Advertisment

24 മണിക്കൂറിൽ 8,380 പേർക്ക് കൊവിഡ്, 193 മരണം; ആശങ്കയോടെ ഇന്ത്യ; ഗുജറാത്തിലും ആയിരത്തിലേറെ മരണം

New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ഇന്നലെ മാത്രം 8,380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 193 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.82 ലക്ഷമായി ഉയര്‍ന്നു. 5,164 പേര്‍ക്കാണ് കൊവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടമായതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

ഒരു ദിവസം രേഖപ്പെടുത്തിയ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നലത്തെ കൊവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് ഇതുവരെ 86,984 പേര്‍ക്ക് അസുഖം ഭേദമായി. 89,995 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ തുര്‍ക്കിയെ മറികടന്ന് ഒന്‍പതാമതാണുളളത്.

publive-image

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ ഏറെയുമുളളത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന മഹാരാഷ്ട്രയിലും ​ഗുജറാത്തിലും മരണം ആയിരം കടന്നു. മഹാരാഷ്​ട്രയിൽ 2197ഉം ഗുജറാത്തിൽ 1,007ഉം മരണങ്ങളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,940 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുകയും 99 പേര്‍ മരിക്കുകയും ചെയ്തു. 65,168 പേർക്ക്​ രോഗം സ്​ഥിരീകരിച്ച മഹാരാഷ്​ട്രയിൽ 34,890 രോഗികളാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 28,081 പേർ സുഖംപ്രാപിച്ചു.

ശനിയാഴ്ച 27 മരണമാണ്​ ഗുജറാത്തിൽ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 24​ എണ്ണവും അഹമ്മദാബാ​ദിലാണ്. അഹമ്മദാബാ​ദിൽ മാത്രം 11,881 രോ​ഗികളാണുളളത്. ​ഗുജറാത്തിൽ ആകെ രോ​ഗബാധിതർ 16,356 ആണ്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്​ഥാനത്തുളളത് തമിഴ്നാടാണ്. 21,184 പേർക്കാണ്​ ഇതുവരെ കൊവിഡ്​ പോസിറ്റീവ്​ കണ്ടെത്തിയത്. ഇതിൽ 12,000 പേർ സുഖം പ്രാപിച്ചു. നിലവിൽ 9,021 പേർ ചികിത്സയിലുണ്ട്​. 163 പേരാണ്​ ഇതുവരെ ​ മരിച്ചത്​.

ആയിരത്തിലേറെ പേര്‍ക്ക് ഇന്നലെയും കൊവിഡ് കണ്ടെത്തിയ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 18,567 ആയി ഉയര്‍ന്നു. 416 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. രാജ്യത്ത് ആകെ എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ മരണം നൂറ് കടന്നു. പുതുതായി 58 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ച കേരളത്തിൽ 1,208 കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. ഒമ്പതുപേർ മരിച്ചു. ഒരാൾക്കുവീതം രോഗം സ്​ഥിരീകരിച്ച മിസോറാമും സിക്കിമുമാണ്​ ഏറ്റവും കുറവ്​ രോഗികളുള്ള സംസ്​ഥാനം.

covid 19 corona world covid india
Advertisment