Advertisment

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതി മാറ്റും; ചുമതല പൂര്‍ണമായും ഇനി പൊലീസിന്‌

New Update

തിരുവനന്തപുരം: കണ്ടെയ്ന്‍‍മെന്റ് സോണുകളുടെ പൂര്‍ണ ചുമതല ഇനി പൊലീസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൺടെയ്ൻമെന്‍റ് സോണ്‍ മാര്‍ക്ക് ചെയ്യുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

Advertisment

publive-image

ആശുപത്രികൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ ഇങ്ങനെ ആളുകൾ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ പ്രത്യേക നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനായി സംസ്ഥാനതല നോഡൽ ഓഫിസറായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയെ നിശ്ചയിച്ചു.

പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടെയ്‍ന്‍‍മെന്റ് സോൺ നിശ്ചയിക്കുന്നതിൽ മാറ്റംവരുത്തി. പ്രൈമറി, സെക്കന്‍ഡ‍റി കോണ്‍ടാക്ടുകള്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്ന്‍‍മെന്റ് സോണാകും. പോസിറ്റീവ് ആയ ആളിന്റെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തിയാൽ ആ സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ൻമെന്റ് മേഖലയാകും. ഒരു വാർഡ് എന്നതിനു പകരം വാർഡിന്റെ ഒരു പ്രദേശത്താണ് ഈ ആളുകൾ ഉള്ളതെങ്കിൽ ആ പ്രദേശമായിരിക്കും കണ്ടെയ്ൻമെന്റ് സോൺ.

ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. അവര്‍ പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കും. സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാം.

Advertisment