Advertisment

കൊറോണയിൽ വിറങ്ങലിച്ച് ലോകം: കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്; മരണം 59,000 കടന്നു: ഇറ്റലിയിലും സ്പെയിനിലും അതീവ ഗുരുതരം

New Update

വാഷിംഗ്‍ടണ്‍: ലോകത്ത് ഇതുവരെ 59,140 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.

Advertisment

publive-image

ഏപ്രിൽ 3-ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.

ഇറ്റലിയിൽ മരണം 14,681 ആയി. സ്പെയിനിൽ മരണം പതിനൊന്നായിരം പിന്നിട്ടു. ലോക രാജ്യങ്ങൾ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തിൽ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ് ആവർത്തിച്ചു. 20 വയസ്സിൽ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു.

ബുധനാഴ്ചയാണ് അമേരിക്കയിൽ ഇതിന് മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതൽ മരിച്ചത്. അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയിൽ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്‍റെ സൂചനയാണിത്.

2,73,880 കേസുകളാണ് ഏറ്റവുമൊടുവിൽ അമേരിക്കയിൽ ആകെ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിനിടെ 932 പേർ കൂടി മരിച്ചതോടെ സ്പെയിനിൽ മരണ സംഖ്യ 11,000 കടന്നു. രോഗബാധിതർ ഒരു ലക്ഷത്തി പതിനെട്ടായിരത്തോളമായി. ഇറാനിൽ 3300 ഓളം ആളുകളാണ് ഇതുവരെ മരിച്ചത്. ബ്രിട്ടനിൽ ജീവൻ നഷ്ടമായത് മൂവായിരത്തോളം പേർക്കാണ്.

Advertisment