Advertisment

കോവിഡ്: ഇനിയുള്ള നാളുകളിൽ

author-image
admin
New Update

തയ്യാറാക്കിയത് -ഹസ്സൻ തിക്കോടി

Advertisment

കഴിഞ്ഞ വർഷം (2020) -ലെ ഏപ്രിൽ മാസത്തിൽ ഞാൻ അമേരിക്കയിലായിരുന്നു. ഇതുപോലൊരു നോമ്പുകാലം. രണ്ടു മാസത്തെ ലോക്‌ഡോണിന്റെ തീഷ്ണമായ അനുഭവങ്ങൾ ഓർമിച്ചെടുക്കാൻ ഞാൻ മിനക്കെടുന്നില്ല. അത്രമേൽ കോവിഡ്19 അമേരിക്കയിൽ താണ്ഡവ നൃത്തമാടിയിരുന്നു. ഒപ്പം ഭരണാധികാരിയുടെ ധിക്കാരപരമായ പെരുമാറ്റവും.

ആധുനിക സാങ്കേതിക ശാസ്ത്രത്തിന്റെ ഈറ്റില്ലമായ അവിടെ ഒരു ജനത പേടിച്ചു വിറച്ചു നിസ്സഹായരായി നിൽക്കുന്ന കാഴ്ച അസഹനീയമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യൻ കോവിഡ് രോഗം ബാധിച്ചു മരിച്ചു വീഴുന്ന അതിഭയാനകമായ നാളുകൾ കടന്നു പോയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ആ മഹാമാരി പുതിയ വകഭേദത്തോടെ ഇന്നും ഭൂമുഖത്തവശേഷിക്കുക മാത്രമല്ല മറ്റൊരു സംഹാര താണ്ഡവത്തിനു കൂടി തയ്യാറെടുക്കുകയാണ്. മനുഷ്യ സമൂഹത്തിന്റെ മാനസികാരോഗ്യവും സാമ്പത്തികാരോഗ്യവും ഒരുപോലെ തകരും വിധം നാൾക്കുനാൾ കോവിഡ് പുതിയരൂപത്തിലും ഭാവത്തിലും നമുക്ക് ചുറ്റും തത്തിക്കളിക്കുന്നു.

publive-image

ചതിച്ചതു തെരെഞ്ഞെടുപ്പോ അതോ...

കേരളത്തിലെ കോവിഡ് കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന വാർത്തകൾ മാധ്യമങ്ങളിൽ കാണുമ്പോൾ അതിനുത്തരവാദികളായവർ കൂസലില്ലാതെ അവരവരുടെ രാക്ഷ്ട്രീയ കസേരകൾ പരതി നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ഈ ദുസ്ഥിയിലേക്കു കേരളം പോവില്ലായിരുന്നു. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള നാടിന്നു ഈ ഗതി വന്നെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടിയാലും അതൊരു അതിശയോക്തിയായി കണ്ടുകൂടാ. അധികാരം പിടിച്ചെടുക്കാൻ വേണ്ടി എല്ലാ പ്രോട്ടോകോളുകൾ കാറ്റിൽ പറത്തിയപ്പോൾ രാക്ഷ്ട്രീയക്കാർ ഓർത്തിരിക്കില്ല ഈ മഹാമാരിയുടെ ഗൗരവങ്ങൾ. ഒന്നുമറിയാത്ത ഒരു ജനതയെ നാശത്തിലേക്കു തള്ളി വിടാൻ ഇവർക്കെങ്ങനെ മനസ്സുവന്നു. അവർ ഇതിവിടം കൊണ്ടും അവസാനിപ്പിക്കില്ല, അടുത്തമാസം ആഹ്ലാദ പ്രകടനം നടത്താനുള്ള ഒരുക്കങ്ങൾ അണിയറയിൽ രൂപം കൊള്ളുന്നുണ്ട്, അപ്പോഴും അവർ ആർത്തട്ടഹസിക്കും, ഭയമില്ലാതെ, നാണമില്ലാതെ.

ഇനിയുള്ള നാളുകളിൽ സംഭവിക്കുന്നത് :

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിന് വരും നാളുകൾ അതി സങ്കീർണമാണ്. രോഗം മൂർച്ഛിച്ചാൽ ആശുപത്രികൾ നിറയും, അവിടെ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവാതെ ഇടനാഴികളിൽ ബെഡുകൾ ഒരുക്കേണ്ടിവരും. അതി സമ്പന്നമായ അമേരിക്കയിൽ പോലും 3400 പേർക്ക് ഒരു ഐ.സി.യു.എന്ന തോതിലാണുള്ളത്. അപ്പോൾ ഇന്ത്യയുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ഇന്നലെയും ഇന്നുമായി മഹാരാഷട്രയിലും ഉത്തർപ്രദേശിലും ആശുപത്രികളിൽ ബെഡുകൾ കുറയുന്ന വർത്തയോടൊപ്പം മതിയായ ഓക്സിജൻ ലഭ്യമാവാത്ത സ്ഥിതിയും ഉണ്ടായിരിക്കുന്നു.

സ്വന്തം ജനതയുടെ ആരോഗ്യത്തിനും പരിചരണത്തിനും പ്രാധാന്യം കൊടുക്കാതെ അവരവരുടെ കസേരകൾ നിലനിർത്താൻ വെമ്പൽ കൊള്ളുകയാണ് നമ്മുടെ രാക്ഷ്ട്രീയക്കാർ. പരസ്പരം പഴിചാരിയും കുറ്റം പറഞ്ഞും സമയം കളയാതെ ഓരോ മനുഷ്യ ജീവനും രക്ഷിക്കാനായി യുദ്ധകാലാടിസ്ഥാനത്തിൽ ആരോഗ്യ മേഖല പുഷ്ടിപ്പെടുത്തുകയും പ്രതിമക്കും യുദ്ധോപകരങ്ങൾക്കും ഉപയോഗിക്കുന്ന ബജറ്റുകൾ വെട്ടിച്ചുരുക്കി അത് ജനങ്ങളുടെ ആരോഗ്യത്തിനായി അടിയന്തിരമായും ചെലവിടുകയാണ് വേണ്ടത്.

ആരോഗ്യ അടിയന്തിരാവസ്ഥ:

ഇന്ത്യയിൽ ഇനിയും 89 ശതമാനം ജനങ്ങൾക്ക് രോഗം വരേണ്ടതുണ്ട്. ഇവിടെ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായാലുള്ള സ്ഥിതി എന്തായിരിക്കും. ശവക്കുഴികൾ തൊണ്ടനോ ദഹിപ്പിക്കാനോ സാധിക്കാതെ വരുമ്പോൾ അമേരിക്കയിലെ “ഹാർട് ഐലൻഡിൽ” അടക്കം ചെയ്തപോലെ ഇവിടെയും സംഭവിക്കരുതേയെന്നു നമുക്ക് പ്രാർത്ഥിക്കാം. കഴിഞ്ഞ വർഷം ഇറ്റലിയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ചത് ഇവിടെയും വന്നു കൂടായ്കയില്ല. ഈ ഒരു വർഷത്തിനകം ഇന്ത്യയിൽ എത്രശതമാനം പേരിൽ ഹെർഡ്‌ ഇമ്മ്യൂണിറ്റി ഉണ്ടായിട്ടുണ്ടെന്ന കണക്കുകൾ ലഭ്യമാണോ?. 130 കോടി ജനങ്ങളിൽ എത്ര ശതമാനത്തിനു വളരെ പെട്ടന്ന് വാക്സിനുകൾ എത്തിക്കാൻ കഴിയും? ഈവർഷം ഏകദേശം 30 കോടി ജനങ്ങളിൽ വാക്സിൻ എത്തിച്ചാൽ തന്നെ ബാക്കി വരുന്ന നൂറുകോടിക്കു വാക്സിൻ കിട്ടണമെങ്കിൽ നാലു വർഷമെങ്കിലും വേണ്ടിവരില്ലേ? മറ്റൊരു 30 കോടിയുടെ 80 ശതമാനത്തിന്റെ 0.5% ജനങ്ങൾ ഗുരുതര രോഗബാധിതരായാൽ പോലും 12 ലക്ഷം മനുഷ്യർ ഹെർഡ്‌ ഇമ്മ്യൂണിറ്റിയും വാക്സിനും ലഭ്യമാവാതെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരില്ലേ ?

ഭരണാധികാരികൾ നമ്മെ ഭയപ്പെടുത്തുകയാണോ? അതോ അവർ നമ്മുടെ ഭയത്തെ വഴിതിരിച്ചു വിടുകയാണോ?.ഇനിയും ഒന്നും ചെയ്യാതിരുന്നുകൂടാ. ബോധവൽകരണം എല്ലാവരിലും എത്തിച്ചേരാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. സാധാരണക്കാരെ ഭയപ്പെടുത്തുകയല്ല വേണ്ടത്. ഭരണാധികാരികളും, ആരോഗ്യ മേഖലയും ഉണർന്നു പ്രവർത്തിക്കണം. മുഖ്യമന്ത്രി പ്രോട്ടോകോൾ പാലിച്ചോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശനം. നാം സ്വയം രക്ഷാകവചം തീർക്കുകയാണ് വേണ്ടത്. ഖേദകരമെന്നു പറയട്ടെ നമ്മുടെ നാലഞ്ചു ചാനലുകളുടെ രണ്ടു ദിവസത്തെ അന്തിചർച്ച മുഖ്യമന്ത്രി പ്രോട്ടോകോൾ പാലിച്ചില്ല എന്നായിരുന്നല്ലോ? വൃഥാവിലായ ആ മണിക്കൂറുകൾ കോവിഡ് ബോധവൽക്കരണത്തിന് വേണ്ടി മാറ്റി വെച്ചെങ്കിലെന്നു ഞാൻ ആശിച്ചുപോയി. (നമ്മുടെ ചാനലുകൾ പരസ്പര ധാരണയോടെ വിവിധ വിഷയങ്ങൾ തെരെഞ്ഞെടുത്തു ചർച്ച ചെയ്യുന്നതു നന്നായിരിക്കും, എല്ലാ ചാനലുകളിലും ഒരേ മുഖം ദർശിക്കുമ്പോഴുണ്ടാവുന്ന, ഒരേ വിഷയം അവതരിപ്പിക്കുന്ന വഷളൻ രീതി ഒഴിവാക്കാനാവും.)

ഭാരധികാരികളുടെ നിശ്ചയദാർഢ്യം :

നമ്മെക്കാൾ കൊച്ചു രാജ്യമായ തായ്‌വാനും കൊറിയയും കോവിഡ് 19-നെ നേരിട്ട രീതികളെ നമ്മൾ അനുകരിക്കേണ്ടതുണ്ട്. കൊറിയയിലും, മറ്റിതര രാജ്യങ്ങളിലും നടന്ന തെരെഞ്ഞുടുപ്പ് രീതികൾ കോവിഡ് പ്രതിരോധത്തിലൂടെ ആയിരുന്നു. അവിടങ്ങളിൽ തെരെഞ്ഞുടുപ്പിനു ശേഷം പോസിറ്റീവ് കേസുകൾ കൂടിയിരുന്നില്ല. വിയറ്റ്നാം ലോക്കഡൗൺ ഇല്ലാതെ എങ്ങനെ കോവിഡിനെ പ്രതിരോധിച്ചു എന്നുകൂടി നാം മനസ്സിലാക്കണം. അവിടെയുള്ള ഭരണാധികാരികളുടെ നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു അതിനു കാരണം. പാത്രങ്ങൾ കൊട്ടിയും ” ഗോ കൊറോണ” പാടിയും ഒരു മഹാമാരിയെ തുരത്താനാവില്ലെന്ന സാമാന്യ തിരിച്ചറിവെങ്കിലും ഇനിയെങ്കിലും നമുക്കുണ്ടാവണം.

ഇനിയുള്ള മാസങ്ങൾ അതീവ ഗൗരവത്തോടെ വേണം നാം കാണേണ്ടത്. അടുത്തമാസം മധ്യത്തോടെ മൺസൂൺ ആരംഭിക്കും. കൊറോണ വൈറസിനോടൊപ്പം മറ്റു വൈറസുകളും ധാരാളമായി കാണുന്ന കാലമാണ് കടുത്ത മൺസൂണുകൾ. ഇന്ന് നമുക്ക് ഐ.സി.യു. പരിധി കടക്കുന്ന ചെറിയൊരു സ്പൈക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. പക്ഷെ വേനൽക്കാലാവസാനം സാധാരണ രീതിയിൽ വൈറസുകളുടെ വ്യാപനം കൂടുക പതിവാണ്. എല്ലാവരിലും കോവിഡ് വാക്സിൻ എത്തിക്കുക ക്ഷിപ്രസാധ്യമാണ്. മുൻ കാലങ്ങളിൽ വന്നുപോയ രോഗങ്ങളുടെ വാക്സിനുകൾ കണ്ടുപിടിച്ചത് വർഷങ്ങളുടെ കഠിന പ്രയന്തം കൊണ്ടാണ്.

സാർസ് വൈറസു വേഗത്തിൽ അപ്രത്യക്ഷമായതിനാലാണ് അതിനായി വാക്സിൻ പരീക്ഷണത്തിന് മുതിരാതിരുന്നത്. അതേപോലെ നമ്മിലെ നിത്യരോഗമായ ജലദോഷത്തിനു വാക്സിൻ കണ്ടുപിടിക്കാത്തതും അതിന്റെ ചെലവ് കൂടുന്നത് കൊണ്ടാണ്. എന്നിട്ടും ലോകം മുഴുവൻ കോവിഡനായി വാക്സിൻ കണ്ടുപിടിക്കുകയും അവ കഴിയും വേഗത്തിൽ ഉല്പാതിപ്പിക്കുകയും ചെയ്തു. ഈ രോഗത്തിന്റെ ഗൗരവം ശാസ്ത്ര ലോകത്തിനു ബോധ്യമായതുകൊണ്ടുമാത്രമാണ്. ഇപ്പോഴിതാ കോവിഡ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രലോകം ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. പകർച്ചവ്യാധി ഗവേഷകർ വളരെ ആശങ്കയിലാണ്. ധൃതിപ്പെട്ടു വാക്സിനുകൾ കണ്ടുപിച്ചിട്ടും വക ഭേദം വന്ന കോവിഡ് വൈറസിന് അതുപകരിച്ചില്ലെങ്കിലോ എന്ന്.

പ്രതിരോധശേഷിയാണാവശ്യം:

നാം നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള ഏക പോം വഴി. എച്.ഐ.വി. ക്ക് ശേഷമുള്ള കാലത്തു നാം എങ്ങനെ അതിനെ പ്രതിരോധിക്കാൻ സ്വയം മുന്നോട്ടു വന്നുവോ അതുപോലെ പുതിയ മാനദണ്ഡങ്ങൾ പാലിച്ചേ മതിയാവൂ. കോണ്ടാക്ട് ട്രെസിങ്ങും, മാസ്ക് ധരിക്കലും, ആൾകൂട്ടം ഒഴിവാക്കലും, വൃത്തിയും വെടിപ്പും കൈവരിക്കലും നമ്മുടെ നിത്യ ജീവിതത്തിന്റെ പുതിയ മാനദണ്ഡമായി മാറ്റിയെടുക്കുക. അതേപോലെ അധികാരികൾ ആരോഗ്യമേഖലയെ കൂടുതൽ ഗൗരവത്തോടെ കാണുക. ഐ.സി.യു., വെന്റിലേറ്റർ എന്നിവ 20 മുതൽ 25 ശതമാനം വരെ ഉയർത്തുക. ലോകം മുഴുവൻ ഒരു അപകടത്തിൽപെട്ട വിമാന യാത്രയിലാണിപ്പോൾ, ക്യാപ്റ്റന് എമർജൻസി ലാൻഡിംഗ് അത്യാവശയമാണ്. “എപ്പിഡെമിക് സിമുലേറ്റർ” പദ്ധതി നടപ്പാക്കിയാൽ മാത്രമേ എല്ലാ യാത്രക്കാരെയും രക്ഷിക്കാനാവൂ. പേടിക്കാനില്ല. നാം സുഗമമായി നിലത്തിറങ്ങും. എപ്പിഡെമിയോളജിസ്റ്റുകളും, ഭരണാധികാരികകളും നമ്മുടെ ജീവൻ രക്ഷിക്കും എന്ന ശുഭാപ്തി വിശ്വാസത്തിൽ നമുക്കൊരുമിച്ചു കോവിഡ് മഹാമാരിയെ നേരിടാം. ഭയാശങ്കളെ മാറ്റി നിർത്തി പ്രത്യാശാഭരിതമായ നല്ലൊരു നാളെയെ നമുക്ക് സ്വപനം കാണാം. കൊറോണയുടെ ഇനിയുള്ള നാളുകൾ കരുതലോടെ നേരിടാനുള്ള മനസ്സും ശക്തിയും നാം കൈവരിച്ച മതിയാവൂ.

Advertisment