Advertisment

പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്ക് കല്ലേറ്: ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് മുഖം നഷ്ടപ്പെട്ടു എന്ന് സി.പി.എം വിലയിരുത്തൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താൽ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ മുസ്‌ലിം പള്ളിക്ക് കല്ലേറ് നടന്ന സംഭവത്തിൽ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായത് ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിനിടയിൽ പാർട്ടിക്ക് വല്ലാതെ ക്ഷീണം സംഭവിച്ചതായി സി.പി.എം വിലയിരുത്തൽ. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടി നേടിയ സമ്മതി ഈ സംഭവത്തോടെ ഇല്ലാതായതായും വിലയിരുത്തപ്പെടുന്നു.

Advertisment

publive-image

ഈ സംഭവത്തിന് ശേഷം കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപകമായി പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം വിമർശനവും നടന്നത്. ഈ അവസരത്തിൽ പാർട്ടി അനുഭാവികളായവരിൽ നിന്നുപോലും വിശദീകരണം ദോഷം ചെയ്തിട്ടുണ്ട്. എടുത്തു ചാടി മറുപടി നൽകുന്നതും വിഷയത്തെ ലഘൂകരിക്കുന്നതിനായി നടത്തിയ വാദങ്ങളും പിന്നെ തിരിഞ്ഞു കൊത്തുന്ന അവസ്ഥയും ഉണ്ടായി.

അറസ്റ്റിലായ അതുൽദാസ് ഡി.വൈ.എഫ്.ഐ നേതൃനിരയിലുള്ള ആളായിരുന്നു. 153 എ വകുപ്പിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നതായിരുന്നു പോലീസ് എഫ്.ഐ.ആർ റിപ്പോർട്ട്. പ്രതിയെ രണ്ട് ദിവസം കൊണ്ട് തന്നെ ജാമ്യത്തിൽ ഇറക്കാൻ സാധിച്ചുവെങ്കിലും പുറത്ത് ഇറങ്ങിയപ്പോൾ നൽകിയ സ്വീകരണവും പ്രകടനവുമെല്ലാം ശരിയായില്ലെന്നും പാർട്ടി വിലയിരുത്തി.

ഡി.വൈ.എഫ്.ഐ നേതൃനിരയിലുള്ള ഒരു പറ്റം ആളുകൾ പലപ്പോഴും പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തിലാണ് പൊതുഇടങ്ങളിൽ ഇടപെടുന്നത്. അക്രമം ഉണ്ടാക്കുന്നതിനായി പേരാമ്പ്രയിൽ ആ ദിവസം നൂറ് കണക്കിന് പ്രവർത്തകർ സംഘടിച്ചു നിന്നിരുന്നതായും അവരെ നിയന്ത്രിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല എന്നതും ഗൗരവമേറിയ വിഷയമാണ്.

അക്രമകാരികളായ യുവതലമുറയിലെ ഒരുപറ്റം പ്രവർത്തകർ പാർട്ടി പരിപാടികൾക്കോ യോഗങ്ങൾക്കോ സംബന്ധിക്കാറില്ല. പക്ഷെ സംഘർഷം ഉള്ള സ്ഥലങ്ങളിൽ വന്ന് പ്രശ്നങ്ങൾ രൂക്ഷമാക്കി അവർ തടിതപ്പി പോവുകയും പിന്നീട് പാർട്ടി തന്നെ ഈ അക്രമങ്ങൾക്കെല്ലാം മറുപടി പറയേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. കേസും വ്യവഹാരങ്ങളും വേറെയും. ആയതിനാൽ ഇത്തരം പ്രവണതയെ ഇനി പ്രോത്സാഹിപ്പിക്കരുതെന്നും യോഗത്തിൽ പറഞ്ഞു.

പള്ളിക്ക് കല്ലെറിഞ്ഞത് പാർട്ടിക്ക് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ കൊണ്ടുവരുന്ന സ്വീകരണ പരിപാടികൾ പ്രാദേശികമായി സംഘടിപ്പിക്കാനും അതിന് സോഷ്യൽ മീഡിയയിലൂടെയും ഏരിയ തലങ്ങളിലും വ്യാപകമായി പ്രചരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കാലങ്ങളായി സി.പി.എം പാർട്ടി അനുഭാവികളായിട്ടുള്ളവരും മറ്റു പാർട്ടികളുമായി ഇടഞ്ഞ് നിലക്കുന്നവരുമായിട്ടുള്ള മുസ്‌ലിം യുവാക്കളെയും സ്വീകരിച്ച് ആനയിച്ചാൽ കൂടുതൽ ന്യൂനപക്ഷങ്ങൾ പാർട്ടിയിലേക്ക് വരുന്നു എന്ന പ്രതീതി ഉണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തുന്നു.

ആളെ എണ്ണം കൂട്ടുന്നതിന് നേരത്തെ പാർട്ടിയിൽ ഉള്ളവരെയും സ്വീകരണ പരിപാടിയിൽ ലോക് സഭാ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പായി ഇത്തരം സ്വീകരണ പരിപാടികൾ എല്ലാ കീഴ്ഘടകങ്ങളും സംഘടിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Advertisment