Advertisment

എന്‍-95, ത്രീലെയര്‍ മാസ്‌ക്കുകള്‍ എന്നിവ ആശുപത്രിയില്‍ ഉപയോഗിക്കേണ്ടവ ; പൊതുജനങ്ങള്‍ക്കു സാധാരണ ഉപയോഗത്തിനു രണ്ടു പാളികളുള്ള കോട്ടണ്‍ മാസ്‌ക് മതി ; മാസ്‌ക് ധരിക്കുന്നതിനു മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകണം ; ധരിച്ചതിനു ശേഷം മാസ്‌കിന്റെ മുന്‍ഭാഗത്ത് കൈകള്‍ കൊണ്ട് സ്പര്‍ശിക്കരുത് ; വീണ്ടും ഉപയോഗിക്കുമ്പോഴും മാസ്‌കിന്റെ മുന്‍വശം ഒന്നുതന്നെയായിരിക്കണം, മാസ്‌ക് തിരിച്ചു കെട്ടാന്‍ പാടില്ല ; പ്രത്യേക ശ്രദ്ധവേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

New Update

പത്തനംതിട്ട : മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും അവ സംസ്‌കരിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. എന്‍-95, ത്രീലെയര്‍ മാസ്‌ക്കുകള്‍ എന്നിവ ആശുപത്രിയില്‍ ഉപയോഗിക്കേണ്ടവയാണ്. പൊതുജനങ്ങള്‍ക്കു സാധാരണ ഉപയോഗത്തിനു രണ്ടു പാളികളുള്ള കോട്ടണ്‍ മാസ്‌ക് മതിയാകും. കോട്ടണ്‍ തുണികൊണ്ട് വീടുകളില്‍ തന്നെ തുന്നിയെടുക്കാം ഇവ. വീടിനു പുറത്തോ പൊതുസ്ഥലങ്ങളിലോ പോകുമ്പോള്‍ ഇത്തരം മാസ്‌ക്കുകള്‍ ഉപയോഗിക്കാം.

Advertisment

publive-image

വീണ്ടും കഴുകി ഉപയോഗിക്കാമെന്നതിനാല്‍ ഇവ ഉപയോഗത്തിനുശേഷം ഉപേക്ഷിക്കേണ്ടതില്ല. മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതു വലിയ ആരോഗ്യ പ്രശ്‌നത്തിനു കാരണമാകും. എന്നാല്‍ വീട്ടില്‍ നിര്‍മിക്കുന്ന കോട്ടണ്‍ മാസ്‌ക്കുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി നന്നായി ഉണക്കി വീണ്ടും ഉപയോഗിക്കാം.

വെയിലത്ത് അഞ്ചു മണിക്കൂറെങ്കിലും ഉണക്കി വേണം വീണ്ടും ഉപയോഗിക്കാന്‍. വെയിലില്ലാത്ത കാലാവസ്ഥയില്‍ സോപ്പ് ലായനിയില്‍ കഴുകിയശേഷം തേപ്പുപെട്ടി ഉപയോഗിച്ച് നന്നായി ചൂടാക്കിയാല്‍ മതിയാകും. പ്രഷര്‍ കുക്കറില്‍ 10 മിനിറ്റ് തിളപ്പിക്കുകയോ സാധാരണ പാത്രത്തില്‍ 15 മിനിറ്റ് തിളപ്പിക്കുകയോ ചെയ്യുന്നതും ഫലപ്രദമാണ്.

ഒരാള്‍ക്ക് കുറഞ്ഞതു രണ്ടു മാസ്‌ക് എങ്കിലും വേണം. വൃത്തിയുള്ള കോട്ടണ്‍ തുണികൊണ്ടു വായും മൂക്കും നന്നായി മൂടുന്ന വലുപ്പത്തില്‍ ഇവ തുന്നിയെടുക്കാം. മാസ്‌ക് ധരിക്കുന്നതിനു മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകണം. ധരിച്ചതിനു ശേഷം മാസ്‌കിന്റെ മുന്‍ഭാഗത്ത് കൈകള്‍ കൊണ്ട് സ്പര്‍ശിക്കരുത്.

വീണ്ടും ഉപയോഗിക്കുമ്പോഴും മാസ്‌കിന്റെ മുന്‍വശം ഒന്നുതന്നെയായിരിക്കണം. മാസ്‌ക് തിരിച്ചു കെട്ടാന്‍ പാടില്ല. ഓരോ ഉപയോഗത്തിനു ശേഷവും മാസ്‌കിന്റെ വള്ളിയില്‍ മാത്രം പിടിച്ച് ഊരിയെടുത്തു കഴുകാനുള്ള ബക്കറ്റില്‍ ഇടണം. നന്നായി കഴുകി ഉണക്കിയ മാസ്‌ക്കുകള്‍ വൃത്തിയുള്ള കവറില്‍ ഇട്ട് വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചുവയ്ക്കാം

mask corona mask
Advertisment