Advertisment

കർക്കിടകവിചാരം; രാമായണത്തിൻ്റെ സാമൂഹിക സ്വാധീനം- സിപി കുട്ടനാടൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

രാമായണം മഹാഭാരതം എന്നീ ഋഷീ വിരചിതങ്ങളായ പുരാണ ഗ്രന്ഥങ്ങളെക്കുറിച്ചു വിവരിയ്ക്കുവാൻ ആയിരം നാവുള്ള അനന്തന് തന്നെ ബുദ്ധിമുട്ടേറും, മാത്രമല്ല അതീവ പണ്ഡിതർക്ക് പോലും ഇത് ക്ലേശകരമായ ജോലിയാണ്, അങ്ങനെയുള്ളപ്പോൾ നമ്മളെപ്പോലെയുള്ള സാധാരണ ജനതയുടെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളു.

Advertisment

publive-image

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭാഷകളിൽ പ്രചുര പ്രചാരം നേടിയിട്ടുള്ള ഗ്രന്ഥമാണ് രാമായണം. മിക്ക ഭാരതീയ പ്രാദേശിക ഭാഷകളിലെയും ആദികാവ്യമാണ് രാമായണം. അങ്ങനെ സാമൂഹികമായി അടിത്തട്ടുവരെ എത്തിച്ചേർന്ന രാമായണത്തിൻ്റെ, ജനജീവിതത്തിലെ ഇടപെടൽ വളരെ ശക്തമാണ്.

ഒരുതരത്തിലുമുള്ള മിഷണറി പ്രവർത്തനങ്ങളും കൂടാതെ സ്വന്തം സർഗാത്മകത കൊണ്ടും ഭക്തിരസം കൊണ്ടും മാത്രം ജനഹൃദയങ്ങളിൽ വാസമുറപ്പിച്ച കൃതിയാണ് രാമായണം.

നമ്മുടെ ഭാഷാ പ്രയോഗങ്ങളിലും, കവിതകളിലും, ജനങ്ങൾക്ക് ഇടുന്ന പേരുകളിലും, സ്ഥല നാമങ്ങളിലും, രാഷ്ട്രീയ പ്രവർത്തനങ്ങളിലും, ആയോധന കലകളിലും, സിനിമകളുടെയും നാടകങ്ങളുടെയും തിരക്കഥകളിലും, നാടോടി കഥകളിലും എന്തിനേറെ അമ്മായിഅമ്മ മരുമകൾ പോരിൽ വരെ രാമായണം ശക്‌തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതിലെ ചില രസകരങ്ങളായ കാര്യങ്ങൾ നമുക്ക് പരിശോധിയ്ക്കാം.

"ആസേതു ഹിമാചലം" എന്ന ഭാഷാ പ്രയോഗത്തിലെ 'സേതു' എന്നത് രാമേശ്വരത്തു നിന്നും ശ്രീലങ്കയിലേക്ക് നിർമിച്ചിട്ടുള്ള ശ്രീരാമസേതുവാണ്‌.

"ഗാന്ധാരം മുതൽ കാംഭോജം വരെ" എന്ന പ്രയോഗത്തിലെ, ഗാന്ധാരം അഫ്ഗാനിസ്ഥാനും, കാംഭോജം എന്നത് കമ്പോഡിയയാണ് മാത്രമല്ല വിയറ്റനാം ഭാഗത്തുമൊക്കെ രാമായണത്തിൻ്റെ സാന്നിദ്ധ്യമുണ്ട്.

നമ്മുടെ രാഷ്ട്രീയത്തിൽ എക്കാലവും സ്വാധീനം ചെലുത്തിയിട്ടുള്ളത് രാമായണമാണ്. മഹാത്മാഗാന്ധിയുടെ രാമരാജ്യമെന്ന സ്വപ്നം വെറുമൊരു സ്വപ്നമല്ല. അത് ഏറ്റവും മികച്ച അഡ്മിനിസ്ട്രേഷനെ കുറിച്ചുള്ള മനുഷ്യൻ്റെ അദമ്യമായ ആഗ്രഹത്തിൽ നിന്നുള്ള സ്വപ്നമാണ്.

അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ സംജ്ഞയാണ്. സർവ രാഷ്ട്രീയ പാർട്ടികളും രാമക്ഷേത്രം എന്ന വിഷയത്തിൻ്റെ നെഗറ്റിവ് ആയതോ അല്ലെങ്കിൽ പോസിറ്റിവ് ആയതോ ആയ ഗുണമോ ദോഷമോ അനുഭവിച്ചവരാണ്. ഇന്ത്യൻ സമൂഹത്തിൽ രാമായണം ചെലുത്തിയിട്ടുള്ള സ്വാധീനമാണ് അതിനു കാരണം.

ഉദാഹരണമായിപ്പറഞ്ഞാൽ, ഉത്തരേന്ത്യയിലെ ഒരു സമുദായത്തിൻ്റെ പേര് തന്നെ വാത്മീകി സമുദായം എന്നാണ്. കൂടാതെ എത്രയോ വ്യക്‌തികൾ രാമായണ കഥാപാത്രങ്ങളുടെ പേരുകൾ സ്വീകരിച്ചിരിക്കുന്നു. നിരവധി സംഘടനകളും സ്ഥാപനങ്ങളും, രാമായണവും അതിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പേരുകൾ ഉപയോഗിക്കുന്നു.

നമ്മുടെ ഭാരതത്തിൽ തന്നെ രാമായണവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലനാമങ്ങളുണ്ട്. രാമപുരം, കൗസല്യപുരം, കേകേയം, ജടായുമംഗലം, രാമേശ്വരം, രാമങ്കരി, ശബരിമല, ലക്ഷ്മണദ്വീപ് (ലക്ഷദ്വീപ്) എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ഥലപ്പേരുകൾ രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

ഭാരതത്തിൽ മാത്രമല്ല വിദേശങ്ങളിലും രാമായണത്തിൻ്റെ സ്വാധീനം നമുക്ക് മനസിലാകും. ഇന്ന് വിദേശ രാജ്യമായ മാലിദ്വീപ് സമൂഹങ്ങൾ, രാവണൻ്റെ അപ്പൂപ്പന്മാരായിരുന്ന സുമാലി, മാലി, മാല്യവാന്മാരുടെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു. ശ്രീലങ്കയെപ്പറ്റി എടുത്തു പറയേണ്ടതില്ലല്ലോ. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകൾ ലക്ഷ്മണ മാതാവായ സുമിത്രാ ദേവിയുടെ പേരിലുള്ളതാണെന്ന് പറയപ്പെടുന്നു.

രാമായണത്തിൻ്റെ ജിയോഗ്രഫിക്കൽ റീച്ചിനെ കുറിച്ചും ജിയോ പൊളിറ്റിക്കൽ റീച്ചിനെ കുറിച്ചുമൊക്കെ കാര്യമായ അവബോധം നമുക്കാർക്കുമില്ല എന്നത് ഒരു പോരായ്മയായി അവശേഷിയ്ക്കുന്നു.

അയോദ്ധ്യാ കേസ് സുപ്രീംകോടതിയിൽ വന്നപ്പോൾ ചില ഹിന്ദുവിരുദ്ധ ഇടതു മതേതരന്മാർ പറഞ്ഞത് അയോദ്ധ്യ എന്ന സ്ഥലം ഇന്തോനേഷ്യയിൽ ആണെന്നാണ്. സംഗതിയിൽ വാസ്തവമുണ്ട്. ഇന്തോനേഷ്യയിൽ അയോദ്ധ്യാ രാജവംശവുമുണ്ടായിരുന്നു. രാം എന്ന് പേര് വരുന്ന രാജാക്കന്മാരും ഉണ്ടായിരുന്നു.

തായ്‌ലൻഡിൽ ഹനുമാൻസ്വാമിയ്ക്ക് വലിയൊരു സാംസ്കാരിക സ്വാധീനമുണ്ട്. അത് അവിടെ നിലനിൽക്കുന്ന 'മുയതായ്' എന്ന ആയോധന കലയിൽ കാണുവാൻ സാധിയ്ക്കും. കരാട്ടെ, കുങ്ഫു, കളരി എന്നിങ്ങനെയുള്ള മറ്റു മാർഷ്യൽ ആർട്ടുകളുമായി താരതമ്യം ചെയ്താൽ അവയേക്കാളേറെ അപകടം പിടിച്ചതാണ് ആണ് മുയാതായുടെ പരിശീലനം.

മുയതായ് പരിശീലനം ഒരു വൃതമാണ്. ഭാരതീയമായ ഗുരുകുല സമ്പ്രദായത്തിലാണ് ബ്രഹ്മചര്യമടക്കമുള്ള ഈ പരിശീലനം നടത്തപ്പെടുന്നത്. കാരാട്ടാ വിദഗ്ധർക്ക് ബ്ലാക്ക് ബെൽറ്റ് ലഭിയ്ക്കുന്നത് പോലെ മുയാതായ് വിദഗ്ധർക്ക് ലഭിയ്ക്കുന്നത് 'സാക് യന്ത്' എന്ന ടാറ്റു ആണ്.

വാസ്തവത്തിൽ സാക് യന്ത് എന്നത് ഹനുമാൻ ചിത്രമാണ്, അതാണ് അവർ ടാറ്റൂ ചെയ്യുന്നത്. വെറുതെ ആർക്കും സാക് യന്ത് ടാറ്റൂ കിട്ടില്ല. വൃതമെടുത്ത് വർഷങ്ങളോളം മുയാതായ് പ്രാക്ടീസ് ചെയ്ത് എക്സ്പെർട്ട് ആയെങ്കിൽ മാത്രമേ ഇത് ലഭിയ്ക്കൂ. വേറെയും സാക് യന്ത് ടാറ്റൂകൾ ഉണ്ട്. ഗരുഡൻ്റെ മുകളിലേറിയ മഹാവിഷ്‌ണു അതിലൊന്നാണ്. തായ്‌ലൻഡ് സിനിമകൾ ശ്രദ്ധിച്ചാൽ ഇതിൻ്റെ വ്യക്തമായ സ്വാധീനം കാണാം.

തമിഴ്‌നാട്ടിൽ വളരെയധികം സ്വാധീനം ചെലുത്തിയ രാമായണമാണ് കവിചക്രവർത്തി കമ്പർ എഴുതിയ കമ്പരാമായണം. തമിഴിലെ കലാരൂപങ്ങളിൽ രാമകഥയുടെ ഗണ്യമായി സ്വാധീനം ദർശിക്കാൻ സാധിയ്ക്കും. എന്തിനേറെ, തലൈവർ എംജിആറിൻ്റെ ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം ശ്രീരാമനെപ്പോലെ പരിശുദ്ധനായ കഥാപാത്രമായി വേഷമിടുകയും അതിൽ ശൂർപ്പണഖയെപോലെയൊരു കാമവെറിപൂണ്ട സ്ത്രീ കഥാപാത്രം അദ്ദേഹത്തെ മോഹിച്ചു പിന്നാലെ നടക്കുകയും, അവസാനം അവളെ എംജിആർ ഒഴിവാക്കി വിടുകയും ചെയ്യുന്ന സീനുകൾ നിരവധിയുണ്ട്. ധാരാളം നാടകങ്ങളും ബാലെകളും സിനിമാ ഗാനങ്ങളും സിനിമകളും തന്നെ രാമായണത്തെ അധികരിച്ചോ ഉപജീവിച്ചോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

നിരവധി നാടോടി കഥകളിൽ ശ്രീരാമനും ഹനുമാനും രാമായണവുമൊക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്. നാടോടി കഥകൾക്ക് പുരാണ കഥകളുടെ പ്രമാണികത്വം ഇല്ലാത്തതിനാൽ അവയെല്ലാം പല രീതികളിലാണ് അറിയപ്പെടുന്നത്. അമ്മായിയമ്മ മരുമകൾ പോര് ഒരു നാടോടി കഥയുടെ രൂപത്തിലും പിന്നെ തിരുവാതിര പാട്ടിൻ്റെ രൂപത്തിലും മലയാള ഭാഷയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

അത് ഇപ്രകാരമാണ്,. കൗസല്യയും കൈകേയിയും സുമിത്രയും ചേർന്ന് സീതാദേവിയോട് രാവണൻ്റെ ചിത്രം ഒരു തടിപ്പലകയിൽ വരയ്ക്കുവാൻ ആവശ്യപ്പെടുന്നു. ഇതിലെ കെണി മനസിലാകാതെ സീതാദേവി രാവണൻ്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയായപ്പോൾ പലക തുള്ളുവാൻ ആരംഭിയ്ക്കുന്നു. അതോടെ അമ്മായിയമ്മമാർ പറയുന്നു നിൻ്റെ മനസ്സിൽ ഇപ്പോഴും രാവണനുണ്ട് സീതേ എന്ന്. ഇത് പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള കഥയല്ല. ഇങ്ങനെ എത്രയോ വായ്മൊഴികൾ രാമായണ കഥാപാത്രങ്ങളെക്കുറിച്ചുണ്ട്.

പണ്ടു മുതൽ ഭാരതത്തിലെ ഗ്രാമാന്തരങ്ങളിൽ പാടി നടന്നിരുന്ന നാടോടി പാട്ടുകളിൽ "ബച്ചാ ബച്ചാ രാം കാ, മാതൃഭുമി കെ കാം കാ" എന്നിങ്ങനെയുള്ള വരികൾ ഉണ്ടായിരുന്നു. ഇതിനർത്ഥം നോക്കിയാൽ. ഈ മണ്ണിലെ കുട്ടികളെല്ലാം ശ്രീരാമ സങ്കൽപ്പത്തിലുള്ളവരും മാതൃഭൂമിക്കായി ഉഴിഞ്ഞു വയ്ക്കപ്പെട്ട ജന്മങ്ങളാണ് എന്നുമാണ്.

ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയെ നാമേവർക്കും പരിചയമുണ്ട്. അദ്ദേഹത്തിൻ്റെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, ഭാരതത്തിലെ ഒരു ഉൾനാടൻ കുഗ്രാമത്തിൽ ചെന്നപ്പോൾ അവിടെയും ഒരാൾ രാമായണം വായിക്കുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു എന്ന്.

ഇങ്ങനെ ചിന്തിയ്ക്കുമ്പോൾ ഒരുകാര്യം മനസിലാക്കാം. രാമനും രാമായണവും ഭാരത മണ്ണിൽ ആഴത്തിൽ വേരൂന്നിയ പരികല്പനയാണ്. അതിനോളം പോന്ന മറ്റൊന്ന് ഈ നാട്ടിൽ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള രാമായണ പാരമ്പര്യത്തിൽ അഭിമാനിയ്ക്കുന്ന ഭാരത മക്കളായിത്തീരാം നമുക്ക്.

ജയ് ഭജ്‌രംഗ്‌ബലി

ramayanam
Advertisment