Advertisment

ജീവിത ദുരിതം വർധിപ്പിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കണം - വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: ജനങ്ങളുടെ ജീവിത ദുരിതം വർദ്ധിപ്പിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വിശദമായ ആലോചനയോ ആസൂത്രണമോ ഇല്ലാതെ ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ജനജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു. ചെറുകിട, പരമ്പരാഗത തൊഴിൽമേഖല തകർന്നു കഴിഞ്ഞു. ജനങ്ങളുടെ കയ്യിൽ പണമില്ലാത്ത അവസ്ഥയാണ്. വരുമാനം നിലച്ച ജനങ്ങളിൽ ആത്മഹത്യ പ്രവണത വർധിച്ച് കൊണ്ടിരിക്കുന്നു.

തൊഴിൽ രഹിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വ്യാപാരികൾ നിസ്സഹായാവസ്ഥയിലാണുള്ളത്. ദിവസ കൂലിക്കാരായ തൊഴിലാളികൾ, ഓട്ടോ - ടാക്സി ഡ്രൈവർമാർ എന്നിങ്ങനെ മുഴു മേഖലയും പ്രതിസന്ധിയിലാണ്. 35000 ത്തോളം റസ്റ്റോറന്റുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഈ ഘട്ടത്തിലും എത്രക്കാലത്തേക്കെന്ന് സർക്കാറിനു പോലും ഉറപ്പില്ലാത്ത നിയന്ത്രണങ്ങൾ ഇനിയും നിലനിർത്തുന്നത് ജനങ്ങളെ മുഴു പട്ടിണിയിലേക്ക് തള്ളിവിടും. സർക്കാർ നൽകുന്ന നാമമാത്ര ആനുകൂല്യം കൊണ്ടു ഇത്രയും ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനാകില്ല. ജനങ്ങൾക്ക് വരുമാനം കണ്ടെത്താൻ കൂടി കഴിയും വിധം കോവിഡ് പ്രോട്ടോക്കോൾ പരിഷ്കരിക്കേണ്ടതുണ്ട്.

വിദഗ്ധസമിതി നിർദേശം എന്ന പേരിൽ ഇപ്പോൾ ഉദ്യോഗസ്ഥ വൃന്ദങ്ങളും ഭരണകൂടവും ചേർന്ന് അടിച്ചേൽപ്പിക്കുന്ന അശാസ്ത്രീയമായ നിർദേശങ്ങൾ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത ദുരിതമായി മാറുകയാണ്. അത്തരം നിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ടിപിആർ നിരക്ക് മാത്രം അവലംബമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിലവിലെ രീതി അശാസ്ത്രീയമാണ്. രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടൈൻമെന്റ് സോണുകൾ നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണം. ഏകപക്ഷീയ അടച്ചുപൂട്ടൽ കൊണ്ട് കോവിഡിനെ നിയന്ത്രിക്കാൻ കഴിയില്ലയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മഹാമാരിയോടൊപ്പം ജീവിക്കാൻ കഴിയുന്ന തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പുനക്രമീകരിക്കാൻ സർക്കാർ തയ്യാറാകണം.

കയ്യിൽ പണമില്ലാത്ത ജനങ്ങളെ കൊണ്ടു ആയിരക്കണക്കിന് രൂപയുടെ ഫൈൻ അടപ്പിക്കുന്ന രീതി മനുഷ്യത്വ വിരുദ്ധമാണ്. ജനങ്ങളെ പോലീസ് ക്രിമിനലുകളെ പോലെ വേട്ടയാടുകയാണ്. കഴിഞ്ഞദിവസം പാരിപ്പള്ളിയിൽ മത്സ്യ കച്ചവടം നടത്തിയിരുന്ന സ്ത്രീയോട് പോലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നടപടി അനുചിതമാണ്. ആരോഗ്യ പ്രശ്നത്തെ ക്രമസമാധാന പ്രശ്നമായി കാണുന്ന രീതി തന്നെ തെറ്റാണ്. ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് പാക്കേജ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കാൻ പര്യാപ്തമമല്ല. ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ 14 ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തെ പാക്കേജ് തീരെ പരിഗണിച്ചില്ല. ജനങ്ങളുടെ കയ്യിൽ നേരിട്ട് പണം എത്തുന്ന രീതിയിലുളള പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment