Advertisment

ഞങ്ങളെ സംബന്ധിച്ച് അവാർഡുകളെക്കാൾ പ്രധാനം ജനങ്ങളുടെ ജീവനും സുരക്ഷക്കുമാണ്. കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അവാർഡ് കിട്ടിയിട്ട് എന്താണ് കാര്യം? കോവിഡിന് ശേഷമുള്ള പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിക്കും. ഒന്നുമില്ലെങ്കിലും വെറും 2.1 ചതുരശ്ര കിലോമീറ്ററിൽ പത്തുലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കൊറോണയെ ചെറുത്ത് തോൽപ്പിച്ചവരല്ലേ ഞങ്ങൾ...! ധാരാവിയിൽ കോവിഡ് കേസുകൾ പൂജ്യമായതില്‍ പ്രതികരണവുമായി കോൺഗ്രസ് യുവ എംഎല്‍എ !

New Update

മുംബൈ: മുംബൈയിലെ ധാരാവി.. ഏകദേശം 2.4 ചതുരശ്ര കിലോമീറ്ററിനുള്ളിൽ, അതായത് 530 ഏക്കറുകൾക്കുള്ളിൽ പത്ത് ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശം. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യക്കാർ മുഴുവനും ചിന്തിച്ചത് ഇത്രയും ജനസാന്ദ്രതയുള്ള ധാരാവിയിൽ കൊറോണ ഒരു മഹാവിപത്തിന് തന്നെ കാരണമാകും എന്നതായിരുന്നു.

Advertisment

publive-image

പക്ഷെ, ചിട്ടയാർന്ന പ്രവർത്തനങ്ങൾ മൂലം, വ്യാപകമായ ടെസ്റ്റിംഗും, ഐസൊലേഷനും, ട്രീറ്റ്മെന്റും മൂലം കോവിഡ് എന്ന ലോകത്തെ വിറപ്പിച്ച മഹാമാരിയെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് ധാരാവിയിലെ ജനങ്ങൾ.

തുടർച്ചയായ നാലാമത്തെ തവണയും ധാരാവിയുടെ എം എൽ എ ആയ വർഷ ഗെയ്ക്‌വാദ് എന്ന വിദ്യാഭ്യാസ മന്ത്രിക്ക് ഈ നേട്ടത്തിലുള്ള പങ്ക് വിസ്മരിക്കാവതല്ല. ജനങ്ങൾക്ക് മുഴുവൻ ഒരു താങ്ങായി, ജനങ്ങൾക്ക് മുഴുവൻ ഒരാശ്വാസമായി അവർ വിശ്രമമില്ലാതെ പണിയെടുത്തു. അതിന്റെ ഫലമായി ജനങ്ങൾ മുഴുവൻ ആശങ്കയോടെ നോക്കിയിരുന്ന ധാരാവിയിൽ നിന്ന് കോവിഡ് ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത രീതിയിലേക്ക് മാറി.

അതിന്റെ ക്രെഡിറ്റൊന്നും എടുക്കാൻ അവർ തയ്യാറല്ല; ജനങ്ങളുടെ നിശ്ചയദാർഢ്യവും അവരുടെ സഹകരണവും നിമിത്തം മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത് എന്ന് അവർ പറയുന്നു.

 ധാരാവിയിൽ കോവിഡ് കേസുകൾ പൂജ്യമായ ദിവസം മലയാളി മാധ്യമ പ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ധാരാവിയിൽ നിന്നുള്ള കോൺഗ്രസ് യുവ എല്‍എല്‍എയും വിദ്യഭ്യാസ മന്ത്രിയുമായ  വർഷ ഗെയിക്ക്വാധ് പറഞ്ഞ മറുപടി വായിക്കാം

മാധ്യമ പ്രവർത്തകൻ: മാഡം അഭിനന്ദനങ്ങൾ. ധാരാവിയെ പോലെ തിരക്കേറിയ ഒരു പ്രദേശത്ത് കോവിഡ് നിയന്ത്രിക്കാൻ എങ്ങനെയാണ് നിങ്ങൾക്ക് കഴിഞ്ഞത്.?

വർഷ: ആദ്യമേ ഇത്‌ എന്റെ നേട്ടമോ വിജയമോ അല്ല ഇത്‌ ധാരാവിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. ഇന്ന് ഞങ്ങൾക്ക് കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കാം. വൈറസിന്റെ പുതിയ രൂപം പല ലോകരാജ്യങ്ങളിലും കണ്ടെത്തി തുടങ്ങി.

ഞങ്ങൾ അത്തരമൊരു സാഹചര്യം വരാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ. കോവിഡ് പ്രതിരോധത്തിൽ ഞങ്ങൾ ആദ്യമേ സ്വീകരിച്ച നയം ദിവസേന പരമാവധി ടെസ്റ്റുകൾ ചെയ്യുക എന്നതാണ് അതുപോലെ ലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റി. അതോടൊപ്പം എടുത്ത് പറയേണ്ടത് ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ, മരുന്ന്, പാചക വാതകം തുടങ്ങിയവ വീടുകളിൽ എത്തിച്ചു അതിനാൽ ആളുകൾ പുറത്തിറങ്ങുന്നത് വളരെയേറെ കുറഞ്ഞു.

മാധ്യമ പ്രവർത്തകൻ: മാഡം ഞാൻ കേരളത്തിൽ നിന്നാണ്...

വർഷ: അത്‌ താങ്കളുടെ ഹിന്ദി കേട്ടപ്പോൾ മനസിലായി (രണ്ടുപേരും ചിരിക്കുന്നു)

മാധ്യമപ്രവർത്തകൻ: മാഡം ഞാൻ പറയാൻ വന്നത് ഞങ്ങളുടെ നാട്ടിൽ കോവിഡ് പ്രതിരോധം നല്ല രീതിയിലാണ് നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി ദേശീയ - അന്താരാഷ്ട്ര അവാർഡുകളും പ്രശംസകളും കിട്ടിയിട്ടുണ്ട്. അത്തരത്തിൽ അവാർഡുകളും പ്രശംസകളും നിങ്ങൾക്കും കിട്ടിയിട്ടില്ലേ എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?

വർഷ: ഞങ്ങളുടെ മുഖ്യമന്ത്രി ഉദ്ധവ് ജി, ആരോഗ്യമന്ത്രി രാജേഷ് ജി എന്നിവരുടെ നേതൃത്വത്തിൽ കൊറോണയെ പ്രതിരോധിക്കാൻ വലിയ പോരാട്ടമാണ് ഞങ്ങൾ തുടക്കം മുതൽ നടത്തി വരുന്നത്. മുംബൈ സിറ്റിയും ധാരാവിയും തന്നെയായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഞങ്ങൾ പ്രതീക്ഷിച്ചതിന് അപ്പുറത്തായിരുന്നു ജനങ്ങളുടെ സഹകരണം. തുടക്കത്തിൽ എന്ത് ചെയ്യും എന്നറിയാതെ ഉറങ്ങാത്ത ദിനങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ജനങ്ങൾക്ക് ധൈര്യം നൽകേണ്ട നമ്മൾ തന്നെ ഭയപ്പെട്ടാൽ ഒരിക്കലും ഈ പ്രതിസന്ധിയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന ബോധ്യം ഉണർന്ന് പ്രവർത്തിക്കാൻ ധൈര്യം പകർന്നു. വളരെ ചെറിയ സൂപ്പർവിഷനിൽ മനോഹരമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തുകയാണ്.

പിന്നെ അവാർഡുകൾ, ദേശീയ - അന്താരാഷ്ട്ര പത്ര മാധ്യമങ്ങളിൽ ധാരാവിയെക്കുറിച്ചും ഇവിടുത്തെ കോവിഡ് പ്രതിരോധത്തേക്കുറിച്ചുമൊക്കെ വാർത്തകൾ വന്നതായും മറ്റ് ചില പ്രശംസകൾ ലഭിച്ചതായുമെല്ലാം സഹപ്രവർത്തകർ പറഞ്ഞ് അറിഞ്ഞിരുന്നു എനിക്ക് അവയൊന്നും വായിക്കാൻ സമയം കിട്ടിയിട്ടില്ല പിന്നേ അവാർഡുകളെക്കുറിച്ച് എനിക്ക് അറിയില്ല.

ഞങ്ങളെ സംബന്ധിച്ച് അവാർഡുകളെക്കാൾ പ്രധാനം ജനങ്ങളുടെ ജീവനും സുരക്ഷക്കുമാണ്. കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് അവാർഡ് കിട്ടിയിട്ടും എന്താണ് കാര്യം. അവാർഡുകളുടെ പിന്നാലെ ഞങ്ങൾ പോയിട്ടില്ല. നമ്മുടെ ആരോഗ്യമന്ത്രി രാജേഷ് ജിയുടെ നിലപാടും ഇത്‌ തന്നെയാണ്. ഇപ്പോഴും ഞങ്ങൾ ജാഗരൂകാരാണ് ഏത് നിമിഷവും ഒരുപുതിയ കേസ് ഇവിടെ റിപ്പോർട്ട്‌ ചെയ്യാം.

മാധ്യമ പ്രവർത്തകൻ: കോവിഡിന് ശേഷം എന്താണ്..?

വർഷ: സാവധാനം ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. തൊഴിൽ നഷ്ടപ്പെട്ട ഒരുപാട് ആളുകൾ ഉണ്ട് അവർക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കണം. അതിജീവനം ധാരാവിയുടെ രക്തത്തിൽ അലിഞ്ഞതാണ് അതുകൊണ്ട് കോവിഡിന് ശേഷമുള്ള പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിക്കും.

ഒന്നുമില്ലെങ്കിലും വെറും 2.1 ചതുരശ്ര കിലോമീറ്ററിൽ പത്തുലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കൊറോണയെ ചെറുത്ത് തോൽപ്പിച്ചവരല്ലേ ഞങ്ങൾ...

 

covid 19 mumbai
Advertisment