Advertisment

റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 32 പോലീസുകാര്‍ ക്വാറന്‍റീനില്‍ .

New Update

തിരുവനന്തപുരം:  ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും. അബ്കാരി കേസില്‍ വെഞ്ഞാറമൂട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 40 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 20 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീന്‍ പ്രവേശിച്ചു. ജയിലില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു 12 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Advertisment

publive-image

മദ്യപിച്ച് വാഹനം ഓടിക്കല്‍, അനുവദനീയമായതിലൂം കൂടുതല്‍ മദ്യം സൂക്ഷിക്കല്‍, അക്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച നാല്‍പ്പത് കാരനുള്‍പ്പടെ മൂന്നുപേരെ വെഞ്ഞാറാമൂട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘം ഇരുചക്ര വാഹനത്തില്‍ വരികയായിരുന്നു പോലീസ് ട്രെയിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.

റിമാന്‍ഡിലായ ഇവരെ ജയിലിലേക്ക് കൊണ്ടുപോവും മുന്‍പ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെളിഞ്ഞത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, ഇയാള്‍ ഉള്‍പ്പടെ 12 പേര്‍ക്കാണ് ജില്ലയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവര്‍. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരന് സമ്പര്‍ക്കം കൊണ്ടും രോഗമുണ്ടായി. ജില്ലയില്‍ പുതുതായി 362 പേര്‍ രോഗനിരീക്ഷണത്തിലായി. 171 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി ജില്ലയില്‍ 5144പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

രോഗലക്ഷണങ്ങളുമായി 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 85 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഞായറാഴ്ച 88 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 134 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

Advertisment