മന്ത്രി ചന്ദ്രശേഖരന്‍ വായ പോയ കോടാലി , വി എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങ്; സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 13, 2018

നെടുങ്കണ്ടം: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. മന്ത്രി വി.എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്ന് ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. റവന്യൂമന്ത്രിക്കെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. വായ പോയ കോടാലിയാണ് ചന്ദ്രശേഖരനെന്നാണ് ചര്‍ച്ചയില്‍ വിമര്‍ശിച്ചത്. നിലവില്‍ വനം വകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ്. ഭരണം നടത്തുന്നത് ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ്. റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.

ജില്ലാസമ്മേളനം ബുധനാഴ്ച അവസാനിരിക്കെയാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എം.എം.മണിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് തിങ്കളാഴ്ച സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു.

ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ സംരക്ഷകനാണു മന്ത്രി മണിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നതു സംശയങ്ങളുയര്‍ത്തുന്നു. താനാണ് സര്‍ക്കാരെന്നാണു പിണറായി വിജയന്റെ ഭാവം. ജില്ലയില്‍ എല്‍ഡിഎഫിലെ മുന്നണി ബന്ധം അങ്ങേയറ്റം വഷളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന പ്രശ്‌നം വരുമ്പോള്‍ സിപിഐഎമ്മിന്റെ, പ്രത്യേകിച്ച് മന്ത്രി എം.എം.മണിയുടെ മട്ടും ഭാവവും മാറുമെന്നും ജോയ്‌സ് ജോര്‍ജ് എംപിയെ മറയാക്കി കൊട്ടാക്കമ്പൂര്‍ മേഖലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും സംരക്ഷിക്കാനാണു മണി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതാ യാത്ര അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

×