Advertisment

പാലായില്‍ കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടിയ 2 ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്കും സിപിഎം - കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താക്കീത് ? തങ്ങളുടെ തര്‍ക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് വിശദീകരിച്ച് തമ്മിലടിച്ച ബിനു പുളിക്കക്കണ്ടവും ബൈജു കൊല്ലംപറമ്പിലും ! തര്‍ക്കം വ്യക്തിപരമെന്ന് ഇരുപാര്‍ട്ടികളും !

New Update

publive-image

Advertisment

പാലാ: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ അപക്വമായ പെരുമാറ്റത്തില്‍ ഭരണകക്ഷി അംഗങ്ങളായ രണ്ട് കൗണ്‍സിലര്‍മാര്‍ക്കും അതാത് പാര്‍ട്ടികളുടെ താക്കീത്. ഇന്നത്തെ സംഭവ വികാസങ്ങള്‍ ഇരു കൗണ്‍സിലര്‍മാര്‍ക്കും പ്രതികൂലമായേക്കും.

നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയത് സിപിഎമ്മും കേരള കോണ്‍ഗ്രസും ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലംപറമ്പിലും തമ്മിലായിരുന്നു കൗണ്‍സില്‍ യോഗത്തിനിടെ പരസ്പരം ഏറ്റുമുട്ടിയത്.

നഗരഭരണത്തിന്‍റെ തുടക്കം മുതല്‍ ഇരു കൗണ്‍സില‍ര്‍മാരും തമ്മില്‍ അത്ര സൗഹൃദത്തിലായിരുന്നില്ല. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഎം - കേരള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നെങ്കിലും ഇന്ന് കൗണ്‍സില്‍ യോഗത്തിനിടെ ഇരുവരും പ്രകോപനപരമായി ഏറ്റുമുട്ടുകയായിരുന്നു.

പാലായില്‍ ജോസ് കെ മാണിയുടെ വിജയത്തിനായി സിപിഎമ്മും കേരള കോണ്‍ഗ്രസ് - എമ്മും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനിടെ തങ്ങളുടെ കൗണ്‍സിലര്‍മാര്‍ അപക്വമായി പെരുമാറിയതില്‍ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇരുവരെയും നേരിട്ട് വിളിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഒന്നിച്ചിരുന്നാണ് അതൃപ്തി അറിയിച്ചത്.

അതിനിടെ പാലായില്‍ സിപിഎം - കേരള കോണ്‍ഗ്രസ് - എം തര്‍ക്കം എന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴി യുഡിഎഫ് അണികള്‍ വ്യാപക പ്രചരണം അഴിച്ചുവിട്ടു. എന്നാല്‍ തങ്ങള്‍ തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയമല്ലെന്നും വ്യക്തിപരമാണെന്നും പരസ്പരം ഏറ്റുമുട്ടിയ കൗണ്‍സിലര്‍മാരും മാധ്യമങ്ങളെ അറിയിച്ചു. സിപിഎം - കേരള കോണ്‍ഗ്രസ് നേതാക്കളും തര്‍ക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് പത്രസമ്മേളനം വിളിച്ചു പറഞ്ഞു.

pala news
Advertisment