Advertisment

കോവിഡ്‌: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാതെ കാലിക്കറ്റ് സർവകലാശാല സെമസ്റ്റർ പരീക്ഷകൾ നടത്തരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

കോഴിക്കോട് : കോവിഡ്‌ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നവംബർ ആറ് മുതൽ സെമസ്റ്റർ പരീക്ഷകൾ തിടുക്കത്തിൽ നടത്താനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തീരുമാനം പ്രതിഷേധാർഹമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

യൂണിവേഴ്സിറ്റിക്ക് കീഴിലെ അഞ്ച് ജില്ലകളിലും കോവിഡ്‌ വ്യാപനം അതിരൂക്ഷമായി വർദ്ധിച്ച്‌ കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരീക്ഷാർത്ഥികളുടെ സുരക്ഷ പരിഗണിക്കാതെയുള്ള തീരുമാനവുമായി മുൻപോട്ട് പോവുകയാണ് യൂണിവേഴ്സിറ്റി.

വിദ്യാർത്ഥികളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാതെയുള്ള സർവകലാശാലയുടെ പ്രസ്തുത തീരുമാനം പുനഃ പരിശോധിക്കണമെന്നും പരീക്ഷ നീട്ടി വെക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെടുന്നു.മതിയായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തിപ്പുമായി മുൻപോട്ട് പോകുന്നത്.

ജില്ലകളിൽ ആവശ്യത്തിന് എക്സാം സെന്ററുകൾ അനുവദിക്കാനോ മണിക്കൂറുകളോളം യാത്ര ചെയ്ത് പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കാനോ സർവകലാശാല നടപടി സ്വീകരിച്ചിട്ടില്ല.

ഗതാഗത സൗകര്യമില്ലാത്ത അട്ടപ്പാടിയിലെയും നിലമ്പൂരിലെയും ആതിരപള്ളിയിലേയും ആദിവാസി വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരീക്ഷയെ സംബന്ധിച്ച് ആശങ്കയിലാണ്. പ്രസ്തുത വിദ്യാർത്ഥികളുടെ പരീക്ഷ മുടങ്ങിയാൽ അത് സാമൂഹ്യനീതിയുടെ പച്ചയായ ലംഘനമാവും.

ഒരു മാസം കഴിഞ്ഞാൽ കോവിഡ്‌ വ്യാപനം കുറയുമെന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് പരീക്ഷ നീട്ടിവെക്കാൻ സർവകലാശാല തയ്യാറാവണം. അതോടൊപ്പം തന്നെ ഓരോ ഈവൻ സെമസ്റ്റർ ഓഡ് സെമസ്റ്റർ പരീക്ഷകൾ മാത്രം നടത്തി ബാക്കി സെമസ്റ്ററുകൾക്ക് നോർമലൈസേഷൻ നടപ്പിലാക്കാനുള്ള സാധ്യതയും യൂനിവേഴ്സിറ്റി പരിശോധിക്കണം.

ഈ വിഷയങ്ങളൊന്നും പരിഗണിക്കാതെ, വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താൻ പോലും തയ്യാറാകാതെ പരീക്ഷ നടത്താനുള്ള തീരുമാനവുമായുള്ള സർവകലാശാലയുടെ മുന്നോട്ട്പോക്ക് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പത്ര സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അഷ്റഫ് .കെ.കെ,ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കമ്മിറ്റി അംഗം ഷഫാഫ് മുറാദ് ,കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഷാഹിൽ എന്നിവർ സംബന്ധിച്ചു.

covid university examination
Advertisment