Advertisment

24 മണിക്കൂറില്‍ 15,000ത്തിലേറെ രോഗികള്‍, 306 മരണം; രാജ്യത്ത് കൊവിഡ് ബാധിതര്‍ 4.10 ലക്ഷം, മരണം 13,254

New Update

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,413 പേര്‍ക്ക്. കൂടാതെ 306 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. ഇതുവരെ 4.10 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 13,254 പേരാണ് ഇന്നലെ വരെ മരിച്ചത്.

Advertisment

publive-image

വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചവരില്‍ 2.27 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 1.69 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും ദേശീയ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 3,874 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 160 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 1.28 ലക്ഷമായി. 5,984 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം ഇതുവരെ 65,329 പേർക്ക് രോഗം കണ്ടെത്തി. ഇതിൽ 3,561 പേരാണ് മരണമടഞ്ഞത്.

ഡൽഹിയിൽ ഇന്നലെ 77 പേർ മരിക്കുകയും 3,630 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56,746 ആയി ഉയർന്നു. ഇതുവരെ 2,112 പേരാണ് ഇവിടെ മരിച്ചത്.തമിഴ്‌നാട്ടിൽ ഇന്നലെ 2,396 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 38 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 56,845 ആയി. 704 പേരാണ് ഇതുവരെ മരിച്ചത്.

covid 19 corona virus all news
Advertisment