അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, April 20, 2021

ചാലക്കുടി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും മലക്കപ്പാറയുമാണ് അടച്ചത്. നേരത്തെ, വാഴച്ചാല്‍ വനമേഖലയിലെ ആദിവാസി ഊരില്‍ 20പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നുമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. തത്ക്കാലത്തേക്ക് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്നാണ് കോവിഡ് കോര്‍ കമ്മിറ്റി തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

രാത്രി കര്‍ഫ്യൂ ശക്തമാക്കുന്നതോടൊപ്പം പകല്‍ സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമെ പൊതുഇടങ്ങളില്‍ ഇറങ്ങുകയുള്ളുവെന്ന് ഉറപ്പാക്കുക. അതിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ച ശേഷം മതി വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് എന്നതാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. കോവിഡ് വ്യാപനം തീവ്രമായ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ഏറെക്കുറെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

×