Advertisment

ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും മാത്രമാണ് കൊവിഡിന്റെ മരുന്ന്; രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം; പ്രതിരോധ ശക്തി കൂട്ടാന്‍ ഇഞ്ചി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങ എന്നിവ ദിവസം അല്‍പ്പം കഴിക്കുന്നതും വളരെ നല്ലത്; കൊവിഡിനെ തോല്‍പ്പിച്ച പ്രവാസി കുടുംബം പറയുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  24 ദിവസത്തെ കോവിഡ് 19 കാലം കഴിഞ്ഞ് കോഴിക്കോട് ചെറുവാടി സ്വദേശി അസീസ് പുറായിലും കുടുംബവും ദോഹ അസീസിയയിലെ വില്ലയിലേക്ക് മടങ്ങിയത് പ്രവാസികളോടുള്ള ഖത്തര്‍ സര്‍ക്കാരിന്റെ കരുതലിന് നന്ദി പറഞ്ഞാണ്. രോഗം വരാതിരിക്കാന്‍ ശ്രദ്ധയും കരുതലും കൂടിയേ തീരുവെന്നാണ് സമൂഹത്തോട് ഈ കുടുംബത്തിന് പറയാനും ഓര്‍മപ്പെടുത്താനുമുള്ളത്.publive-image

Advertisment

17 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് ശേഷം അവസാനത്തെ മൂന്ന് പിസിആര്‍ പരിശോധനകളും നെഗറ്റീവ് ആയതോടെയാണ് ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ കമ്പനി ജീവനക്കാരനായ അസീസും ഫാര്‍മസി ജീവനക്കാരിയായ ഭാര്യ ഷഹാന ഇല്യാസും മക്കളായ 12 വയസുകാരി ഇസയും 9 വയസുകാരന്‍ സമാനും 5 വയസുകാരനായ മിഷാലും ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയത്.

ഏപ്രില്‍ അവസാനം ഷഹാനക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ പ്രകടമായത്. ശരീരം വേദനയും പനിയും ഛര്‍ദ്ദിക്കാനുള്ള പ്രവണതയുമായിരുന്നു തുടക്കം. ജോലിതിരക്കിനിടെ സാധാരണമാണെന്ന് ആദ്യം കരുതി. ചെറിയ നെഞ്ചു വേദനയും ചുമയും ശ്വാസം മുട്ടലും ഒക്കെ അനുഭവപ്പെട്ടതോടെ കുടുംബ സമേതം തന്നെ പരിശോധനക്ക് വിധേയരായി. ഫലം വന്നപ്പോള്‍ ഇളയ മകന്‍ മിഷാല്‍ ഒഴികെ എല്ലാവരും പോസിറ്റീവ്.

രോഗബാധിതരാണെന്ന് അറിഞ്ഞതോടെ ഭയം തോന്നിയില്ല. നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റീനില്‍ കഴിയാനും മടി തോന്നിയില്ല. അടുത്ത രണ്ട് ദിവസം കുടുംബ സമേതം ആശുപത്രിയില്‍ കഴിഞ്ഞു. മികച്ച പരിചരണവും കരുതലുമാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ഇസിജി, രക്തപരിശോധന, എക്‌സ്‌റേ തുടങ്ങി എല്ലാ പരിശോധനകള്‍ക്കും വിധേയമായി. കഴിഞ്ഞ ഒരാഴ്ചക്കാലം എവിടെയൊക്കെ പോയി, ആരൊക്കെയുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങി സകല വിവരങ്ങളും ചോദിച്ചറിഞ്ഞ അധികൃതര്‍ അവര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി.

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം നേരെ ഹോട്ടല്‍ ക്വാറന്റീനിലേക്കാണ് പ്രവേശിച്ചത്. രോഗമില്ലെങ്കിലും ഇളയ മകനെയും ഒപ്പം നിര്‍ത്തി. ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം തന്നെയുണ്ട് ഹോട്ടലില്‍. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറി. യഥാസമയം പരിശോധനകളും ഭക്ഷണവും. ആദ്യ ദിവസങ്ങളില്‍ ശരീര വേദന, പനി, ചുമ, ശ്വാസ തടസം എന്നിവയെല്ലാം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വലിയ ബുദ്ധിമുട്ട് തോന്നിയില്ല-ഷഹാന പറയുന്നു.

അസീസിന് തലവേദനയും പനിയുമായിരുന്നു ലക്ഷണങ്ങള്‍. ഇസക്കും സമാനും സാരമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. മുറിയില്‍ ഒരുമിച്ച് കഴിയുമ്പോഴും രോഗമില്ലാതിരുന്ന ഇളയകുട്ടി മിഷാലുമായി സുരക്ഷിത അകലം പാലിച്ചു. സാഹചര്യങ്ങളോട് അവനും പൊരുത്തപ്പെട്ടു. ചെറിയ ആവശ്യങ്ങള്‍ പോലും കണ്ടറിഞ്ഞു കൊണ്ടുള്ള കരുതലും പരിചരണവുമാണ് ഹോട്ടല്‍ ക്വാറന്റീനില്‍ ലഭിച്ചതെന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ദൈവാനുഗ്രഹത്താല്‍ ഇളയമകന്‍ മിഷാലിനെ കോവിഡ് ബാധിച്ചില്ല.

കോവിഡ്-19 എന്ന മഹാമാരിയെ ഭയപ്പെട്ട് ആശങ്കയോടെ ജീവിക്കുന്നതിന് പകരം രോഗം വരാതിരിക്കാനുള്ള ശ്രദ്ധയും മുന്‍കരുതലുമാണ് വേണ്ടതെന്നാണ് ഈ കുടുംബത്തിന് പറയാനുള്ളത്. കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്. മാസ്‌കും ഗ്ലൗസും സാനിട്ടൈസറും ഒക്കെ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാതെ സൂക്ഷിക്കാം. പക്ഷേ ഇവ അശ്രദ്ധമായി ഉപയോഗിക്കുന്നത് അപകടം ചെയ്യുമെന്ന് ഷഹാന ഓര്‍മപ്പെടുത്തുന്നു.

കൈ കൊണ്ട് മാസ്‌ക് നേരെയാക്കുക, കൈ കൊണ്ട് മുഖത്തും കണ്ണിലുമെല്ലാം സ്പര്‍ശിക്കുക തുടങ്ങി ഒരു നിമിഷത്തെ അശ്രദ്ധ മതി രോഗിയായി മാറാന്‍. ഒരുപക്ഷേ ജോലി തിരക്കിനിടെ ഇത്തരത്തില്‍ സംഭവിച്ച തന്റെ ചെറിയ അശ്രദ്ധയാകാം രോഗം പിടിപെടാന്‍ കാരണമെന്നു പറയുമ്പോഴും ക്വാറന്റീന്‍ കാലത്തെ പോസിറ്റീവായി കാണാനാണ് ഈ കുടുംബം ശ്രമിച്ചത്.

തിരക്കിട്ട ജീവിതത്തില്‍ നിന്ന് അല്‍പം വിശ്രമിക്കാനും മക്കള്‍ക്കൊപ്പം ചെലവഴിക്കാനും കുറച്ച് ദിവസങ്ങള്‍ ലഭിച്ചു. റമസാനില്‍ കൂടുതല്‍ പ്രാര്‍ത്ഥനകളില്‍ മുഴുകാനും സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാനും ദൈവം നല്‍കിയ അവസരമായാണ് അസീസും ഷഹാനയും കോവിഡ് രോഗ കാലത്തെ കാണുന്നത്. നീണ്ട ക്വാറന്റീന്‍ കാലത്തിന് ശേഷം വീടിന്റെ ഊഷ്മളതയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടികളും

ചെസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഷഹാനക്ക് മാത്രമാണ് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കും പനി, തലവേദന, ശരീര വേദന, ചുമ എന്നിവ ഉള്ളപ്പോള്‍ മാത്രമാണ് പാരസെറ്റമോളും ചുമക്ക് കഫ് സിറപ്പും നല്‍കിയിരുന്നത്. വയറിളക്കം ഉണ്ടെങ്കില്‍ ഒആര്‍എസ് ലായനി അല്ലെങ്കില്‍ നിര്‍ജലീകരണം തടയുന്ന മറ്റ് പാനീയങ്ങളോ മരുന്നോ ആണ് കഴിക്കാന്‍ നിര്‍ദേശിക്കുന്നത്.

ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ നല്ല വിശ്രമവും നല്ല ആരോഗ്യകരമായ ഭക്ഷണവും മാത്രമാണ് കോവിഡിന്റെ മരുന്ന്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പച്ചക്കറികളും മറ്റും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രതിരോധ ശക്തി കൂട്ടാന്‍ കരിം ജീരകം, ഇഞ്ചി അല്ലെങ്കില്‍ ചുക്ക്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങ ഇവ ദിവസവും അല്‍പം കഴിക്കുന്നതും നല്ലതാണെന്ന് നല്ലൊരു പാചക വിദഗ്ധ കൂടിയായ ഷഹാന പറയുന്നു.

 

covid 19 corona virus
Advertisment