കോവിഡ് സപ്പോർട്ട് ഫോറം മഹാരാഷ്ട്രയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് നാനാ പട്ടോളെ ഓൺലൈനായി നിർവ്വഹിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 27, 2021

കോവിഡ് സപ്പോർട്ട് ഫോറം മഹാരാഷ്ട്രയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് നാനാ പട്ടോളെ ഓൺലൈനായി നിർവ്വഹിച്ചു. കോവിഡ് വ്യാപനത്തിൻ്റെ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ
മഹാരാഷ്ട്രയിൽ കോവിഡ് രോഗം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ തുടങ്ങിയ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ഫോറമാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.

കൂട്ടായ്മയുടെ ചെയർമാനും, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയുമായ ജോജോ തോമസിൻ്റെ നേത്യത്വത്തിൽ മലയാളികൾ നടത്തുന്ന പ്രവർത്തനത്തെ നാനാ പട്ടോളെ അഭിനന്ദിച്ചു. ഡി.വൈ പാട്ടിൽ മെഡിക്കൽ കോളേജ് മുൻ വൈസ് ചാൻസലറും, പ്രമുഖ കാർഡിയോളജിസ്റ്റും, കോവിഡ് സപ്പോർട്ട് ഫോറത്തിൻ്റെ രക്ഷാധികാരിയുമായ ഡോക്ടർ. ജെയിംസ് തോമസ് രോഗികൾ എടുക്കേണ്ട മുൻകരുതലും, സംസ്ഥാനത്ത് സർക്കാർ ഉടൻ
സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55 ഓളം കോർഡിനേറ്റർമാർ കോവിഡ്  രോഗികൾക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ വഷം കേരളത്തിലേക്ക് ശ്രമിക് ട്രെയിൻ ഏർപ്പെടുത്തിയ പ്രവർത്തനങ്ങളിലും കോവിഡ് പോസീറ്റീവായ ആരോഗ്യ പ്രവർത്തകർക്കും നേഴ്സുമാർക്കും, വിദ്യാർത്ഥികൾക്കും, ഗർഭിണികൾക്കും, രോഗികൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് വന്ന് മുംബൈയിൽ അകപ്പെട്ട പതിനായിരകണക്കിന് മലയാളികളേയും സഹായിക്കുവാൻ ഫോറത്തിലൂടെ കഴിഞ്ഞിരുന്നു.

അന്ന് രക്ഷാധികാരികളായി റസൂൽ പൂക്കുട്ടിയും, ശ്വേത മേനോനും, മഹാരാഷ്ട്ര മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന താൻസി തെക്കേക്കരയും വളരെ മികച്ച രീതിയിൽ പ്രവർത്തനം നടത്തുകയും ഇവർക്ക് വേണ്ട കൗൺസിലിംഗ് നടത്താനും കൂടെ ഉണ്ടായിരുന്നത് വളരെ സഹായകരമായിരുന്നതായി ജോജോ തോമസ് അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ ആവശ്യങ്ങൾ ഒന്നാം ഘട്ടത്തിനെക്കാൾ വ്യത്യസ്ഥമായി ആതുര സേവനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യങ്ങളായി മാറിയതുകൊണ്ടുതന്നെ രക്ഷാധികാരിയായി ഡോക്ടർ ജയിംസ് തോമസിനെ ലഭിച്ചത് ഫോറത്തിന് വലിയ മുതൽകൂട്ടാണെന്ന് ജോജോ തോമസ് പറഞ്ഞു.

രോഗ വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ രോഗികൾക്ക് അത്യാവശ്യമായി വേണ്ട സഹായങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്നു കൊണ്ടാണ് ഇത്തവണ കൂട്ടായ്മയുടെ പ്രവർത്തനം.

കോർഡിനേറ്റർമാരുടെ പേരും, ഫോൺ നമ്പറും പ്രസിദ്ധീകരിച്ചതിനോടകം മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് രോഗികളെ സഹായിക്കുവാൻ സാധിച്ചതായും, ദിവസേന സഹായം അഭ്യർത്ഥിച്ച് കോർഡിനേറ്റർമാർക്ക് വരുന്ന ഫോൺ കോളുകളിൽ മലയാളികളെക്കാൾ കൂടുതൽ മറ്റുള്ളവരാണെന്നും ജോജോ തോമസ് അറിയിച്ചു.

×