24 മണിക്കൂറില്‍ ലോകത്ത് 3,185 മരണം, 1.09 ലക്ഷം പേര്‍ക്ക് കൊവിഡ്; ബ്രസീലില്‍ രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, June 1, 2020

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,185 പേര്‍. ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 3.73 ലക്ഷം കടന്നു. 213 രാജ്യങ്ങളിലായി 62.59 ലക്ഷം പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തി. ഇതില്‍ 27.85 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തന്നെ 53,416 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയില്‍ കൊവിഡ് മരണത്തില്‍ കുറവ് ഉണ്ടാകുന്നതായിട്ടാണ് കണക്കുകള്‍. ഇന്നലെ 633 പേരാണ് മരിച്ചത്. 20,705 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയിലെ ആകെ മരണം 1.06 ലക്ഷമായി ഉയര്‍ന്നു. ആകെ 18.37 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തി. രോഗമുക്തി നേടിയവരൊഴിച്ച് നിലവില്‍ 11.89 ലക്ഷം പേരാണ് ചികിത്സയിലുളളത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ഇന്നലെ 480 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 29,314 ആയി ഉയര്‍ന്നു. 5.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബ്രസീലില്‍ 2.06 ലക്ഷം പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറില്‍ മെക്‌സിക്കോയില്‍ 364 പേരും ക്യാനഡയില്‍ 221 പേരും ഇന്ത്യയില്‍ 223 പേരും റഷ്യയില്‍ 138 പേരും പെറുവില്‍ 135 പേരും യുകെയില്‍ 113 പേരുമാണ് മരിച്ചത്. റഷ്യയില്‍ ഇന്നലെ 9,268 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം നാലുലക്ഷം കടന്നു. ആകെ 4,693 മരണം മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വലിയ കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സ്‌പെയിനില്‍ ഇന്നലെ രണ്ട് പേര്‍ മാത്രമാണ് മരിച്ചത്. 201 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 333 കൊവിഡ് രോഗികളും 75 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായത്. ഫ്രാന്‍സില്‍ ഇന്നലെ 31 പേര്‍ മരിക്കുകയും 257 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

സൗദി അറേബ്യയില്‍ ഇന്നലെ 23 പേര്‍ മരിക്കുകയും 1,877 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സൗദിയിലെ മരണം 503 ആയി ഉയര്‍ന്നു. 85,261 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സൗദിയില്‍ 62,442 പേരും രോഗമുക്തി നേടി. ഖത്തറില്‍ ഇന്നലെ രണ്ട് മരണവും 1,648 കൊവിഡ് കേസുകളുമാണ് സ്ഥിരീകരിച്ചത്. ആകെ 38 പേര്‍ മരിച്ച ഖത്തറില്‍ 56,910 പേര്‍ക്കാണ് ഇതുവരെ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 30,290 പേര്‍ രോഗമുക്തി നേടി. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ മരിച്ച യുഎഇയില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 264 ആയി ഉയര്‍ന്നു. 34,557 പേര്‍ക്കാണ് ഇവിടെ കൊവിഡ് കണ്ടെത്തിയത്. രോഗമുക്തി നേടിയവരൊഴിച്ച് 16,361 പേരാണ് നിലവില്‍ ചികിത്സയിലുളളത്.

×