വീടിന് സമീപത്തു നിന്നായി പശുവിന്റെ തോലും അവശിഷ്ടങ്ങളും കണ്ടെത്തി ; യു.പിയില്‍  മദ്രസയ്ക്ക് നേരെ ആക്രമണം; ചുറ്റുമതിലും വാതിലുകളും അടിച്ചു തകര്‍ത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ലഖ്‌നൗ : യു.പിയില്‍ മദ്രസയ്ക്ക് നേരെ ആക്രമണം. മദ്രസയുടെ മേല്‍ക്കൂരയും ചുറ്റുമതിലും വാതിലുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഫത്തേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ മൂന്നിടങ്ങളായി ബീഫ് കണ്ടെത്തിയെന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തില്‍ പൊലീസ് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് പശുവിനെ അറുത്തതിനും മറ്റൊന്ന് മദ്രസ ആക്രമിച്ചതിനുമാണ്.

ഗോഹത്യാനിരോധന നിയമപ്രകാരം മുഷ്താഖ് എന്നയാള്‍ക്കെതിരെയാണ് ഒരു കേസ് എടുത്തിരിക്കുന്നത്. മദ്രസക്ക് നേരെയുണ്ടായ ആക്രമത്തില്‍ തിരിച്ചറിയാത്ത 60 പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബെഹ്ത ഗ്രാമത്തിലുള്ള മുഷ്താഖിന്റെ വീടിന് സമീപത്തുനിന്നായി പശുവിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. മുഷ്താഖ് വളര്‍ത്തുന്ന പശുവിനെയായിരുന്നു അറുത്ത നിലയില്‍ കണ്ടെത്തിയത്.

പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ പ്രദേശത്തെ പ്രൈമറി സ്‌കൂളിന് സമീപത്തായുള്ള കുളത്തിന് സമീപം പശുമാംസവും പശുവിന്റെ രണ്ടു കാലുകളും കണ്ടെത്തി. മാംസം പരിശോധിക്കാനായി വെറ്റിനറി ഡോക്ടറെ വിളിച്ചുവരുത്തിയ പൊലീസുകാര്‍ മാംസം ബീഫാണെന്ന് സ്ഥിരീകരിച്ചു.

×