Advertisment

വാക്‌സിന്‍ പ്രധാനമായും വേണ്ടിവരിക 60 വയസുമുതല്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക്; സമപ്രായക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും കൊറോണ ആദ്യം പിടികൂടുന്നത് പുരുഷന്മാരെ; കാരണം വിശദീകരിച്ച് പഠന റിപ്പോര്‍ട്ട്‌ !

New Update

സമപ്രായക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും കൊറോണ ആദ്യം പിടികൂടുന്നത് പുരുഷന്മാരെയെന്ന് പഠന റിപ്പോര്‍ട്ട്‌.പ്രായമേറിയ പുരുഷന്മാരിലാണ് അതേപ്രായത്തിലുള്ള സ്ത്രീകളേക്കാള്‍ കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് പുരുഷന്മാരില്‍ കൊറോണ വൈറസ് ബാധ കൂടുതല്‍ കാണപ്പെടുന്നുവെന്നതിനെ കുറിച്ചാണ് പഠനം.

Advertisment

publive-image

പുരുഷന്മാരിലെ പ്രതിരോധശേഷി സ്ത്രീകളെക്കാള്‍ ദുര്‍ബലമായതിനാലാണ് ഇതെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 60 വയസുമുതല്‍ മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കോവിഡിനെതിരായ വാക്‌സിന്‍ പ്രധാനമായും വേണ്ടിവരികയെന്നാണ് ഗവേഷകര്‍ പറയുന്നത്. വൈറസിനെതിരെ പുരുഷന്മാരില്‍ സ്വാഭാവിക പ്രതിരോധം വളരെപ്പെട്ടെന്ന് പരാജയപ്പെടുന്നുവെന്ന് ഗവേഷകരിലൊരാളായ അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഇമ്മ്യൂണോളജിസ്റ്റ് അകികൊ ഇവസാകി പറയുന്നു.

രോഗകാരികളായ അണുക്കളെ കൊല്ലാന്‍ കഴിയുന്ന കോശങ്ങളാണ് ടി കോശങ്ങള്‍. ഈ കോശങ്ങൾ സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. പുരുഷന്മാരില്‍ ഇതിന്റെ ഉത്പാദനം കുറവാണ്. പ്രായം കൂടുന്തോറും അതിന്റെ ശേഷിയും കുറയുന്നു. ഇത്തരക്കാരില്‍ രോഗം വളരെ ഗുരുതരമാകുകയും ചെയ്യുന്നു. 90 വയസുള്ള ഒരു സ്ത്രീയ്ക്ക് അതേ പ്രായത്തിലുള്ള പുരുഷന്മാരേക്കാള്‍ ശക്തരായ ടി കോശങ്ങളെ ഉത്പാദിപ്പിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

ലിംഗവ്യത്യാസങ്ങള്‍ക്കനുസരിച്ച് രോഗപ്രതിരോധ സംവിധാനത്തിന് വ്യത്യാസങ്ങളുണ്ട്. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കോ നവജാത ശിശുക്കള്‍ക്കോ ഭീഷണിയുണ്ടാക്കിയേക്കാവുന്ന രോഗാണുക്കള്‍ക്കെതിരെ സ്ത്രീ ശരീരം പ്രതിരോധം ശക്തമാക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

അതേസമയം അതിശക്തമായ രോഗപ്രതിരോധ ജാഗ്രത ശരീരം പുലര്‍ത്തുന്നതും അപകടമാണ്. നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ള ശരീരകോശങ്ങളെ ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്ക് ഈ ഉയര്‍ന്ന രോഗപ്രതിരോധ ജാഗ്രത കാരണമാകുന്നുണ്ട്.

ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ കൂടുതലും കാണപ്പെടുന്നത് സ്ത്രീകളിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

covid 19 covid vaccine
Advertisment