Advertisment

എറണാകുളത്തെ ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി; നിയന്ത്രണങ്ങളിൽ വിട്ടു വീഴ്ചയുണ്ടാകില്ല

New Update

കൊച്ചി: എറണാകുളത്തെ ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടു വീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ കർശന നടപടിയെന്നും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലേക്ക് കൂട്ടമായി എത്തരുതെന്നും എസ്.പി പറഞ്ഞു.

Advertisment

publive-image

അതേസമയം, എറണാകുളം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ ജില്ലയിൽ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നൽ‌ നൽകാനും തീരുമാനമായി.

എറണാകുളത്ത് നിലവിൽ കോവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്നത് 61,847 പേർ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 10 ദിവസത്തിൽ പോസിറ്റീവായത് 45,187 പേർ. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോൾ 32 പേരിൽ കോവിഡ് സ്ഥിരീകരിക്കപെടുന്നു. പോസിറ്റീവായവരിൽ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്.

2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിൽ 800 പേർ. എഫ്എൽടിസി, എസ്എൽടിസി, ഡൊമിസിലിയറി കെയർ സെന്ററുകളിൽ ആയിരത്തോളം പേരും കഴിയുന്നു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തിൽ തന്നെ കൈകാര്യം ചെയ്യാനും തീരുമാനമായി.

തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാൻ ഇൻസിഡന്റ്സ് റെസ്പോൺസ് സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുടങ്ങും ഈ കൺട്രോൾ റൂമുകൾ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയിൽ റജിസ്റ്റർ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടിൽ പ്രയോജനപ്പെടുത്തും.

covid 19 kochi
Advertisment