ഓക്സിജന്‍ കിട്ടാതെ ജനം ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്നു! വിഖ്യാതമായ കേരളാമോഡല്‍ കോവിഡ് ചികിത്സയിലും ആവര്‍ത്തിക്കുമോ?                  

Friday, April 30, 2021

ഒന്നാം കേരളാമന്ത്രിസഭയുടെ കാലം മുതല്‍ ആരംഭിച്ച ജനപക്ഷപരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തിലും,കോവിഡ് പ്രതിരോധത്തിലും കാണാനാവുന്നത്.

24/04/2021 ല്‍ ‘കേന്ദ്രഗവണ്‍മേന്‍റിന്‍റെ യുക്തിരഹിതമായ വാക്സിന്‍ നയം – ജനവിരുദ്ധവും’ എന്നൊരു ലേഖനം ഞാനെഴുതിയിരുന്നു. പല മാദ്ധ്യമങ്ങള്‍ക്കും,മുഖ്യമന്ത്രിയുള്‍പ്പെടെ ചില പ്രമുഖവ്യക്തികള്‍ക്കും അതിന്‍റെ കോപ്പി അയച്ചുകൊടുക്കുകയും ചെയ്തു. പലരില്‍നിന്നും അഭിനന്ദനവചസ്സുകള്‍ കേള്‍ക്കാനിടയായി.

കേന്ദ്രഗവണ്‍മേന്‍റിനെ വിമര്‍ശിച്ചതിനും സംസ്ഥാനഗവണ്മെന്‍റിന്‍റെ വക്കാലത്തേറ്റെടുത്തതിനും ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മുഖ്യാധാരാമാദ്ധ്യമങ്ങള്‍ അവഗണിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചില ചെറിയ പ്രസിദ്ധീകരണങ്ങള്‍ സഹകരിക്കുകയും ചെയ്തു.

എന്നാല്‍ സത്യം ഓണ്‍ലൈന്‍ പത്രം ഏറെ പ്രാധാന്യത്തോടെ ആ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അച്ചടിമാദ്ധ്യമങ്ങളൊന്നും കാണിക്കാത്ത ഒരു സന്മനസ്സാണ് സത്യം പ്രകടിപ്പിച്ചത്. ഏതായാലും ഇന്ന് (27/04/2021) സുപ്രീംകോടതി വീണ്ടും ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. ഇതുപോലുളള ആപല്‍ഘട്ടത്തില്‍ ഒരു സര്‍ക്കാരിനെങ്ങനെ മൗനം ഭജിക്കാന്‍ കഴിയുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സമുന്നതനീതിപീഠം ചോദിച്ചിരിക്കുന്നത്.

വാക്സിന്‍റെ വിലനിര്‍ണ്ണയത്തിന്‍റെ അധാര്‍മ്മികതയെ കോടതി നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ടും, പേറ്റന്‍റ് ആക്ടും അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷ്പ്തമായ അധികാരം വിനിയോഗിച്ച് ഇത്തരം ഫാക്ടറികള്‍ ഏറ്റെടുക്കാനും ഈ പ്രാണരക്ഷാകുത്തിവയ്പിന്‍റെ വിലയും,വിതരണവും നീതിപൂര്‍വ്വമാക്കുവാനും എന്തുകൊണ്ട് മടിക്കുന്നു?  എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്.

കേരളത്തെ മാതൃകയാക്കേണ്ടതാണെന്ന സോളിസിറ്റര്‍ ജനറലിനുതന്നെ സുപ്രീംകോടതിയില്‍ പറയേണ്ടിവന്നിരിക്കുന്നു. പ്രാണവായുവിന്‍റെ കാര്യത്തില്‍ ഇത് വ്യക്തമായല്ലോ. ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയുള്‍പ്പെടെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ കിട്ടാതെ ജനം ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്നു.

കേരളം ഓക്സിജന്‍റെ കാര്യത്തില്‍ ഒരു മിച്ചസംസ്ഥാനമായിരിക്കുന്നു. കര്‍ണ്ണാടക,ഗോവാ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്സിജന്‍ കൊടുത്തുകൊണ്ടിരിക്കുന്നു. ഓക്സിജനില്ലാത്തതുകൊണ്ട് കേരളത്തിലാരും മരിക്കാന്‍ പോകുന്നില്ല. ഇവിടെ നരേന്ദ്രമോഡിയും,പിണറായി വിജയനും എന്ന രണ്ട് വ്യക്തികളുടെ ഗുണദോഷങ്ങളല്ല പ്രശ്നം. കേന്ദ്രവും,സംസ്ഥാനവും പിന്‍തുടരുന്ന നയങ്ങളാണ് നിര്‍ണ്ണായകം.

കേന്ദ്രത്തില്‍ ഈ ആപല്‍ഘട്ടത്തില്‍ പോലും പൊതുമേഖലയെ സജീവമാക്കിയും  സാര്‍വ്വത്രികവും സൗജന്യവുമായ വാക്സിനേഷന്‍ നല്‍കിയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്ന മഹാദൗത്യമല്ലേ നിര്‍വ്വഹിക്കാനുളളത്? ലാഭം – ലാഭം- കൂടുതല്‍ ലാഭം – എന്നുമാത്രം ചിന്തിക്കുന്ന സ്വകാര്യമേഖലയുടെ സാമ്പത്തികദുര്‍മോഹങ്ങള്‍ക്ക് ഇരയാവാന്‍ ഇന്ത്യന്‍ ജനതയെ വിട്ടുകൊടുക്കുന്നു.

അതേസമയം,ഇരന്നായാലും,കടംവാങ്ങിയായാലും എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കുമെന്ന് സംസ്ഥാനമുഖ്യമന്ത്രി പറയുന്നു. നരേന്ദ്രമോഡി ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍റെ സഹായഹസ്തത്തിനുവേണ്ടി യാചിക്കുന്നു. പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ തയ്യാറായ യു.എ.ഇ.യുടെ സന്മോഭാവപാരിതോഷികം സ്വീകരിക്കാന്‍ കേരളത്തെ കേന്ദ്രം അനുവദിച്ചില്ല.

ഇന്ത്യയുടെ സ്വാഭിമാനത്തിന് കളങ്കമാവുമെന്നും ലോകസമക്ഷം ഇന്ത്യയെ നാണം കെടുത്തുമെന്നും പറഞ്ഞാണ് ആ സംഭാവന നിഷേധിച്ചത്. ഇപ്പോള്‍ അമേരിക്കയുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി കൈനീട്ടിനില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വാഭിമാനബോധം എവിടെപ്പോയി?  അധികാരമേറ്റയുടനെ പ്ലാനിംഗ്കമ്മീഷന്‍ പിരിച്ചുവിട്ട ഒരു പ്രധാനമന്ത്രിയാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ആസൂത്രണവും ദീര്‍ഘവീക്ഷണവും ഒന്നും വേണ്ട, മൂലധനശക്തികള്‍ നിശ്ചയിക്കുന്ന വഴിയിലൂടെ പോയാല്‍ മതി എന്നതാണ് കേന്ദ്രനയം.

അതേസമയം കിഫ്ബി സഹായത്തോടെ കെ.എം.എം.എല്ലില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്‍റിന്‍റെ പിന്നില്‍ കര്‍മ്മനിരതമായ ആസൂത്രണത്തേയും,ദീര്‍ഘവീക്ഷണത്തേയും നാം വിലയിരുത്തണം. ഏതു സാമ്പത്തിക പ്രതിസന്ധിയിലും വാക്സിന്‍ സാര്‍വ്വത്രികമായും സൗജന്യമായും നല്‍കുമെന്ന കേരളാമുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അതോടൊപ്പം കമ്പോളത്തില്‍ നിന്ന് കാശുകൊടുത്ത് വാക്സിന്‍ വാങ്ങാന്‍ ഉപദേശിക്കുന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍റെ ഉപദേശവും താരതമ്യം ചെയ്ത് നോക്കാവുന്നതാണ് – നോക്കേണ്ടതാണ്.

ഈ രോഗനിയന്ത്രണത്തിന്‍റെ ഒന്നാംഘട്ടത്തില്‍ കേരളമാതൃകയെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെ അംഗീകരിക്കുകയും,പ്രശംസിക്കുകയും ചെയ്തില്ലേ? ഈ സൗജന്യവാക്സിന്‍വിഷയത്തിലും ഇന്നല്ലങ്കില്‍ നാളെ ഈ കേരളാമാതൃക അംഗീകരിക്കപ്പെടും എന്നതില്‍ സംശയമില്ല. പ്രശസ്തമായ കേരളാമോഡലിന്‍റെ മാതൃകയില്‍ തന്നെയാണ് നാം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. വഴിയില്‍ പ്രതിബന്ധങ്ങളുണ്ടാവാം. പക്ഷേ, അന്തിമവിജയം നമുക്കുതന്നെയാവും. സംശയമില്ല.

കമ്പോളത്തില്‍നിന്ന് വിലകൊടുത്ത് വാങ്ങി മുഴുവന്‍ കേരളീയര്‍ക്കും വാക്സിനേഷന്‍ നടത്തിയാല്‍ അതൊരു ചരിത്രസംഭവമായിത്തീരും.  അതേസമയം ഐ.സി.എം.ആറിന്‍റെ നേതൃത്വത്തില്‍ പൂനെയിലെ കേന്ദ്രഗവണ്മെന്‍റ് സ്ഥാപനമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിന്‍പോലും സ്വകാര്യമേഖലയുടെ ലാഭസമ്പാദനത്തിനുവേണ്ടി ദാനം ചെയ്തിരിക്കുന്നു.

നിര്‍ദ്ദയമായ ഈ സംഭവവികാസങ്ങള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കാന്‍ കഴിയില്ലെന്നാണ് സമുന്നതനീതിപീഠം ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കേന്ദ്രഗവണ്മെന്‍റ് സഹകരിക്കുകയാണെങ്കില്‍ കേരളാസര്‍ക്കാരിന്‍റെ കീഴിലുളള കെ.എസ്.ഡി.പിയില്‍ വാക്സിനുല്‍പാദിപ്പിക്കാന്‍ കേരളാസര്‍ക്കാര്‍ തയ്യാറാണ്. ആ വഴിയ്ക്കുളള ആലോചനകള്‍ക്ക് കേരളാസര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു.

അവിടെയും പ്രശ്നം കേരളത്തോടുളള കേന്ദ്രഗവണ്മെന്‍റിന്‍റെ ചിറ്റമ്മനയമാണ്. ഐ.സി.എം.ആറിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍റെ നിര്‍മ്മാണാവകാശം കെ.എസ്.ഡി.പി.യ്ക്ക് കിട്ടണം. അതു ലഭിച്ചാല്‍ നമുക്ക് ന്യായമായ വിലയ്ക്ക് വാക്സിന്‍ ഉല്പാദിപ്പിക്കാനും,വിതരണം ചെയ്യാനും കഴിയും. ഇന്ത്യയിലിപ്പോള്‍ അനുവാദം കൊടുത്തിട്ടുളള രണ്ടുവാക്സിനുകളുടേയും ബൗദ്ധികസ്വത്തവകാശം സ്വകാര്യമേഖലയിലെത്തിക്കുന്നതിന് വേണ്ടി നടത്തിയ കരുനീക്കങ്ങളുടോയും,കളളക്കളികളുടേയും ചരിത്രം പൊതുജനം അറിഞ്ഞിരിക്കേണ്ടതാണ്.

ഓക്സ്ഫോര്‍ഡ് സെനേക്കാവാക്സിന്‍ ഒരു പൊതുസമ്പത്തായ വാക്സിന്‍ എന്ന നിലയില്‍നിന്ന് ഒരു സ്വകാര്യവാക്സിനായി മാറിപ്പോയ ദുരന്തമാണ് കോവാക്സിന്‍ അനുഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഓക്സോഫോര്‍ഡ് സെനേക്കാവാക്സിന്‍ പദ്ധതിയ്ക്കുളള ഫണ്ടിന്‍റെ 97ശതമാനവും ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ വകുപ്പുകള്‍,യു.കെ.യി.ലെയും അമേരിക്കയിലെയും ശാസ്ത്രസ്ഥാപനങ്ങള്‍,യൂറോപ്യന്‍ കമ്മീഷന്‍,വിവിധധര്‍മ്മസ്ഥാപനങ്ങള്‍ മുതലായ പൊതുസ്രോതസ്സുകളില്‍നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നിട്ടും വാക്സിനുളള ഓപ്പണ്‍ലൈസന്‍സിനായുളള പ്രതിജ്ഞയില്‍നിന്ന് ഓക്സ്ഫോര്‍ഡ്സര്‍വ്വകലാശാല ഒഴിവാക്കപ്പെട്ടു. അസ്ട്രാസെനേക്കയുമായി ഒരു പ്രത്യേകലൈസന്‍സ് കരാര്‍ ഒപ്പുവച്ച ബില്‍ഗ്രേറ്റ്സ് ആയിരുന്നു ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ചുവടുമാറ്റങ്ങള്‍ക്ക് ഇടയാക്കിയ പ്രധാനസൂത്രധാരനെന്നത് ഇന്നൊരു പരസ്യമായ രഹസ്യമാണ്.

എല്ലാവര്‍ക്കും അറിയുന്നതുപോലെ പൂനെഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതേ വാക്സിന്‍ കോവീഷീല്‍ഡ് എന്ന പേരില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായി അസ്ട്രാസെനേക്ക,സിറംഇന്‍സ്റ്റിറ്റ്യൂട്ടുമായി മറ്റൊരു കരാറിലേര്‍പ്പെട്ടു. അങ്ങിനെ ഓക്സ്ഫോര്‍ഡ് അസ്ട്രാസെനേക്കാവാക്സിന്‍ പൊതുമേഖലയില്‍നിന്ന് സ്വകാര്യലാഭസമ്പാദനത്തിനായുളള ഉപകരണമായി ലോകമെമ്പാടും എത്തിച്ചേര്‍ന്നു. ഇതേ വിധി കോവാക്സിനുണ്ടാവാന്‍ ഇന്ത്യ അനുവദിക്കരുത്.

ഐ.സി.എം.ആറും,ഭാരത്ബയോടെക്കും തമ്മിലുളള കരാറില്‍ നികുതിദായകരുടെ പണം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ രേഖകളും ഇന്ത്യാഗവണ്മെന്‍റ് പ്രസിദ്ധീകരിക്കണം. കോവാക്സിനുളള ബൗദ്ധികസ്വത്തവകാശം ഇന്ത്യന്‍ സര്‍ക്കാരിനോ,ഐ.സി.എം.ആറിനോ ഉണ്ടെങ്കില്‍ മറ്റൊരു ചോദ്യം കൂടിയുയര്‍ന്നുവരും. ബൗദ്ധികസ്വത്തവകാശം പൊതുമേഖലയിലാണെന്നിരിക്കെ ഒരു കമ്പനിക്ക് മാത്രമായി – അതായത് ഭാരത്ബയോടെക്ക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണത്തിനുളള പ്രത്യേകഅവകാശം (എക്സ്ക്ലൂസീവ് അവകാശം) നല്‍കിയത് എന്തുകൊണ്ട്?

ഒന്നിലധികം കമ്പനികള്‍ക്ക് നിര്‍മ്മാണാവകാശം കൊടുക്കാത്തതെന്തുകൊണ്ട്? ബൗദ്ധികസ്വത്തവകാശത്തിലൊരുപങ്കുണ്ടെങ്കില്‍ അത്തരം ക്രമീകരണങ്ങളില്‍നിന്ന് ഭാരത്ബയോടെക്കിന്‍റെ ലാഭത്തിലൊരുവിഹിതം ഐ.സി.എം.ആറിന് ലഭിക്കേണ്ടതല്ലേ? നിര്‍ഭാഗ്യവശാല്‍ ഇതൊന്നും നമുക്കറിയില്ല. കേന്ദ്രസര്‍ക്കാര്‍ കോവാക്സിനേക്കുറിച്ചുളള എല്ലാക്കരാറുകളുടേയും ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പെട്ടുളള വിവരങ്ങളുടേയും രേഖകളും സുതാര്യമായി പ്രസിദ്ധീകരിക്കണം.

ഐ.സി.എം.ആറും ആരോഗ്യകുടുംബക്ഷേമമന്ത്രാലയവും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. കോവാക്സിന്‍ ഐ.സി.എം.ആറിനോ,ഇന്ത്യാഗവണ്മെന്‍റിനോ ബൗദ്ധികസ്വത്തവകാശമുണ്ടെങ്കില്‍ ഈ മഹാമാരിക്കിടയില്‍ ഈയവകാശം സ്വകാര്യമേഖലയുടെ ലാഭസമ്പാദനത്തിനായി വിട്ടുകൊടുത്തത് അധാര്‍മ്മികമല്ലേ? അനീതിയല്ലേ?സ്വകാര്യവല്‍ക്കരണത്തിന്‍റെ വക്താക്കള്‍ മറുപടി പറയണം.

മറുവശത്ത് കേരളാമന്ത്രിസഭ കമ്പോളത്തില്‍നിന്ന് ഒരു കോടി വാക്സിന്‍ വാങ്ങാന്‍ തീരുമാനമെടുത്തിരിക്കുന്നു. ഉല്‍പാദകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകളാരംഭിച്ചിരിക്കുന്നു. ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനം നേരിട്ട കൊടിയ അധിക്ഷേപാര്‍ഹമായ അവഗണനയയുടെ സ്മാരകമായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

ആബാലവൃദ്ധം കേരളീയരുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തവും, സഹകരണവുമാണിയജ്ഞത്തിലെ പ്രധാനശക്തിയും. കാശുകൊടുത്ത് കമ്പോളത്തില്‍നിന്ന് വാങ്ങിക്കണമെന്ന കേന്ദ്രസഹമന്ത്രിയുടെ വെല്ലുവിളി കേരളാസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. തോല്‍ക്കാന്‍ തയ്യാറില്ലെന്ന ഒരു ജനതയുടെ പ്രഖ്യാപനമാണ് ഇപ്പോള്‍ മന്ത്രിസഭയുടെ തീരുമാനമായി പുറത്തുവന്നിരിക്കുന്നത്.

                                                      ലേഖകൻ:  എസ്.പി.നമ്പൂതിരി

×