറച്ചു വെയ്ക്കുന്നത് ഭീകരമായ മനുഷ്യാവകാശ ലംഘനമാണ്. കൊറോണ വൈറസ് ബാധ ഏറ്റ രോഗിയെ ഐസിയുവില്‍ പ്രവശിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്.

ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് യു എൻ എ ഡൽഹി ഘടകം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സംഘടനാ സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ് അറിയിച്ചു

ഡല്‍ഹിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ഡോക്ടര്‍ ഉള്‍പടെ ആറ് നേഴ്സിങ്ങ് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാന്‍സര്‍ രോഗികളില്‍ രോഗ പ്രതിരോധ ശേഷി തീരെ കുറവാണ്. ഇവിടെ ഇപ്പോള്‍ 38 രോഗികളും, 42 ആരോഗ്യ പ്രവര്‍ത്തകരും ഉണ്ട്.ഇവരില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്ക തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇത് കൂടാതെ മഹാരാജാ അഗ്രസന്‍ ആശുപത്രിയിലും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗി മറ്റൊരു ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണു കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. എത്ര മാത്രം അലഷ്യമായാണ് സ്വകാര്യ ആശുപത്രികൾ ഇ മഹാ മാരിയെ കാണുന്നത് എന്നുള്ളതിന്റെ ഉദാഹരണം ആണു ഇ സംഭവം. ഡൽഹിയിൽ ഇതുവരെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒട്ടേറെ നേഴ്സിങ്ങ് ജീവനക്കാര്‍ കോവിഡ് പരിശോധനാ ഫലം കാത്ത് കഴിയുന്നുണ്ട്.

കൊവിഡ്19 ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടി ഡല്‍ഹിയിലെ യുണയ്റ്റഡ് നേഴ്സസ് അസോസിയഷന്‍ (യുഎന്‍എ) സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നഴ്സുമാരുള്‍പ്പടെ 50 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊറോണ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.

2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും മാര്‍ച്ച് 19ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഇടക്കാല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തെങ്കിലും ദേശീയ കൊവിഡ് 19 മാനേജ്മെന്‍റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ പോലും കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറായിട്ടില്ല എന്ന് യുഎന്‍എ ദേശിയ വര്‍ക്കിങ്ങ് പ്രസിഡന്‍റ് റിന്‍സ് ജോസഫ് പറഞ്ഞു. ഗ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും അശാസ്ത്രീയമായ രോഗീപരിചരണവും മൂലം നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് രോഗ ബാധിതരാകുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തി സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഉറപ്പു വരുത്തുക, കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക താമസ സൗകര്യവും യാത്രാ ഭക്ഷണ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, നഴ്സുമാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായ കൊറോണ ടെസ്റ്റിനും, സൗജന്യ ചികിത്സക്കും സൗകര്യങ്ങളൊരുക്കുക, ജോലിക്കിടയില്‍ രോഗ ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിനാവശ്യമായ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും യുഎന്‍എ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്വ.സുഭാഷ് ചന്ദ്രന്‍, അഡ്വ. ബിജു രാമന്‍ എന്നിവര്‍ മുഖേനയാണ് കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടിയുള്ള ഹര്‍ജി യുഎന്‍എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Advertisment