Advertisment

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയര്‍ന്നത് 5 ല്‍ നിന്ന് 10 ലേയ്ക്ക് ! തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പേരില്‍ നടന്നത് തോന്ന്യാസങ്ങള്‍. മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷനും പ്രചരണ രംഗത്ത് നോക്കുകുത്തികളായി ! രാഷ്ട്രീയക്കാര്‍ അനുസരിക്കാത്ത മാനദണ്ഡങ്ങള്‍ ഇനി പൊതുജനങ്ങളെ അടിച്ചേല്‍പിക്കും ! തോന്നുംപോലെ നടന്ന ഇലക്ഷന്‍ പ്രചരണത്തിന്‍റെ തിക്തഫലങ്ങള്‍ കേരളം അനുഭവിച്ചു തുടങ്ങുന്നു ? 

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ശതമാനത്തിലേയ്ക്ക് താഴാനിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് 10 ശതമാനത്തിലേയ്ക്ക് കുതിച്ചുയര്‍ന്നത്. 61957 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 6194 പേര്‍ക്കും കോവിഡ് പോസിറ്റീവ് ! കേരളം കരുതലോടെ ഒതുക്കി നിര്‍ത്തിയ രോഗവ്യാപനം വീണ്ടും പരിധി ലംഘിക്കുന്നതിന്‍റെ സൂചനയാണിത്.

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പാര്‍ട്ടികള്‍ നടത്തിയ പ്രചരണ കോലാഹലങ്ങളുടെ തിക്ത ഫലങ്ങള്‍ കേരളം അനുഭവിക്കുകയാണോ എന്ന് സംശയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ മുഖ്യമന്ത്രിക്കും മുന്‍ മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്പീക്കര്‍ക്കും കോവിഡ് പോസിറ്റീവ് ആയി.

45 വയസിനു മുകളിലുള്ളവരില്‍ പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അതിതീവ്ര രോഗവ്യാപനത്തിന്‍റെ നാളുകളെ ഓര്‍മ്മിപ്പിക്കുന്ന വിധമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തെരഞ്ഞെടുപ്പ് സമയത്ത് പാലിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ ആരും പാലിച്ചില്ല. ഇത് കണ്ടിട്ടും അവര്‍ക്കു മുമ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകരും കമ്മീഷന്‍ പ്രതിനിധികളും വിലക്ക് ലംഘിച്ചുകൊണ്ടുള്ള പ്രചരണ പരിപാടികള്‍ക്കെതിരെ നടപടി സ്വീകരിച്ചുമില്ല.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് രണ്ട് പേര്‍ മാത്രം എന്നതായിരുന്നു മാനദണ്ഡം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും പോലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പോലും ഇത് പാലിച്ചില്ല.

വീട് കയറിയുള്ള പ്രചരണത്തിന് 5 പേര്‍ എന്നതായിരുന്നു മറ്റൊരു മാനദണ്ഡം. അതും നടന്നില്ല. പര്യടന വാഹനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും വാഹന പ്രചരണ ജാഥകള്‍ക്ക് ഇലക്ഷന്‍ നിരീക്ഷകര്‍ അകമ്പടി പോയതായിരുന്നു അവസ്ഥ.

ഒടുവിലായപ്പോള്‍ എന്തിനാണ് കമ്മീഷന്‍ ഇങ്ങനത്തെ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതെന്ന് തോന്നിപ്പോയി. ആരും എവിടെയും ഒന്നും അനുസരിക്കാന്‍ തയ്യാറായില്ല. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളെ പലരെയും തോളിലേറ്റിയായിരുന്നു കണ്‍വന്‍ഷനുകളില്‍ എത്തിച്ചത്. താരപ്രചാരകരെയും പ്രവര്‍ത്തകര്‍ പൊതിഞ്ഞു. ഉമ്മന്‍ ചാണ്ടിയെപ്പോലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള നേതാക്കളുടെ കാര്യത്തില്‍ പോലും പ്രവര്‍ത്തകരുടെ ജാഗ്രത ഉണ്ടായില്ല. അതിന്‍റെ ഫലമായി ഉമ്മന്‍ ചാണ്ടി വോട്ടെടുപ്പ് ദിവസം അവശനായി. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇലക്ഷന്‍ സമയത്ത് ഒന്നും അനുസരിക്കാതെ തോന്ന്യാസം പ്രചരണം നടത്തിയ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയക്കാരും നേതാക്കളും അവരുടെ കാര്യം കഴിഞ്ഞ് വീണ്ടും ജനങ്ങളെ നിയന്ത്രിക്കാന്‍ ഇറങ്ങുമ്പോഴാണ് കൗതുകം.

പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും വേണ്ടാത്ത കോവിഡ് നിയന്ത്രണങ്ങള്‍ അവരുടെ അനാസ്ഥ മൂലം ഇനി പൊതുജനം അനുഭവിക്കേണ്ടതാണവസ്ഥ. മരണനിരക്കുപോലും ഇന്ന് കുതിച്ചുയര്‍ന്നു. ഭയം വേണ്ട ജാഗ്രത മതി എന്നു പറഞ്ഞിരുന്നിടത്ത് ഇപ്പോള്‍ ജാഗ്രത പോരാ ഭയംകൂടി വേണമെന്ന് പറയേണ്ടിവരുന്നതാണവസ്ഥയത്രെ !

trivandrum news covid spread
Advertisment