Advertisment

കോവിഡ് രണ്ടാം തരംഗം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥ വീഴ്ചയാണ് വ്യാപനത്തിന് കാരണമെന്ന് ബിജെപി നേതാക്കള്‍

New Update

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം അതിശക്തമായിരിക്കെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥവീഴ്ചയാണ് വ്യാപനത്തിന് കാരണമെന്ന കുറ്റപ്പെടുത്തലുകളുമായി ബിജെപി നേതാക്കള്‍ രംഗത്ത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

Advertisment

publive-image

ആംബുലന്‍സുകളും കോവിഡ് ബെഡുകളും ടെസ്റ്റിംഗ് കിറ്റുകളും ആവശ്യത്തിന് ലഭിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് ഉത്തര്‍പ്രദേശ് മന്ത്രി ബ്രജേഷ് പഥക് വിമര്‍ശിച്ചത്. ഇത് സംബന്ധിച്ച് കുറ്റപ്പെടുത്തലുകളുമായി മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

മധ്യപ്രദേശിലും സമാനമായ രീതിയില്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. ആശുപത്രികളില്‍ ഓക്സിജനും റെംഡിസിവിറും ലഭിക്കുന്നില്ലെന്ന് സമ്മതിച്ചുകൊണ്ടാണ് നേതാക്കളുടെ കുറ്റപ്പെടുത്തല്‍.

ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്നത് കൃത്രിമ കണക്കുകളാണെന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ കുറ്റപ്പെടുത്തുന്നു. ഗുജറാത്തില്‍ ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ സൂറത്തില്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് കോവിഡ് മരുന്ന് വിതരണം ചെയ്തത് വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി രംഗത്തെത്തിയ ബിജെപി നേതാക്കളും കുറ്റപ്പെടുത്തിയത് ഉദ്യോഗസ്ഥരെത്തന്നെ.

രോഗികള്‍ക്ക് കിടക്കകളും മരുന്നുകളും ലഭിക്കാത്ത വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് തങ്ങള്‍ മരുന്ന് വിതരണം നടത്തിയതെന്നായിരുന്നു ബിജെപിയുടെ വാദം.

covid 19 india
Advertisment