Advertisment

യുപിയിലെ പൊലീസല്ല കേരളത്തിലേത്; ഡി.രാജയ്ക്ക് അതറിയില്ല; സെക്രട്ടറി ആയാലും ചെയര്‍മാന്‍ ആയാലും പാര്‍ട്ടി മാനദണ്ഡം പാലിക്കണം; ഡി രാജയെ വിമര്‍ശിച്ച് കാനം; ജനയുഗം ഗുരുനിന്ദ കാട്ടിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; പാലാ ബിഷപ്പിനും വിമർശനം

New Update

publive-image

Advertisment

തിരുവനന്തപുരം: ആനി രാജയെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ വിമർശിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. ആനി രാജയുടെ പ്രസ്താവനയിലെ ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യൂട്ടീവ് തീരുമാനം അല്ലെന്ന് കാനം പറഞ്ഞു.

സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കും. സംസ്ഥാനത്തെ കാര്യം പറയുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ അനുവാദം വാങ്ങണം. ആ തീരുമാനം ഒരു ദേശീയ എക്സിക്യൂട്ടീവ് അംഗം ലംഘിച്ചു എന്നാണ് എന്റെ പരാതി. അതുമായി ബന്ധപ്പെട്ട് ഞാനയച്ച കത്ത് ദേശീയ എക്സിക്യൂട്ടീവ് ശരിവച്ചു.

പാർട്ടിയുടെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ല. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിക്കണം. യുപിയിലെ പൊലീസല്ല കേരളത്തിലേത്. ഡി.രാജയ്ക്ക് അതറിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കാനം പറഞ്ഞു.

പാർട്ടി ചെയർമാനായിരുന്ന എസ് എ ഡാങ്കെ മുതലുള്ളവരെ വിമർശിച്ചിരുന്ന പാർട്ടിയാണ് സിപിഐ. സംസ്ഥാന ഘടകത്തിലുണ്ടായ ചർച്ചകളുടെ പൊതുവികാരം ഡി രാജയെ അറിയിക്കാൻ മറ്റൊരു ദേശീയ സെക്രട്ടറിയേറ്റ് അംഗത്തെ ചുമതലപ്പെടുത്തി എന്നും കാനം പറഞ്ഞു.

ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ല. ‘ജനയുഗ’ത്തെ വിമര്‍ശിച്ച കെ.കെ.ശിവരാമനെ പരസ്യമായി സിപിഐ താക്കീത് ചെയ്തു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചിട്ടില്ല. ശിവരാമനു ഗുരുഭക്തി ഉണ്ടോയെന്നറിയില്ലെന്നും കാനം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി, കേരള സമൂഹത്തെ വിഭജിക്കാൻ മതമേലധ്യക്ഷന്മാർ ശ്രമിക്കരുതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസും ബിജെപിയും ഇല്ലാതായെന്ന അഭിപ്രായം സിപിഐക്കില്ല. രണ്ട് പാർട്ടികളിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവുകൊണ്ട് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടായില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റം യുഡിഎഫിനെ ക്ഷയിപ്പിച്ചു എന്നത് വസ്തുതയാണെന്നും കാനം പറഞ്ഞു.

മുട്ടിൽ മരംമുറി ഉത്തരവ് വന്നത് സിപിഐയുടെ രാഷ്ട്രീയ തീരുമാനം കൊണ്ടാണ്. ഉത്തരവ് നടപ്പിലാക്കിയതിലാണ് പ്രശ്നങ്ങൾ. അത് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിലബസ് വിവാദത്തിൽ സർവകലാശാലയെ കുറ്റപ്പെടുത്താതെയുള്ള പ്രതികരണമായിരുന്നു കാനത്തിന്റേത്. ഒരു പുസ്തകം വായിച്ചുകൂടെന്ന് പറയാൻ പറ്റുമോയെന്ന് ചോദിച്ച അദ്ദേഹം സിലബസിൽ ഉൾപ്പെടുത്തണോ എന്നാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

kanam rajendran cpi
Advertisment